India

രാമക്ഷേത്രത്തിലെ 60 കിലോ വെള്ളിക്കട്ടകളും കാണാനില്ല! പുരോഹിതരെ ചോദ്യം ചെയ്തു, അന്വേഷണം ക്ഷേത്രത്തിന് പുറത്തേക്കും

പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച വെള്ളിക്കട്ടികളാണ് കാണാതായത്

Madism Desk

അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്കിടെ, ക്ഷേത്രത്തിന്റെ രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാതായതായി റിപ്പോർട്ട്.

'പ്രാണ പ്രതിഷ്ഠ' ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച വെള്ളിക്കട്ടികളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണം ക്ഷേത്രത്തിന് പുറത്തേക്കും വ്യാപിപ്പിച്ചേക്കും.

പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ, ജൂവലേഴ്സ് അസോസിയേഷൻ എന്ന സംഘടന രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ചോ എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

രാജ്യത്തുടനീളമുള്ള ജൂവലറികളിൽനിന്നുള്ള സംഭാവനകൾ ഉപയോഗിച്ചാണ് 60 കിലോഗ്രാം വെള്ളിക്കട്ടികൾ ക്ഷേത്രത്തിനു നൽകിയതെന്നാണ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് റസ്തോഗി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങുകളിലോ പിന്നീടുള്ള നിർമാണപ്രവർത്തനങ്ങളിലോ ഇവ കണ്ടില്ലെന്ന് അദ്ദേഹം പറയുന്നു.

യു.പി. സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് അയോധ്യയിലെ സംഭാവനാക്രമക്കേട്, സാമ്പത്തികത്തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി എസ്‌ഐടി സംഘം രാംശങ്കർ യാദവ് കൃഷ്ണദേവ് തിവാരി എന്നിവരെയും നാല് പൂജാരിമാരെയും ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും വഴിപാടുകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരി, കാണാതായ വെള്ളി കട്ടകളെക്കുറിച്ചോ, നിലവിൽ അന്വേഷണ പരിധിയിലുള്ള ഒരു മാലയെക്കുറിച്ചും തനിക്ക് അറിവില്ലെന്നാണ് മൊഴി നൽകിയത്.

ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, വജ്ര ആഭരണങ്ങൾ വ്യാജ വസ്തുക്കൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചെന്നും ക്ഷേത്ര ശേഖരണങ്ങളിൽ നിന്ന് പണമായി ലഭിച്ച സംഭാവനകൾ തട്ടിയെടുത്തെന്നുമാണ് പ്രധാൻ ആരോപണം . ജൂൺ ഏഴിന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടതായി ആരോപിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെത്തുടർന്ന്, ജൂൺ 13 ന് ഉത്തർപ്രദേശ് സർക്കാർ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ എസ്‌ഐടി രൂപീകരിക്കുകയായിരുന്നു.

Summary: Amid allegations of large-scale irregularities involving donations and valuables received by the Ram Mandir in Ayodhya, reports say that 60 kg of silver bars are missing from the temple's records.

The missing silver bars were reportedly offered to Ram Lalla during the Pran Pratishtha ceremony. The investigation may now be expanded beyond the temple premises.

The silver bars were donated by the Jewellers Association during the consecration ceremony and were intended to be used in the temple's foundation-laying rituals. A Special Investigation Team (SIT) has been probing the current status of these silver bars and related records for the past six days. However, investigators have so far been unable to determine where the bars are or what exactly happened to them.