ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് എന്ന ക്രൂരതയുടെ കാടൻ രൂപം ഇപ്പോഴും ഒരു ഭീകര യാഥാർത്ഥ്യമായി തുടരുകയാണ്. സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാരോട് കാണിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ, അപമാനങ്ങൾ, ക്രൂരമായ ആജ്ഞകൾ... ഇവയെല്ലാം പലപ്പോഴും യുവമനസുകളെ മാരകായി മുറിവേൽപ്പിച്ച്, ജീവിതം അവസാനിപ്പിക്കാനുള്ള പ്രേരണയാകുന്നു.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ മാത്രം രാജ്യവ്യാപകമായി 51 മരണങ്ങൾ റാഗിങുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മെഡിക്കൽ കോളേജുകൾ റാഗിങ്ങിൻറെ ഏറ്റവും വലിയ ഹോട്ട് സ്പോട്ടുകളായി മാറുന്നു എന്നതാണ് ഭയാനകമായ വസ്തുത.
ഒരു ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് റാഗിങിനെതിരെ ആദ്യമായി കർശനമായ ഒരു നിയമം വരുന്നത്. 1996 നവംബർ 7. തമിഴ്നാട്ടിലെ ചെന്നൈ നഗരം ദീപാവലി ആഘോഷങ്ങളുടെ തിരക്കിലേക്ക് വഴുതി വീഴാൻ തുടങ്ങിയ സമയം. മന്ദവെലി പൊലീസ് സ്റ്റേഷനിലെ ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നു. മന്ദവെലി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ബസിന്റെ പിൻസീറ്റിനടിയിൽ അനാഥമായി കിടക്കുന്ന ഒരു ട്രാവൽ ബാഗിനെക്കുറിച്ചായിരുന്നു ആ അടിയന്തര സന്ദേശം.
ബാഗിൽ നിന്ന് വമിക്കുന്ന ദുർഗന്ധവും ചോരപ്പാടുകളും കണ്ട യാത്രക്കാർ ഭയന്നുവിറച്ചിരുന്നു. പോലീസ് കുതിച്ചെത്തി. വിറയ്ക്കുന്ന കൈകളോടെ ആ ബാഗ് തുറന്നപ്പോൾ കണ്ട കാഴ്ച പൊലീസുകാരുടെ പോലും രക്തം മരവിപ്പിക്കുന്നതായിരുന്നു. കൈകാലുകളോ തലയോ ഇല്ലാത്ത ഒരു മനുഷ്യശരീരത്തിന്റെ ഉടൽ ഭാഗം മാത്രമായിരുന്നു അതിൽ. അത് ഒരു സാധാരണ കൊലപാതകമല്ലായിരുന്നു. അത് റാഗിങ് എന്ന ക്രൂരതയുടെ ഏറ്റവും ഭയാനകമായ മുഖമായിരുന്നു.
ഇന്ത്യയെ മുഴുവൻ നടുക്കിയ ഈ സംഭവമാണ് പൊൻ നവരസു കൊലപാതകം. റാഗിങ് എന്ന ക്രൂരതയ്‌ക്കെതിരെ ആദ്യ നിയമം വരാൻ കാരണമായ ഈ ദുരന്തം തമിഴ്നാട്ടിലെ ചിദംബരം രാജാ മുത്തയ്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന പൊൻ നവരസുവിന്റെ ജീവനെടുത്തു. അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫസർ പി.കെ. പൊന്നുസ്വാമിയുടെ പ്രിയപ്പെട്ട മകനായിരുന്നു.
നവംബർ ആറാം തീയതി നവരസു വീട്ടിലേക്ക് വിളിച്ചിരുന്നു. “അപ്പാ, നാളെ ദീപാവലി വെക്കേഷൻ തുടങ്ങുകയാണ്, ഞാൻ വരുന്നുണ്ട്...” എന്നതായിരുന്നു ആ സന്ദേശം. പക്ഷേ നവംബർ ഏഴാം തീയതി കഴിഞ്ഞിട്ടും നവരസു വീട്ടിലെത്തിയില്ല. മകൻ തിരക്കിലായിരിക്കും എന്ന് കരുതി അച്ഛൻ സമാധാനിച്ചു. എന്നാൽ പത്താം തീയതി ആയിട്ടും മകനെ കാണാതായതോടെ ആ അച്ഛൻ ചിദംബരത്തേക്ക് തിരിച്ചു.
