dubai-airport blast 
Global Malayali

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പതിച്ചോ? യുഎഇ-യുടെ ഔദ്യോഗിക വിശദീകരണം പുറത്ത്

എഎഫ്പി ഏജൻസി ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച പുറത്തുവിട്ട റിപ്പോർട്ടിൽ വിമാനത്താവളത്തിന് മുകളിൽ സ്ഫോടന ശബ്ദം കേട്ടതായും പുകയുയരുന്നത് കണ്ടതായും വ്യക്തമാക്കിയിരുന്നു

Madism Desk

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ഊഹാപോഹങ്ങൾക്ക് വിരാമിട്ട് അധികൃതർ. വിമാനത്താവളത്തിന് സമീപത്ത് നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളിൽ കഴമ്പില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടതായി ഒന്നും തന്നെയില്ല. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് വിമാനത്താവളം അടച്ചുപൂട്ടിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

വിമാനത്താവളത്തിൽ നിലവിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളും റിപ്പോർട്ടുകളും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും വ്യക്തമാക്കി. ഇന്റർസെപ്റ്റ് ചെയ്ത മിസൈലിന്റെ അവശിഷ്ടങ്ങൾ മൂലമുണ്ടായ പുകയാണെന്നും അതിനാൽ വിമാനത്താവളത്തിന് കാര്യമായ കേടുപാടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തെ തകർത്തു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്.

എഎഫ്പി ഏജൻസി ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച പുറത്തുവിട്ട റിപ്പോർട്ടിൽ വിമാനത്താവളത്തിന് മുകളിൽ സ്ഫോടന ശബ്ദം കേട്ടതായും പുകയുയരുന്നത് കണ്ടതായും വ്യക്തമാക്കിയിരുന്നു. ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ശബ്ദങ്ങൾ കേട്ടതായി പ്രാ​ദേശികരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം യുഎഇയുടെ എയർ ഡിഫൻസ് സിസ്റ്റം ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിക്കുന്നുണ്ടെന്നും തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ശബ്ദങ്ങളും പുകയും ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.

English Summary: UAE authorities denied reports that Iran launched a ballistic missile targeting Dubai International Airport. Officials said the smoke and explosion sounds were caused by intercepted missiles and debris, not a direct attack on the airport