ദുബായ്: ഗതാഗതക്കുരുക്കും റോഡ് സുരക്ഷാ അപകടസാധ്യതകളും കുറയ്ക്കുന്നതിനായി ദുബായ് പോലീസുമായി സഹകരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചു. പ്രധാന ഗതാഗത നിയമലംഘനങ്ങൾക്കു മാത്രമല്ല, ദിവസേന കാണപ്പെടുന്ന ചെറിയ തോതിൽ അപകടസാധ്യത വർധിപ്പിക്കുന്ന ഡ്രൈവിംഗ് ശീലങ്ങൾക്കുമാണ് കാമ്പെയ്ൻ പ്രധാനമായും ശ്രദ്ധ നൽകുന്നത്. ടെയിൽഗേറ്റിംഗ്, പെട്ടെന്നുള്ള ബ്രേക്കിംഗ്, ശ്രദ്ധ തിരിഞ്ഞുള്ള ഡ്രൈവിംഗ്, അനാവശ്യമായ ലെയിൻ മാറ്റങ്ങൾ തുടങ്ങിയ പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുന്നത്. വ്യക്തിഗതമായി ചെറിയതായി തോന്നുന്ന ഇത്തരം ശീലങ്ങൾ റോഡ് സുരക്ഷയെയും ഗതാഗത പ്രവാഹത്തെയും ബാധിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
നിയമപ്രവർത്തനത്തിൽ മാത്രം ആശ്രയിക്കാതെ, പെരുമാറ്റപരമായ സമീപനം സ്വീകരിക്കുന്നതാണ് കാമ്പെയ്‌നിന്റെ പ്രത്യേകത. ഡ്രൈവർമാരെ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ പ്രേരിപ്പിക്കുന്നതിനായി അമ്മയുടെ സ്നേഹവും ഓർമ്മപ്പെടുത്തലും പോലുള്ള പരിചിതമായ സ്വാധീനങ്ങളെയാണ് ആശയവിനിമയത്തിൽ ഉപയോഗിക്കുന്നത്. കാമ്പെയ്‌നിന്റെ മുഖ്യകഥാപാത്രമായി “ഖസൈബ” എന്ന എമിറാത്തി വ്യക്തിത്വമാണ് അവതരിപ്പിക്കുന്നത്. മാതൃത്വപരമായ ശൈലിയിലൂടെ അറിയപ്പെടുന്ന ഈ കഥാപാത്രം, ഒരു യുവ എമിറാത്തി ഡ്രൈവറുടെ ദിനചര്യയിലൂടെ യാത്രചെയ്യുകയും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. “വോയിസ് ഓഫ് ഹിസ് മദർ ” എന്ന ആശയം ഉപയോഗിച്ച് ഡ്രൈവിംഗിലെ ഉത്തരവാദിത്വം ശക്തമാക്കുകയാണ് ലക്ഷ്യം.
റോഡ് സുരക്ഷ വലിയ നിയമലംഘനങ്ങളുമായി മാത്രം ബന്ധപ്പെടുത്തേണ്ടതല്ലെന്നും, ദിവസേനയുള്ള ചെറിയ ഡ്രൈവിംഗ് ശീലങ്ങളും നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും നിർണ്ണയിക്കുന്നതിൽ നിർണായകമാണെന്നും ആർടിഎ വ്യക്തമാക്കി. വ്യക്തിപരമായ ഉത്തരവാദിത്വബോധം വളർത്തുന്നതിലൂടെ കൂടുതൽ ബോധപൂർവമായ ഡ്രൈവിംഗ് സംസ്കാരം രൂപപ്പെടുത്തുകയെന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
ആളുകൾക്ക് പരിചിതവും വൈകാരികമായി ബന്ധപ്പെടാവുന്നതുമായ “വോയിസ് ഓഫ് ഹിസ് മദർ ” ഉപയോഗിച്ച് ഡ്രൈവിംഗ് പെരുമാറ്റത്തിൽ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. ഡിജിറ്റൽ, സിനിമ, റേഡിയോ, ഔട്ട്‌ഡോർ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാമ്പെയ്ൻ, ദൈനംദിന ഡ്രൈവിംഗ് ശീലങ്ങളോടുള്ള അവബോധം വർധിപ്പിച്ച് ദുബായിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്.
English Summary: Dubai RTA, in collaboration with Dubai Police, launched a road safety campaign using emotional messaging to improve driving behaviour and reduce minor traffic violations.