India

441 കേസുകളിലായി 524 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി; അസമിൽ ശൈശവ വിവാഹത്തിനെതിരെ വ്യാപക നടപടി

ശൈശവവിവാഹത്തിൽ പങ്കെടുത്ത വരന്മാർക്കും വിവാഹം നടത്തിക്കൊടുക്കുകയും അതിന് സഹായം നൽകുകയും ചെയ്തവർക്കുമെതിരെയാണ് നടപടി.

Madism Desk

അസമിൽ ശൈശവവിവാഹം തടയുന്നതിനായി പൊലീസ് നടപടി ശക്തമാക്കി സംസ്ഥാന സർക്കാർ. ഒക്ടോബർ 27 വരെയുള്ള കണക്കുകൾ പ്രകാരം 441 കേസുകളിലായി 524 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ശൈശവവിവാഹത്തിൽ പങ്കെടുത്ത വരന്മാർക്കും വിവാഹം നടത്തിക്കൊടുക്കുകയും അതിന് സഹായം നൽകുകയും ചെയ്തവർക്കുമെതിരെയാണ് നടപടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധനകൾ തുടരുകയാണ്.

ശൈശവവിവാഹത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായവർക്കെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാധകമായ കേസുകളിൽ പോക്സോ നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ശൈശവവിവാഹം പൂർണമായി തുടച്ചുനീക്കുന്നതുവരെ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അറസ്റ്റുകളിലും കേസുകളിലും വർധനയുണ്ടായിട്ടുണ്ട്. 2024-ലെ ക്യാമ്പയിനിൽ 363 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്ന് 432 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണ 113 കേസുകളും 125 അറസ്റ്റുകളും അധികമായി രേഖപ്പെടുത്തി. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈശവവിവാഹം ഇല്ലാതാക്കുന്നതിനായി എല്ലാ വർഷവും പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

പരിശോധനകളും നിയമനടപടികളും തുടരുമെന്നും ഇത്തരം വിവാഹങ്ങൾ സംസ്ഥാനത്ത് പൂർണമായി അവസാനിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ശൈശവവിവാഹ സംഭവങ്ങൾ കുറയുന്നതായാണ് സർക്കാർ വിലയിരുത്തൽ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ 20 ജില്ലകളിലെ 1,132 ഗ്രാമങ്ങളിൽ ശൈശവവിവാഹ കേസുകൾ 81 ശതമാനം കുറഞ്ഞതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ശൈശവവിവാഹത്തിനെതിരായ ബോധവത്കരണവും പൊലീസ് പരിശോധനകളും കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.