ഹോസ്റ്റലിൽ എത്തി നോക്കിയപ്പോൾ നവരസുവിന്റെ മുറി പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങളും സാധനങ്ങളുമാണ്. അവൻ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിട്ടില്ല എന്ന് അതോടെ ഉറപ്പായി. അച്ഛൻ പോലീസിൽ പരാതി നൽകി. അപ്പോഴേക്കും മന്ദവെലിയിൽ നിന്ന് ലഭിച്ച ഉടൽ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
നവരസുവിനെ കാണാതായതോടെ സുഹൃത്തുക്കളിൽ നിന്ന് ഒരു പേര് പോലീസിന് ലഭിച്ചു. ജോൺ ഡേവിഡ്. അതേ കോളേജിലെ സീനിയർ വിദ്യാർത്ഥി. ജൂനിയർ കുട്ടികളെ ക്രൂരമായി റാഗ് ചെയ്യുന്നതിൽ കുപ്രസിദ്ധനായിരുന്നു ജോൺ. ഭയം നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആരും അവനെ നോക്കിയിരുന്നില്ല. എന്നാൽ നവരസു വ്യത്യസ്തനായിരുന്നു. വലിയൊരു പദവിയിലിരിക്കുന്ന അച്ഛന്റെ മകനായതുകൊണ്ടും, റാഗിങ് നിയമവിരുദ്ധമാണെന്ന ബോധ്യമുള്ളതുകൊണ്ടും നവരസു ജോൺ ഡേവിഡിന് വഴങ്ങിയില്ല.
തന്റെ മുന്നിൽ തലകുനിക്കാത്ത ആ ജൂനിയർ പയ്യൻ ജോൺ ഡേവിഡിന്റെ ഈഗോയെ വല്ലാതെ മുറിവേൽപ്പിച്ചു. പകയോടെ അവൻ അവസരത്തിനായി കാത്തിരുന്നു. നവംബർ 6, വൈകുന്നേരം നവരസു കോളേജ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയ സമയം. ജോൺ ഡേവിഡ് സൗഹൃദം നടിച്ച് നവരസുവിനെ സമീപിച്ചു. “നമുക്കിടയിലെ പ്രശ്നങ്ങളെല്ലാം തീർക്കാം” എന്ന് പറഞ്ഞ് അവൻ നവരസുവിനെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു.
മറ്റുള്ളവർ ടിവി കാണാൻ പോയ സമയം നോക്കി മുറി ലോക്ക് ചെയ്ത ജോൺ ഡേവിഡിന്റെ ഭാവം മാറി. അവൻ നവരസുവിനോട് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആജ്ഞാപിച്ചു. ശേഷം തന്റെ ഷൂസ് നക്കി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. അപമാനത്താൽ നവരസു അത് നിരസിച്ചു. “ഞാൻ ഒരിക്കലും അത് ചെയ്യില്ല” എന്ന് നവരസു ഉറപ്പിച്ചു പറഞ്ഞു.
പ്രകോപിതനായ ജോൺ ഡേവിഡ് നവരസുവിന്റെ തലയ്ക്ക് ശക്തമായി അടിച്ചു. ആ ഒരൊറ്റ അടിയിൽ നവരസു എന്ന പത്തൊമ്പതുകാരൻ തറയിൽ വീണു. മിടിപ്പ് നിലച്ചു. തന്റെ റൂമിൽ വെച്ച് ഒരു കൊലപാതകം നടന്നുവെന്ന യാഥാർത്ഥ്യം ജോൺ ഡേവിഡിനെ ഭയപ്പെടുത്തി. മൃതദേഹം ഒളിപ്പിക്കാൻ അവൻ തീരുമാനിച്ചു.
കോളേജ് ലാബിൽ നിന്ന് മോഷ്ടിച്ച സർജിക്കൽ കത്തികൾ ഉപയോഗിച്ച്, ഒരു ഡോക്ടർ ആകാൻ കൊതിച്ച ആ വിദ്യാർത്ഥിയുടെ ശരീരം ജോൺ ഡേവിഡ് കഷണങ്ങളാക്കി. തലയും കൈകാലുകളും വെട്ടിമാറ്റി. തല ഒരു കവറിലും, കൈകാലുകൾ മറ്റൊരു കവറിലും, ഉടൽ ഭാഗം ഒരു വലിയ ട്രാവൽ ബാഗിലും ആക്കി. ചോരപ്പാടുകൾ മായ്ച്ച്, അന്ന് രാത്രി തന്നെ അവൻ ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി.
യാത്രയ്ക്കിടയിൽ തലയും കൈകാലുകളും വിജനമായ സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞു. എന്നാൽ ഉടൽ അടങ്ങിയ വലിയ ബാഗ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ അവന് സാധിച്ചില്ല. ചെന്നൈയിൽ ഇറങ്ങിയ അവൻ, മന്ദവെലി ബസ് സ്റ്റാൻഡിലെ ഒരു ബസ്സിൽ കയറി ആ ബാഗ് സീറ്റിനടിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
നവംബർ 11-ന് മന്നാർകുടി മജിസ്ട്രേറ്റിന് മുന്നിൽ ജോൺ കീഴടങ്ങി. പൊലീസ് കസ്റ്റഡിയിൽ ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ജോൺ കുറ്റം ഏറ്റുപറഞ്ഞു. നവരസുവിന്റെ ശരീരഭാഗങ്ങൾ പലയിടങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു. ഡിഎൻഎ ടെസ്റ്റിലൂടെ അത് നവരസു തന്നെയാണെന്ന് ഉറപ്പിച്ചു. 1998 മാർച്ചിൽ വിചാരണ കോടതി ജോൺ ഡേവിഡിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഈ ഒരൊറ്റ കേസോടെ1997-ൽ തമിഴ്നാട് പ്രോഹിബിഷൻ ഓഫ് റാഗിങ് ആക്ട് പാസാക്കി. ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല റാഗിങ് നിരോധന നിയമമായിരുന്നു അത്. പിന്നീട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) രാജ്യവ്യാപകമായ നിയമങ്ങൾ കൊണ്ടുവന്നു. പക്ഷേ അവ കടലാസിൽ ഒതുങ്ങി.
