India

അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ വൻ പിരിച്ചുവിടൽ; പകുതിയോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പിരിച്ചുവിടല്‍ അറിയിച്ചത്. ആദ്യ ഗ്രൂപ്പിലുള്ള ജീവനക്കാര്‍ക്ക് അന്നേ ദിവസം തന്നെ പിരിച്ചുവിടല്‍ കത്തുകള്‍ നല്‍കി. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പിനോട് ഡിസംബര്‍ വരെ കമ്പനിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Madism Desk

ഇന്ത്യയിലെ ജീവനക്കാരില്‍ പകുതിയോളം പേരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ആഗോള കായിക ബ്രാന്‍ഡായ അഡിഡാസ്. ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്ത്യ ടെക് ഹബ്ബിലെ' ജീവനക്കാരില്‍ പകുതിയോളം (ഏകദേശം 45% - 50%) പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റാ എന്‍ജിനീയര്‍മാര്‍ എന്നിവരെയാണ് ഈ നടപടി പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലെ സാങ്കേതിക വിഭാഗത്തിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് അഡിഡാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേരെയാണ് ഒഴിവാക്കിയതെന്ന കൃത്യമായ കണക്ക് കമ്പനി പരസ്യമാക്കിയിട്ടില്ല. ഹബ്ബില്‍ ജോലി ചെയ്യുന്ന 700 ഓളം ജീവനക്കാരില്‍ 300 മുതല്‍ 350 വരെ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

പിരിച്ചുവിടലിന് പിന്നിലെ കാരണങ്ങള്‍

ബിസിനസ് രംഗത്ത് വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി കമ്പനിയുടെ പ്രവര്‍ത്തന രീതി പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അഡിഡാസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും കൂടുതല്‍ നിര്‍ണായകമായ സാങ്കേതിക ശേഷികള്‍ ശക്തിപ്പെടുത്താനും സാങ്കേതിക വിദ്യയും ബിസിനസ് അന്തരീക്ഷവും മാറുന്നതിനനുസരിച്ച് കമ്പനിയെ ദീര്‍ഘകാല വിജയത്തിലേക്ക് നയിക്കാനുമാണ് ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യ തങ്ങള്‍ക്ക് എന്നും തന്ത്രപ്രധാനമായ വിപണിയാണെന്നും കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും വളര്‍ച്ചയിലും ടെക് ഹബ്ബിന്റെ പങ്ക് വലുതാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 15-ന് നടന്ന കമ്പനിയുടെ ടൗണ്‍ ഹാള്‍ യോഗത്തിലാണ് പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാരെ അറിയിച്ചത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പിരിച്ചുവിടല്‍ അറിയിച്ചത്. ആദ്യ ഗ്രൂപ്പിലുള്ള ജീവനക്കാര്‍ക്ക് അന്നേ ദിവസം തന്നെ പിരിച്ചുവിടല്‍ കത്തുകള്‍ നല്‍കി. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പിനോട് ഡിസംബര്‍ വരെ കമ്പനിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ടെക് ഹബ്ബുകളിലെ ജീവനക്കാര്‍ക്ക് ചുമതലകള്‍ കൈമാറുന്നതിനും ഒപ്പം സ്ഥാപനത്തിനുള്ളില്‍ തന്നെ മറ്റു തസ്തികകള്‍ കണ്ടെത്തുന്നതിനുമാണ് ഇവര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 15-നകം പുതിയ തസ്തിക ലഭിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം അന്ന് തന്നെയായിരിക്കും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയെക്കുറിച്ചോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

2021-ല്‍ തുടക്കം, അഞ്ച് വര്‍ഷത്തിന് ശേഷം തിരിച്ചടി

അഡിഡാസിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി മികച്ച ടെക്, എന്‍ജിനീയറിങ് കഴിവുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 2021-ലാണ് ഗുരുഗ്രാമില്‍ ഈ ഗ്ലോബല്‍ എന്‍ജിനീയറിങ് ടെക് ഹബ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിങ് ആസ്ഥാനവും ഇവിടെ തന്നെയാണ്. 2024-ല്‍ ചെന്നൈയില്‍ ഒരു ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് സെന്റര്‍ ആരംഭിച്ചതുള്‍പ്പെടെ ഇന്ത്യയില്‍ വന്‍ വികസനം നടത്തുന്നതിനിടയിലാണ് ടെക് വിഭാഗത്തില്‍ പെട്ടെന്നുള്ള ഈ വെട്ടിച്ചുരുക്കല്‍. ആഗോള സാങ്കേതിക വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും ചെലവ് ചുരുക്കല്‍ നടപടികളുമാണ് പ്രമുഖ ആഗോള ബ്രാന്‍ഡുകളെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത് എന്നതിന്റെ തെളിവാണ് അഡിഡാസിലെ ഈ പുതിയ നീക്കം.

Global sportswear giant Adidas is reportedly planning to cut around 45%–50% of its workforce at its India Tech Hub in Gurugram, potentially affecting 300–350 of the hub’s roughly 700 employees. Software engineers, data scientists and data engineers are among those primarily affected. Adidas has confirmed that it is reducing technology roles in India but has not disclosed the exact number of positions being eliminated. The company said the restructuring is aimed at simplifying operations, strengthening critical technology capabilities and adapting to rapid changes in the business and technology environment. Adidas also stressed that India remains a strategically important market and that the Gurugram tech hub continues to play an important role in its digital transformation and growth.