പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ആർ വീരമണിക്കെതിരെ പുതിയ പരാതി. പത്ത് വർഷം മുമ്പ് തന്റെ മകൾ ജീവനൊടുക്കാൻ കാരണം വീരമണിയുടെ ലൈംഗിക പീഡനമാണെന്ന് ആരോപിച്ച് അമ്മ ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
ജെം ഗ്രാനൈറ്റ്‌സിന്റെ സ്ഥാപകനായ വീരമണിക്കെതിരെ ഇതിനകം പത്ത് പെൺകുട്ടികൾ ലൈംഗിക ചൂഷണം സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പുതിയ പരാതിയിൽ പറയുന്നതനുസരിച്ച്, അന്ന് പ്ലസ് ടു വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയുടെ പഠനച്ചെലവുകൾ വീരമണി വഹിച്ചിരുന്നു. സാമ്പത്തിക സഹായം നൽകുന്നതിന്റെ മറവിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ ആരോപണം.
സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന മകൾ 2016ൽ ജീവനൊടുക്കിയെന്നും പരാതിയിൽ പറയുന്നു. അന്ന് ചെന്നൈയിലെ ഐസ് ഹൗസ് പോലീസ് സ്റ്റേഷനിൽ വീരമണിക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ലെന്നാണ് അമ്മയുടെ ആരോപണം. 2017ലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടപ്പോൾ പരാതി നഷ്ടപ്പെട്ടുവെന്നാണ് പിന്നീട് അറിയിച്ചതെന്നും പരാതിയിൽ പറയുന്നു.
പുതിയ പരാതി വീരമണിക്കെതിരായ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മിഷണർ പി.സി. തേൻമൊഴിയുടെ നേതൃത്വത്തിലുള്ള വനിതകൾ ഉൾപ്പെട്ട നാലംഗ എസ്.ഐ.ടിയാണ് കേസുകൾ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, രണ്ട് വർഷം മുമ്പ് വീരമണിക്കെതിരെ പരാതി നൽകിയിരുന്ന കോൺഗ്രസ് നേതാവ് രഞ്ജൻകുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. എഗ്മോർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഏകദേശം ഒൻപത് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം, തന്റെ കൈവശമുണ്ടായിരുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി രഞ്ജൻകുമാർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് 11 മാസത്തിന് ശേഷമാണ് വീരമണിയെയും സഹായി ശാന്തിയെയും ശാന്തിയുടെ ഭർത്താവ് മഹേന്ദ്ര സിംഹനെയും ജെം ഗ്രാനൈറ്റ്‌സിലെ മുൻ ജീവനക്കാരൻ ഗണേശനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ ദൃശ്യങ്ങളോ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൈബർ പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
A fresh serious complaint has been filed against R. Veeramani, founder of Gem Granites, who is currently in remand in a case involving the alleged sexual abuse of minor girls. In a complaint submitted to the Chennai Police Commissioner, a mother has alleged that Veeramani called her Plus Two student daughter to his house under the pretext of covering her educational expenses and sexually abused her. She further alleged that her daughter, who was left mentally devastated, died by suicide in 2016.