India

പരീക്ഷാ ക്രമക്കേട്: രാജ്യത്ത് വിചാരണ കാത്തിരിക്കുന്നത് 158 സിബിഐ കേസുകള്‍, പല കേസുകള്‍ക്കും രണ്ട് പതിറ്റാണ്ട് പഴക്കം

അനധികൃത നിയമനം, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയവയാണ് 158 കേസുകള്‍ ഉള്‍പ്പെട്ട ഈ പട്ടികയിലുള്ളത്.

Madism Desk

പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ രാജ്യം വലിയ യുവജന പ്രക്ഷോഭം കണ്ട മാസമാണ് കടന്നുപോകുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ കലാശിച്ച സിജെപി സമരം അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം, ഫാസ്റ്റ് ട്രാക്ക് കോടതി എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഷ്‌കാരങ്ങള്‍. എന്നാല്‍ മുന്‍കാലങ്ങളിലേത് ഉള്‍പ്പെടെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് 158 കേസുകള്‍ വിചാരണ തുടങ്ങാതെ ബാക്കിയുണ്ടെന്നാണ് കണക്കുകള്‍. അനധികൃത നിയമനം, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയവയാണ് 158 കേസുകള്‍ ഉള്‍പ്പെട്ട ഈ പട്ടികയിലുള്ളത്. ഇതില്‍ ചില കേസുകള്‍ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് സിബിഐ വൃത്തങ്ങളുടെ പ്രതീക്ഷ. 2026 ലെ പബ്ലിക് എക്‌സാമിനേഷന്‍സ് (അന്യായമായ മാര്‍ഗ്ഗങ്ങള്‍ തടയല്‍) ഭേദഗതി നിയമം എന്ന പേരില്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം പ്രകാരം പ്രത്യേക ഫാസ്റ്റ്-ട്രാക്ക് കോടതികളിലേക്ക് ഈ കെട്ടിക്കിടക്കുന്ന കേസുകള്‍ മാറ്റാണ് സിബിഐ നീക്കം. ഇതിനായി രാജ്യത്തുടനീളമുള്ള ഹൈക്കോടതികളെ സമീപിക്കാന്‍ സിബിഐ തയ്യാറാകുന്നത്.

സി.ബി.ഐ അന്വേഷണം പൂര്‍ത്തിയായിട്ടും ഡല്‍ഹിയില്‍ മാത്രം ഏകദേശം 25 കേസുകളാണ് വിചാരണ കാത്തിരിക്കുന്നുണ്ട്. 2010-11 ലെ എയിംസ് പിജി റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേട്, 2011 ലെ ഡല്‍ഹി യൂണിവേഴ്സിറ്റി മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ എന്‍ട്രന്‍സ് പരീക്ഷ, 2004 ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്, 2013 ലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ റിക്രൂട്ട്മെന്റ് പരീക്ഷ, അധ്യാപക നിയമനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

നീറ്റ് 2024 പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ ഉള്‍പ്പെടെ ബീഹാറില്‍ അഞ്ച് കേസുകളാണുള്ളത്. 2003 ലും 2011 ലും പ്രീ-മെഡിക്കല്‍ ടെസ്റ്റിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളും വിചാരണ കാത്തിരിക്കുന്നുന്നു. ഹിമാചല്‍ പ്രദേശില്‍ മൂന്ന് കേസുകള്‍ ആണുള്ളത്. 2022 ലെ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് കേസും ഇതിലുണ്ട്. ജൂനിയര്‍ എഞ്ചിനീയര്‍, കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടുന്ന മൂന്ന് കേസുകള്‍ ജമ്മു കശ്മീരിലിലേതാണ്. ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അഞ്ച് കേസുകള്‍ വീതവും മഹാരാഷ്ട്രയില്‍ മൂന്ന് കേസുകളും വിചാരണ തുടങ്ങാനുണ്ട്. നീറ്റ് 2024 മായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഉള്‍പ്പെടെ - രാജസ്ഥാനില്‍ എട്ട് കേസുകളും, തമിഴ്നാട്ടില്‍ 14 കേസുകളും, ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും 10 കേസുകളും വിചാരണ കാത്തിരിക്കുകയാണ്.

കേസുകളില്‍ വിചാരണ വൈകുന്നത് നടപടികളെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് കേസിന്റെ വിജയത്തെ സ്വാധീനിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു. കാലം കഴിയുന്തോറും സാക്ഷികള്‍ പ്രായമാകുകയോ ലഭ്യമല്ലാതാവുകയോ ചെയ്യുന്നു, പലരുടെയും ഓര്‍മ്മകള്‍ മങ്ങുന്നു, ഇതോടെ പ്രതികളെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുമെന്നും വൃത്തങ്ങള്‍ പറയുന്നു.

Despite the Centre announcing reforms such as new legislation and fast-track courts following the nationwide student protests over examination irregularities, 158 cases related to exam malpractice and illegal recruitment remain pending without trial, according to official figures. Many of these cases have already been investigated by the Central Bureau of Investigation (CBI), yet court proceedings have not begun. The list includes cases involving recruitment scams and examination fraud, with some dating back more than two decades.