പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്ന കോക്രോച്ച് ജനത പാര്‍ട്ടിയെ ബിജെപി സർക്കാർ മുളയിലേ നുള്ളി കളയുമെന്ന് നേരത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയതാണ്. തുടക്കത്തിൽ വെറും സോഷ്യൽ മീഡിയ ശബ്ദമെന്ന് തോന്നിച്ച കോക്രോച്ച് കൂട്ടായ്മ പതുക്കെ രാഷ്ട്രീയത്തിലേക്കുള്ള കൃത്യമായ ചുവടുമാറ്റം നടത്തുകയായിരുന്നു. ഒരുപടികൂടി മുന്നോട്ട് കടന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർമന്തറിലെ പ്രതിഷേധം രാജ്യത്തെ ഭരണ വിരുദ്ധ കൂട്ടായ്മയെ ശക്തിപ്പെടുത്തുമെന്ന് സർക്കാർ വിലയിരുത്തുന്നുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലെ കോക്രോച്ച് പാർട്ടിയെ പിന്തുണക്കുന്നതിൽ പുതുതലമുറയുടെ പങ്കും ബിജെപി വിലയിരുത്തിയിട്ടുണ്ട്.
രാഷ്ട്രീയ എതിരാളികളെ രാജ്യത്ത് പൊതുവെ നേരിടാറുള്ളരീതിയിൽതന്നെയാണ് കോക്രോച്ച് പാർട്ടിയെയും മോദി സർക്കാർ ഒതുക്കുനുള്ള തീരുമാനം എന്നാണ് വിലയിരുത്തുന്നത്. ജന്തർമന്തിറിലെ പ്രതിഷേധത്തിനായി അമേരിക്കയിൽനിന്ന് ഡൽഹിയിലെത്തുന്ന പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിഷേധം നടന്നാൽ ക്രമ സമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അഭിജീതിനെ കരുതൽ തടങ്കലിൽവെക്കുമെന്നാണ് പൊലീസ് ഭാഷ്യം. കോക്രോച്ച് പാർട്ടിയുടെ നീക്കങ്ങളെ കേന്ദ്രം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ ജൂൺ ആറിന് താൻ നാട്ടിലെത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിജീത് ഇന്നലെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെത്തുന്നതിന് പിന്നാലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്നാണ് ദീപ്‌കേ വീഡിയോയിലൂടെ അനുയായികളെ അഭിസംബോധന ചെയ്തത്. തിരിച്ചവരുമ്പോള്‍ പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നതില്‍ ബോധവാനാണെന്നും, എന്നാലും തിരികെ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ സിജെപിയുടെ ആദ്യ ഔദ്യോഗിക കൂടിച്ചേരൽ നടക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സമ്മേളനം നടന്നില്ലെങ്കിലും സംഘടിതമായ രാഷ്ട്രീയ പ്രവർത്തനത്തിന് തങ്ങളൊരുങ്ങുകയാണെന്ന സൂചനകളാണ് സിജെപി ഈ നീക്കങ്ങളിലൂടെ നൽകുന്നത്. കൃത്യമായ ലക്ഷ്യങ്ങളോടെയാണ് സിജെപിയുടെ മുന്നോട്ട് പോക്ക്. കഴിഞ്ഞ ദിവസം ഹരിയാനയിലെ അഭിഭാഷകൻ പാർട്ടി രജിസ്റ്റർ ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരമാണ് അപേക്ഷിച്ചത്.
ജനസംഖ്യയിൽ 40 ശതമാനവും കയ്യടക്കുന്ന ജെൻസിയുടെ വ്യാപക പിന്തുണ കൊണ്ടും കൃത്യമായ പൊളിറ്റിക്കൽ സ്ട്രാറ്റജി കൊണ്ടും മുന്നേറുന്ന കോക്രോച്ച് പാർട്ടി വെറുമാരു ആക്ഷേപഹാസ്യത്തിൽ നിന്ന് സജീവ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരം പ്രാപിക്കുമോ എന്ന പേടി ഭരണകൂടത്തിനുമുണ്ട്. പാർട്ടിയുടെ സമൂഹമാധ്യമ ഹാൻഡിലുകൾ കേന്ദ്രം ഇടപെട്ട് വിലക്കുന്നത് ഇതാണ് ചൂണ്ടിക്കാട്ടുന്നത്.
English Summary: The Cockroach Janata Party (CJP) is moving from a social media movement towards active politics, attracting national attention.
Founder Abhijeet Deepke says he will return to India on June 6 despite reports that he could be arrested. The party plans a protest at Jantar Mantar and is also seeking official registration with the Election Commission. Growing support among young people has raised questions about CJP's potential emergence as a new political force.