കടം വാങ്ങിയ 32 കോടി രൂപയുടെ ബാധ്യത ഒഴിവാക്കാൻ എംഡിയെ വധിക്കാൻ ശ്രമിച്ച കേസിൽ കമ്പനിയുടെ കോ-ചെയർമാൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ പ്രവർത്തിക്കുന്ന ജി.എസ്.എം ഫോയിൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനെയാണ് കോ-ചെയർമാൻ സാഗർ ഭാനുശാലി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിലെത്തിയ അക്രമിസംഘം പർമാറിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്കിന് തകരാർ സംഭവിച്ചതോടെ പദ്ധതി പാളുകയും അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ പർമാറിന്റെ തോളിൽ വെടിയേറ്റു. 46-കാരനായ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കമ്പനിയുടെ പൂർണ നിയന്ത്രണം സ്വന്തമാക്കുകയും എംഡിക്ക് നൽകാനുണ്ടായിരുന്ന 32 കോടി രൂപ തിരികെ നൽകാതിരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകശ്രമമെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. കേസിൽ സാഗർ ഭാനുശാലി ഉൾപ്പെടെ ഏഴംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഹരി വിപണിയിലുണ്ടായ വൻ നഷ്ടത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതാണ് പ്രതിയായ സാഗർ ഭാനുശാലിയെ കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞു.
അടുത്തിടെ വിവിധ വ്യക്തികളിൽ നിന്നായി 55 കോടി രൂപയാണ് സാഗർ കടമായി വാങ്ങിയത്. ജിഎസ്എം ഫോയിൽസിലെ തന്റെ ഓഹരി 32 കോടി രൂപയ്ക്ക് വാങ്ങണമെന്ന് സാഗർ പലതവണ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ തുക കടമായി വാങ്ങി. എന്നാൽ പണം തിരികെ നൽകുന്നതിനു പകരം ബാധ്യത ഒഴിവാക്കാൻ എംഡിയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടുന്നതിനൊപ്പം കമ്പനിയുടെ പൂർണ നിയന്ത്രണവും സ്വന്തമാക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഇതിനായി 40 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാടക കൊലയാളികളെ ഏർപ്പെടുത്തിയ സാഗർ, അഡ്വാൻസായി അഞ്ച് ലക്ഷം രൂപ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർക്കെതിരായ വധശ്രമവും ഡയറക്ടറുടെ അറസ്റ്റും ജിഎസ്എം ഫോയിൽസിന്റെ ഓഹരിയിൽ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 20 ശതമാനം വരെ ഇടിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
The Co-Chairman of a company has been arrested for allegedly plotting to murder the Managing Director to avoid repaying a ₹32 crore debt. The victim, GSM Foils Managing Director Mohan Singh Parmar, was allegedly targeted by a contract killing gang hired by Co-Chairman Sagar Bhanushali at the company's facility in Vasai, Palghar district, Maharashtra. The assailants, who arrived on a motorcycle, allegedly attempted to shoot Parmar, but the attack failed after the firearm malfunctioned, forcing them to flee the scene