Crime

'മരണത്തിന്റെ വ്യാപാരി'; ആത്മഹത്യയെ സഹായിക്കാന്‍ ആഗോള തലത്തില്‍ ഓണ്‍ലൈനില്‍ വിഷ വില്‍പ്പന; ഒടുവില്‍ കുറ്റസമ്മതം

ആത്മഹത്യയ്ക്ക് സഹായിച്ചെന്ന കേസില്‍ കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ ആണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

Madism Desk

ആത്മഹത്യയെ സഹായിക്കാന്‍ ഓണ്‍ലൈനില്‍ വിഷം വില്‍പന. ഉപഭോക്താക്കളായി ലോകത്തെ വിവിധ ഭാഗങ്ങളിലെ ആളുകള്‍. ഇതൊരു സിനിമ കഥയല്ല, മറിച്ച് കാനഡയിലെ കെന്നത്ത് ലോ എന്ന അറുപതുകാരന്റെ ജീവിതമാണ്. ആത്മഹത്യയ്ക്ക് സഹായിച്ചെന്ന കേസില്‍ കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ ആണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

നേരത്തെ, ഷെഫ് ആയിരുന്ന കെന്നത്ത് ലോ ഓണ്‍ലൈനിലെ ആത്മഹത്യ കൂട്ടായ്മ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്ന്. ഇതില്‍ നിന്നും പരിചയപ്പെട്ട വ്യക്തികള്‍ക്കായി 40 രാജ്യങ്ങളിലായി ഏകദേശം 1,200 പായ്ക്കറ്റ് വിഷ പദാര്‍ത്ഥങ്ങള്‍ വിറ്റു എന്നാണ് കണ്ടെത്തല്‍ ഇതില്‍ നാലിലൊന്നൂം യുകെയിലേക്കാണ് അയച്ചതെന്നും കണ്ടെത്തല്‍. കാനഡയിലെ കേസുകളില്‍ വെള്ളിയാഴ്ച ഒന്റാറിയോ കോടതിയില്‍ ഹാജരാക്കിയ കെന്നത്ത് ലോ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു.

ഇതോടെ, പ്രോസിക്യൂട്ടര്‍മാരുമായുള്ള ഒരു കരാറിന്റെ ഭാഗമായി കേസുകളിലെ ഗുരുതരമായ കൊലപാതക കുറ്റങ്ങള്‍ പിന്‍വലിച്ചതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, 79 ബ്രിട്ടീഷ് ഇരകളുടെ കുടുംബങ്ങള്‍ കെന്നത്തിനെതിരെ കൊലക്കുറ്റം ചുമത്താത്ത നടപടിയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെന്നത്ത് തന്റെ മരണ വ്യാപാരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 'മരണം ഏറ്റവും മികച്ച രീതിയില്‍ ഉറപ്പാക്കാന്‍' തന്റെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്‍പ്പെടെയായിരുന്നു ഇയാള്‍ പത്രപ്രവര്‍ത്തകന് മുന്നില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ആയിരുന്നു വിഷയത്തില്‍ വിപുലമായ അന്വേഷണം ആരംഭിച്ചത്. യുകെ, ഇറ്റലി, യുഎസ് എന്നിവയുള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളില്‍ നിന്നുള്ള അന്വേഷകരെ ഉള്‍പ്പെട്ട പത്തിലധികം വരുന്ന അന്വേഷണ ഏജന്‍സികളാണ് അന്വേഷണത്തിന്റെ ഭാഗമായത്. പിന്നാലെ 2023 മെയ് മാസത്തില്‍ കെന്നത്ത് ലോ അറസ്റ്റിലായി.

ആളുകള്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും വാഗ്ദാനം ചെയ്യുന്ന നിരവധി വെബ്സൈറ്റുകള്‍ ലോ നടത്തിയിരുന്നു എന്ന് 2023ല്‍ അന്വേഷണ ഘട്ടത്തില്‍ കനേഡിയന്‍ ഡിറ്റക്ടീവുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

കാനഡയുടെ ക്രിമിനല്‍ കോഡ് പ്രകാരം ആത്മഹത്യയെ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. സെപ്റ്റംബര്‍ 23 മുതല്‍ നിരവധി ദിവസങ്ങളില്‍ കേസുകളില്‍ ശിക്ഷാവിധി സംബന്ധിച്ച വാദം നടക്കും.

English Summary: A man in Canada has pleaded guilty to 14 counts of aiding suicide after admitting to selling toxic chemicals online that were later used by individuals to end their lives. Authorities said the accused knowingly supplied the substances through online platforms, leading to multiple deaths. The case has raised serious concerns about the regulation of hazardous chemicals sold over the internet and the need for stronger safeguards to prevent misuse.