എപ്സ്റ്റീൻ ഫയലിൽ പേര് പരാമർശിച്ചതിൽ പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. 2017ൽ ബീജിംഗിൽ നടന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പേര് പ്രതിപാദിച്ചിരിക്കുന്നത്. തനിക്ക് ഇതേക്കുറിച്ച് ഒരു ധാരണയുമില്ലെന്നും താൻ ബീജിംഗിൽ പോയിട്ടുമില്ലെന്നാണ് അനുരാഗ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന ക്ലിക്ക് ബൈറ്റുകൾ തന്റെ സിനിമകളേക്കാൾ പ്രശസ്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.
തന്നെ പ്രസംഗങ്ങൾക്കായി മാസത്തിൽ പതിനഞ്ച് വേദികളിലേക്കെങ്കിലും ക്ഷണിക്കാറുണ്ട്. എന്നാൽ താൻ അപൂർവ്വമായി മാത്രമാണ് ഇതിനൊക്കെ മറുപടി നൽകാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പുറത്തു വന്നിരിക്കുന്ന രേഖകൾ റാൻഡം ഇ-മെയിൽ ആണ്. അതിൽ നിന്നു തന്നെ ഇതിന്റെ സത്യാവസ്ഥകൾ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസ്ഥാന്‍ ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗിന്റെ പ്രതികരണം.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളും, ഇ-മെയിലുകളും, ഇരകളുടെ മൊഴികളും, ചിത്രങ്ങളും ഉൾപ്പെട്ട എപ്സ്റ്റീൻ ഫയൽസിൽ ലോകത്തെ പല പ്രമുഖ വ്യക്തികളുടെ പേരുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അനുരാഗിന് പുറമെ സിനിമാ മേഖലയില്‍ നിന്ന് മീര നായര്‍, നന്ദിത ദാസ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേൾക്കുന്നുണ്ട്.
English Summary: Bollywood filmmaker Anurag Kashyap responded to reports linking his name to the Epstein Files, dismissing them as baseless clickbait.