India

'തോട്ടിപ്പണിയിൽ' മരിച്ചത് 498 പേർ: അംഗീകരിക്കാതെ കേന്ദ്രം, മുൻകരുതൽ പാലിച്ചില്ലെന്ന് വിശദീകരണം

2024-25 കാലയളവിൽ നടത്തിയ സർവേയിൽ തോട്ടിപ്പണി ചെയ്യുന്ന ഒരാളെപ്പോലും കണ്ടെത്താനായില്ലെന്ന് കേന്ദ്രം

Madism Desk

ഇക്കഴിഞ്ഞ ഒക്ടോബറിലാണ്... കട്ടപ്പനയിൽ ഹോട്ടലിന് സമീപത്തെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട് 3 തൊഴിലാളികൾ മരിച്ചു. അതിന് മുമ്പ് കോഴിക്കോട് ചേവായൂരിലും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യമുണ്ടായി. വടക്കേ ഇന്ത്യയിൽ നിന്നും ഇതേ വാർത്തകൾ ദിവസേനയെന്നോണം കാണുന്നുമുണ്ട് നാം.

മാലിന്യ ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ ജീവൻ നഷ്ടപ്പെടുന്ന, അരക്ഷിതരായ മനുഷ്യർ ഏറെയുള്ള നാടാണ് നമ്മുടേത്. മാൻഹോളിൽ വീണ് മരിക്കുന്നവരുടെ വാർത്തകൾ നിസംഗമായി വായിച്ചു വിടുമ്പോൾ എത്രത്തോളം ഭീകരമായിരുന്നിരിക്കും അവരുടെ ജീവിതമെന്ന് ചിന്തിക്കാനുള്ള സമയം നാം നമുക്ക് നൽകാറില്ല. എന്നാൽ അത്തരം മനുഷ്യരുടെ കഥകളാണ് നമുക്ക് പരിചയമുള്ള കഥകളേക്കാൾ കൂടുതൽ എന്നത് പച്ചയായ സത്യമാണ്.

സെപ്റ്റിക് ടാങ്കും അഴുക്കുചാലുകളുമുൾപ്പെടെ, മാലിന്യ ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ, 2019 മുതൽ രാജ്യത്ത് മരിച്ചത് 498 പേരാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്രം ലോക്‌സഭയിൽ കണക്ക് അവതരിപ്പിച്ചത്. 2019 ജനുവരി 1 മുതൽ 2026 ജൂൺ 30 വരെയുള്ള കണക്കുകളാണിത്. എന്നാൽ ഈ കണക്കുകൾ നിരത്തുമ്പോഴും ഇത് മാൻഹോൾ വൃത്തിയാക്കുന്നതിനിടെ സംഭവിച്ചതാണെന്ന് സമ്മതിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. മരണങ്ങളൊന്നും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ സംഭവിച്ചതാണെന്ന് രേഖകളിലുമില്ല. റിപ്പോർട്ട് ചെയ്ത മരണങ്ങളെല്ലാം സ്വമേധയാ ഏറ്റെടുത്ത ജോലിക്കിടെ ഉണ്ടായതാണെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് നടന്നിരിക്കുന്നത് എന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

ശുചിത്വമല്ലാത്ത ടോയ്‌ലെറ്റുകൾ, ഓടകൾ, കുഴികൾ, റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ നിന്ന് മനുഷ്യ വിസർജ്യം കൈകൊണ്ട് നീക്കം ചെയ്യുന്നതിനെയാണ് 'തോട്ടിപ്പണി' എന്നത് കൊണ്ട് കേന്ദ്ര സർക്കാർ നിർവചിക്കുന്നത്. നിർദിഷ്ട സുരക്ഷാ ഉപകരണങ്ങളോ മുൻകരുതലുകളോ ഇല്ലാതെ അഴുക്കുചാലോ സെപ്റ്റിക് ടാങ്കോ കൈകൊണ്ട് വൃത്തിയാക്കുന്നതിനെ 'അപകടകരമായ ശുചീകരണം' എന്ന് മാത്രമേ കേന്ദ്രം വിശേഷിപ്പിക്കുന്നുള്ളൂ. ഈ കാറ്റഗറിയിലാണ് മേൽപറഞ്ഞ 498 മരണങ്ങളും കേന്ദ്രം രേഖപ്പെടുത്തുന്നത്.

2024-25 കാലയളവിൽ നടത്തിയ സർവേയിൽ തോട്ടിപ്പണി ചെയ്യുന്ന ഒരാളെപ്പോലും കണ്ടെത്താനായില്ലെന്ന് കേന്ദ്രം മറുപടിയിൽ പറയുന്നു. 2019ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ മാൻഹോൾ വൃത്തിയാക്കലിനിടെ നടന്നിരിക്കുന്നത്- 132 പേർ. 2020ൽ 34 പേരും, 2021ൽ 62 പേരും 2022ൽ 88 പേരും സമാനരീതിയിൽ മരണപ്പെട്ടു. 2023-ല്‍ 65-ഉം, 2024-ല്‍ 54-ഉം, 2025-ല്‍ 47-ഉം ആയിരുന്നു. 2026-ലെ ആദ്യ ആറ് മാസങ്ങളില്‍ 16 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 498 ആയി ഉയര്‍ന്നു. ഈ കണക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും തോട്ടിപ്പണി മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

2024-25 കാലയളവില്‍ നടത്തിയ സര്‍വേയില്‍ തോട്ടിപ്പണി ചെയ്യുന്ന ഒരാളെപ്പോലും കണ്ടെത്താനായില്ലെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ 2013-ലും 2018-ലും നടത്തിയ സര്‍വേകളില്‍ 17 സംസ്ഥാനങ്ങളിലായി 58,098 തോട്ടിപ്പണിക്കാരെ കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയിലധികവും ഉത്തര്‍പ്രദേശിലായിരുന്നു (32,473 പേര്‍). മഹാരാഷ്ട്രയില്‍ 6,325-ഉം ഉത്തരാഖണ്ഡില്‍ 4,988-ഉം അസമില്‍ 3,921-ഉം ആളുകളെ കണ്ടെത്തിയിരുന്നു.

ഇന്ത്യയിൽ തോട്ടിപ്പണി ഉന്മൂലനം ചെയ്യുന്നത് ലക്ഷ്യമിട്ടുകൊണ്ട് 2023 ഒക്ടോബറിൽ സുപ്രീം കോടതി 14 നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തോട്ടിപ്പണി രാജ്യത്ത് നിന്നും പൂർണമായും ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യസ്ഥതയുണ്ടെന്നും സുപ്രീം കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

It was only last October that three workers lost their lives while cleaning a manhole near a hotel in Kattappana. Before that, in Chevayur, Kozhikode, two workers met a tragic end while cleaning a septic tank. Similar reports emerge from northern India almost every day. Ours is a country where countless vulnerable workers continue to risk—and often lose—their lives while cleaning waste tanks and manholes.

We often read news reports about people dying after falling into manholes and move on without a second thought, rarely pausing to consider how horrific their lives and working conditions must have been. Yet the truth is that there are far more stories like theirs than the stories we are familiar with.