Crime

അഞ്ച് മാസത്തിനിടെ കീര്‍ത്തനയുടെ അക്കൗണ്ടിലെത്തിയത് 15 ലക്ഷം രൂപ; വടകര എംഡിഎംഎ കേസിൽ വലിയ മീനുകൾക്കായി വലവിരിച്ച് പൊലീസ്

കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ അക്കൗണ്ട് വഴി പൊലീസ് പറയുന്ന തരത്തിലുള്ള ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നു

Madism Desk

വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസി മുൻ അധ്യാപിക കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി അഞ്ച് മാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ഇടപാടുകളുടെ പൂർണ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസും എക്‌സൈസും രജിസ്റ്റർ ചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി കീർത്തന സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞദിവസം കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ അക്കൗണ്ട് വഴി പൊലീസ് പറയുന്ന തരത്തിലുള്ള ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അവർ പറഞ്ഞു. എന്നാൽ, ചോദ്യംചെയ്യലിനിടെ അക്കൗണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘം കീർത്തനയെ കാണിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

കേസിലെ മുഖ്യസൂത്രധാരനെന്ന് അന്വേഷണസംഘം സംശയിക്കുന്ന വയനാട് സ്വദേശി ഷിന്റോയുടെ നിർദേശപ്രകാരമാണ് കീർത്തന പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ. അക്കൗണ്ടിൽ പണം എത്തിയാൽ ഇക്കാര്യം കീർത്തന ഷിന്റോയെ അറിയിക്കാറുണ്ടായിരുന്നു. തുടർന്ന് പണം അയച്ചവർക്ക് എംഡിഎംഎ കൈമാറിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ചോദ്യംചെയ്യലിനോട് കീർത്തന പൂർണമായി സഹകരിച്ചില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട ചില നിർണായക കാര്യങ്ങളിൽ വ്യക്തത വരുത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും സൂചനയുണ്ട്. രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കീർത്തനയെ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും കോടതിയിൽ ഹാജരാക്കി.

അതേസമയം പയ്യോളിയിൽ 13.56 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസിൽ വടകര എംഡിഎംഎ കേസിലെ അഞ്ചാം പ്രതി ജിജിലിനെ വടകര എൻഡിപിഎസ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ജിജിലിനെ പയ്യോളി കേസിലും പ്രതിചേർത്തത്.

വടകര എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന ജിജിലിന്റെ അറസ്റ്റ് വെള്ളിയാഴ്ച പയ്യോളി പോലീസ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പയ്യോളിയിൽ എംഡിഎംഎയുമായി പിടിയിലായ മുഹമ്മദ് ഇർഫാൻ ജിജിലിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് രണ്ടുതവണ ജിജിലിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും അന്ന് ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ, വടകര എംഡിഎംഎ കേസിൽ ജിജിൽ അറസ്റ്റിലായതോടെ പയ്യോളി പോലീസ് അന്വേഷണം ശക്തമാക്കുകയും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഇയാളെ കേസിൽ പ്രതിചേർക്കുകയുമായിരുന്നു.

കേസിൽ രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോഴിക്കോട് റൂറൽ എസ് പി മെറിൻ ജോസഫ് പറഞ്ഞു. അന്വേഷണം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും പരമാവധി തെളിവുകൾ ശേഖരിച്ചുവരികയാണെന്നും എസ് പി വ്യക്തമാക്കി. വടകര എംഡിഎംഎ കേസിൽ ഇതുവരെ നടന്ന അറസ്റ്റുകളെല്ലാം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എസ് പി കൂട്ടിച്ചേർത്തു.

The investigation team has found that transactions worth ₹15 lakh were made through the bank account of Keerthana, a former teacher at Perambra BRC, over a period of five months in the Vadakara MDMA case. The team has collected the complete details of these transactions.

The investigation also revealed that Keerthana had financial dealings with accused persons in various MDMA cases registered by the police and Excise Department in different parts of the district.