Crime

ഡല്‍ഹിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം

പ്രതികളിലൊരാളായ ആസിഫ് തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് രണ്ട് പേരും പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു.

Madism Desk

തലസ്ഥാന നഗരിയെ വീണ്ടും നടുക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കല്‍ക്കഞ്ചി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥ കുഞ്ജ് പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 17 വയസ്സുള്ള പെണ്‍കുട്ടിയെ പൊലീസെന്ന വ്യാജേനെയെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ഒരാളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി.

പെണ്‍കുട്ടിയും ആണ്‍സുഹൃത്തും കല്‍ക്കഞ്ചി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് ആസ്ഥ കുഞ്ജ് പാര്‍ക്കിലെത്തുന്നത്. ഇരുവരും പാര്‍ക്കിലിരിക്കെ, പൊലീസുകാരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേര്‍ എത്തുകയായിരുന്നു. പ്രതികളിലൊരാളായ ആസിഫ് തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് രണ്ട് പേരും പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു. തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ സംഘം മര്‍ദ്ദിക്കുകയും ഇരുവര്‍ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. അമര്‍ കോളനി പൊലീസ് സ്ഥലത്തെത്തി ഇരുവരെയും എയിംസില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളിലൊരാളായ ആസിഫിന്‍ അമര്‍ കോളനിയിലെ ഡി.എം ഓഫീസ് റോഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. പൊലീസിനെ കണ്ടതും ആസിഫ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആസിഫിനെ കാലില്‍ വെടിവെച്ചാണ് കീഴടക്കിയത്. ഇയാളെ നിലവില്‍ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗം, ഗൂഢാലോചന, മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്.

10 ദിവസത്തിനിടെ നാല് പീഡനങ്ങള്‍

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഭയാനകമായ രീതിയില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ദാരുണ സംഭവമാണിത്. സെപ്റ്റംബര്‍ പതിമൂന്നിന് സ്വരൂപ് നഗറില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാടത്ത് തള്ളി. സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാലുപേര്‍ പിടിയിലായി. സെപ്റ്റംബര്‍ 16-ന് നോര്‍ത്ത് ഡല്‍ഹി സദര്‍ ബസാറില്‍ സ്റ്റേഷനറി സാധനം വാങ്ങാനിറങ്ങിയ ആറാം ക്ലാസുകാരിയെ കടയ്ക്കുള്ളില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി പീഡിപ്പിച്ചു. സെപ്റ്റംബര്‍ 21-ന് കിഷന്‍ഗഞ്ചില്‍ ആറുവയസ്സുകാരിയെ 34-കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

A 17-year-old girl was allegedly gang-raped in Delhi's southeast Aastha Kunj Park near Kalkaji Temple on Monday night, in what is reported to be the fourth sexual assault involving a minor in the capital in 10 days. According to the report, three men allegedly posed as police officers, threatened the girl and her male friend with a gun and knife, and sexually assaulted her. The attackers also allegedly assaulted and threatened her friend when he tried to intervene.