Crime

തൃശ്ശൂരിലെ അരുംകൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവിന്റെ സംശയം; ഉണ്ണിമായ മുന്‍പും ആക്രമിക്കപ്പെട്ടു

ആറ് മാസം മുന്‍പ് ഉണ്ണിമായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയിരുന്നു

Madism Desk

തൃശ്ശൂര്‍ ആനക്കല്ലില്‍ യുവതി ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഉണ്ണിമായയെ ഭര്‍ത്താവ് ശിവപ്രസാദ് മുന്‍പും സമാനരീതിയില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആറ് മാസം മുന്‍പ് ശിവപ്രസാദ് കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായിട്ടാണ് വ്യക്തമായിരിക്കുന്നത്. ഉണ്ണിമായയെ നിരന്തരം പ്രതി ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

ഏഴ് വര്‍ഷം മുൻപാണ് ശിവപ്രസാദും ഉണ്ണിമായയും വിവാഹിതരാവുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവര്‍ക്കും മൂന്നര വയസുകാരിയായ മകളുമുണ്ട്. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് മാര്‍ക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ്. പൂങ്കൂന്നത്ത് എയര്‍കണ്ടീഷന്‍ സര്‍വീസ് സെന്ററിലാണ് ഉണ്ണിമായ തൊഴിലെടുക്കുന്നത്. സമീപകാലത്ത് ഇരുവരും തമ്മില്‍ വലിയ വഴക്കുകളുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ശിവ പ്രസാദിന് സംശയരോഗമുണ്ടായിരുന്നുവെന്നും ഭാര്യയുടെ ഫോണ്‍ ഇയാള്‍ കൈക്കലാക്കിയിരുന്നുവെന്നും ഉണ്ണിമായയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഉണ്ണിമായ അമ്മയുടെ ഫോണായിരുന്നു അത്യാവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. പെട്ടന്ന് ദേഷ്യം വരുന്നയാളായിരുന്നുവെങ്കിലും മകളെ കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിഷുവിന് വീട്ടിലെത്തിയപ്പോള്‍ ഇത്രയധികം ക്രൂരത ഉള്ളിലുണ്ടെന്ന് കരുതിയില്ലെന്നും ഉണ്ണി മായയുടെ പിതാവ് പറഞ്ഞു. കൃത്യം നടന്ന ദിവസം കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ യുവതിയുടെ കരച്ചില്‍ കേട്ട് വീട്ടിലെത്തിയിരുന്നെങ്കിലും രോഷാകുലനായി ശിവപ്രസാദ് ഇവരെ തടയുകയായിരുന്നു.

English Summary: A woman in Thrissur was allegedly murdered by her husband, who had previously assaulted her. Police say suspicion and repeated domestic abuse led to the brutal killing