1996-ലെ ഈ ദുരന്തത്തിനു ശേഷവും റാഗിങ് മരണങ്ങൾ തുടർന്നു. 2009-ൽ ഹിമാചൽ പ്രദേശിലെ ഡോ. രാജേന്ദ്ര പ്രസാദ് മെഡിക്കൽ കോളേജിൽ ആമൻ കച്രൂ എന്ന 19 വയസ്സുള്ള ഒന്നാം വർഷ വിദ്യാർത്ഥി സീനിയേഴ്സിന്റെ ക്രൂരമായ മർദനത്തിനിരയായി മരിച്ചു. ഹോസ്റ്റലിൽ അവനെ ക്രൂരമായി മർദിച്ചതിന്റെ ഫലമായി തലയിലെ രക്തസ്രാവമാണ് മരണകാരണമായത്. ആ കേസ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. സുപ്രീം കോടതി ഇടപെട്ടു. യുജിസി-യുടെ കർശനമായ വ്യവസ്ഥകൾ വന്നു. എന്നിട്ടും റാഗിങ് നിന്നില്ല.
2022 മുതൽ 2024 വരെ 51 മരണങ്ങൾ. 2025-ലും പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മെഡിക്കൽ കോളേജുകളിൽ റാഗിങ് 30 മടങ്ങ് കൂടുതലാണ്. ഹോസ്റ്റലുകൾ, കാമ്പസുകൾ എന്നിവിടങ്ങളിൽ സിസിടിവി, അനോണിമസ് പരാതി സംവിധാനം, സെപ്പറേറ്റ് ഹോസ്റ്റലുകൾ തുടങ്ങിയ നടപടികളും റാഗിങിനെ തളയ്ക്കാൻ പര്യാപ്തമല്ലെന്നാണ് തുടരുന്ന സംഭവ പരമ്പരകൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ കലാലയങ്ങളെ നടുക്കിയ റാഗിങ് ക്രൂരതകളുടെ ചരിത്രം പരിശോധിച്ചാൽ, നിയമങ്ങൾ കർക്കശമാകുമ്പോഴും ആവർത്തിക്കപ്പെടുന്ന അരുംകൊലകളുടെ ചോരപുരണ്ട ചിത്രമാണ് തെളിയുന്നത്. 1996-ൽ ചിദംബരം മെഡിക്കൽ കോളേജിലെ പൊൻ നവരസുവിന്റെ ദാരുണമായ കൊലപാതകം രാജ്യത്താദ്യമായി റാഗിങ് വിരുദ്ധ നിയമത്തിന് വഴിതെളിച്ചുവെങ്കിലും, കലാലയങ്ങളിലെ ഈ 'കിരാത വിനോദത്തിന്' ഇന്നും അന്ത്യമായിട്ടില്ല.
ഹിമാചലിലെ അമൻ കച്ച്‌റൂവും യുപിയിലെ പല്ലവി ഗ്രോവറും ഈ ക്രൂരതയുടെ ഇരകളായി മാറിയപ്പോൾ, കേരളത്തെ ഞെട്ടിച്ചത് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണമായിരുന്നു. ദിവസങ്ങളോളം നീണ്ട ക്രൂരമായ മർദ്ദനത്തിനൊടുവിൽ സിദ്ധാർത്ഥൻ ഇല്ലാതായപ്പോൾ, അത് രാഷ്ട്രീയത്തിന്റെയും ആൾക്കൂട്ട വിചാരണയുടെയും പുതിയൊരു മുഖമാണ് തുറന്നുകാട്ടിയത്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുല മുതൽ ഐഐടികളിലെ അജ്ഞാത മരണങ്ങൾ വരെ നീളുന്ന ഈ പട്ടിക, അറിവിന്റെ ഇടങ്ങൾ ഇന്നും അരക്ഷിതമാണെന്ന ഭയാനകമായ സത്യമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.
English Summary: Ragging remains a brutal reality in Indian educational institutions, with medical colleges being the deadliest hotspots. From 2022–2024, 51 ragging-related deaths were reported, highlighting the urgent need for stricter enforcement of laws and a culture change to protect students