മുംബൈ: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ കുടുംബവീട്ടിനു പൊലീസ് കാവൽ ശക്തമാക്കി. അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വസതിക്കാണ് 24 മണിക്കൂറും സുരക്ഷ നൽകുന്നതിനായ വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിരിക്കുന്നത്. നിലവിൽ അമേരിക്കയിലെ ബോസ്റ്റണിൽ വിദ്യാർഥിയാണ് അഭിജീത്ത്. തീവ്ര ഹിന്ദുത്വവാദികളിൽനിന്ന് അഭിജീത്തിന് ശക്തമായ ഭീഷണിയുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പിന്നാലെയാണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പങ്കജ് അതുൽക്കറിന്റെ നേതൃത്വത്തിൽ സുരക്ഷ നൽകാനുള്ള തീരുമാനം പുറത്തുവരുന്നത്.
'ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള ഭീഷണികൾ ലഭിക്കുന്നുണ്ട്. ചിലർ എന്റെ വീടിനു മുന്നിൽ എത്തിയതായി കാണിക്കുന്ന വിഡിയോ സന്ദേശങ്ങളും ലഭിച്ചു. എന്റെ വ്യക്തിപരമായ തീരുമാനങ്ങൾ കാരണം മാതാപിതാക്കൾ ബുദ്ധിമുട്ടരുതെന്ന്' നേരത്ത അഭിജീത്ത് പറഞ്ഞിരുന്നു. പിന്നാലെയാണ് മഹാരാഷ്ട്രയിലെ വീടിന് മുന്നിൽ യുവാക്കൾ തടിച്ചുകൂടിയത്. ആളുകൾ വീടിനും പരിസരത്തും കൂടി നിൽക്കുന്നത് കർശനമായി നിരോധിക്കുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പങ്കജ് അതുൽക്കർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ആരും ഇത്തരത്തില്‍ വീടിന് മുന്നില്‍ തടിച്ചുകൂടരുതെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
സമീപ ദിവസങ്ങളിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന പേരും അതിന്റെ വ്യത്യസ്ത രാഷ്ട്രീയ പ്രചാരണ ശൈലിയും സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ബിജെപി വിരുദ്ധ ചേരിയായ ആംആദ്മി പാർട്ടിയിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള അഭിജീത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണിയും ഇതോടെ രൂക്ഷമാണ്. സ്ഥാപകനെതിരെ സൈബർ ആക്രമണം ശക്തമായതോടെ നിരവധി യുവാക്കൾ സംഘടനയെ പിന്തുണച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. തീവ്ര വലതുപക്ഷമാണ് കോക്രോച്ച് നിക്കങ്ങളെ തടയിടാൻ ശ്രമിക്കുന്നതെന്നാണ് കോക്രോച്ച് പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.
തങ്ങളുടെ ഡിജിറ്റൽ കൂട്ടായ്മയെ അടിച്ചമർത്താൻ ഏകോപിത ശ്രമങ്ങൾ നടക്കുന്നുവെന്ന് അഭിജീത്തും വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ഒന്നുകിൽ ഹാക്ക് ചെയ്യപ്പെട്ടതോ അല്ലെങ്കിൽ നീക്കംചെയ്യപ്പെട്ടതോ ആണെന്ന് അദ്ദേഹം ആരോപിച്ചു. നിലവിൽ സംഘടനയുടെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Police have tightened security at the Maharashtra residence of Abhijeet Dipke, founder of the viral “Cockroach Janata Party” (CJP), following alleged threats and rising tensions on social media. Dipke, currently a student in Boston, claimed he received threatening messages and videos showing people outside his family home. The controversy intensified after allegations of cyberattacks targeting the party’s website and social media accounts. Supporters accuse right-wing groups of attempting to suppress the movement, while police have imposed strict monitoring around the residence to prevent gatherings and maintain law and order.