കാലങ്ങളായി നിലനിന്നിരുന്ന ഭോജ്‌ശാല-കമാൽ മൗല മസ്ജിദ് തർക്കത്തിൽ അയോധ്യ കേസ് ഓർമിപ്പിക്കുന്ന വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. മന്ദിരം സരസ്വതീ ദേവിക്കായി സമർപ്പിക്കപ്പെട്ട ക്ഷേത്രമാണെന്ന് വിധിച്ച കോടതി, ഇവിടെ മുസ്ലിങ്ങൾക്ക് നിസ്‌കാരത്തിന് അനുമതിയും നിഷേധിച്ചു. കമാൽ മൗല പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥന അനുവദിച്ചുള്ള പുരാവസ്തു വകുപ്പിന്റെ 2003ലെ നിർദേശമാണ് കോടതി റദ്ദാക്കിയത്.
അതേസമയം, മുസ്ലിം വിശ്വാസികളുടെ ആരാധനയ്ക്കായി പള്ളി പണിയാൻ സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രത്യേക സ്ഥലം കണ്ടെത്താനാണ് കോടതി നിർദേശം നൽകി.
രാജാ ഭോജിന്റെ കാലത്ത് സംസ്‌കൃതപഠനത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഭോജ്‌ശാല എന്നതിന് തെളിവുകളുണ്ടെന്നാണ് ജസ്റ്റിസുമാരായ കുമാർ ശുക്ല, അലോക് അവാസ്തി എന്നിവരുടെ നിരീക്ഷണം. ക്ഷേത്രം സരസ്വതീദേവിക്കായി സമർപ്പിക്കപ്പെട്ട സൂചനകളും ഇവിടെനിന്ന് ലഭിച്ചതായി മനസ്സിലാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ്ശാലയെ ഹിന്ദുക്കൾ സരസ്വതീദേവിക്കായി സമർപ്പിച്ച ക്ഷേത്രമായും മുസ്ലിങ്ങൾ കമാൽ മൗല പള്ളിയുമായാണ് കണക്കാക്കി വന്നത്. പുരാവസ്തു വകുപ്പിന്റെ രേഖകളിലും ഭോജ്ശാല-കമാൽ മൗല മസ്ജിദ് എന്നാണ് പരാമർശം.
2003ലെ വിധിപ്രകാരം ഭോജ്‌ശാല സമുച്ചയത്തിൽ ഹിന്ദുകൾ ചൊവ്വാഴ്ചകളിൽ പൂജയും വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾ നമസ്‌കാരം നിർവഹിച്ചുവന്നിരുന്നു. വർഷങ്ങളായി ഇരുസമുദായങ്ങളും ഈ രീതി പിന്തുടർന്ന് വരുന്നതിനിടെയാണ് ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് 2024 മാർച്ചിൽ തർക്ക പ്രദേശത്ത് ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി പുരാവസ്തു വിഭാഗത്തെ ചുമതലപ്പെടുത്തി. ഈ പരിശോധനയിലെ കണ്ടെത്തലുകൾ വിധിയിൽ നിർണായകമായി
മാർച്ച് 22ന് ആരംഭിച്ച് 98 ദിവസം നീണ്ട സർവേയ്ക്ക് ശേഷം 2000 പേജുള്ള റിപ്പോർട്ടാണ് പുരാവസ്തുവിഭാഗം കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്. നിലവിലെ നിർമിതിക്ക് മുമ്പ് അവിടെ ക്ഷേത്രസമുച്ചയം നിലനിന്നിരുന്നുവെന്നും പിന്നീട് ക്ഷേത്രഭാഗങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ ഘടന പണിതതെന്നും ഈ റിപ്പോർട്ടിൽ പുരാവസ്തു വകുപ്പ് വ്യക്തമാക്കി.
റിപ്പോർട്ടിലെ മറ്റു നിർണായക വിവരങ്ങൾ
സമുച്ചയം പണിതിരിക്കുന്ന കാലഘട്ടം 10-11 നൂറ്റാണ്ടുകളാണെന്നാണ് ഡേറ്റിങ് പരിശോധനകളെത്തുടർന്ന് പുരാവസ്തു വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലത്ത് രാജാ ഭോജിന്റെ ഭരണത്തിൻ കീഴിലായിരുന്നു പ്രദേശം. തർക്കസ്ഥലം സംസ്‌കൃത പഠനത്തിന്റെ പ്രധാനകേന്ദ്രമായിരുന്നുവെന്ന് ചരിത്രപരവും സാഹിത്യപരവുമായ രേഖകൾ വ്യക്തമാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗണേശൻ, ബ്രഹ്മാവ്, വിഷ്ണു, നരസിംഹം, ഭൈരവൻ എന്നിവരുൾപ്പെടെയുള്ള വിവിധ ഹിന്ദു ദേവതകളുടെ തൊണ്ണൂറിലധികം ശിൽപ്പങ്ങളും ശിൽപ്പഭാഗങ്ങളും കണ്ടെത്തിയെന്നും സമുച്ചയത്തിനുള്ളിൽ ത്രിശൂലത്തിന്റെ ചിത്രമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
റിപ്പോർട്ടിലെ വിവരങ്ങൾ ക്ഷേത്രസാന്നിധ്യം തെളിയിക്കുന്നതാണെന്ന് ഹിന്ദുവിഭാഗം കോടതിയിൽ വാദിച്ചു. അതേസമയം, റിപ്പോർട്ട് പക്ഷപാതപരമാണെന്ന് മുസ്ലിം വിഭാഗം കോടതിയിൽ ആരോപിച്ചെങ്കിലും എഎസ്‌ഐ ഇത് തള്ളി. മുസ്ലിം വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയതെന്നാണ് എഎസ്‌ഐയുടെ വാദം. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഹർജിയുമായി സുപ്രിം കോടതിയെ സമീപിക്കൊനൊരുങ്ങുകയാണ് മുസ്ലിം സംഘടനകൾ.
ഭോജ്ശാല-കമാൽ മൗല മസ്ജിദ് തർക്കം സംബന്ധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സി പി എം പൊളിറ്റ് ബ്യൂറോ.
മുസ്ലിങ്ങൾക്ക് സമുച്ചയത്തിൽ പ്രാർത്ഥിക്കാനുള്ള അവകാശം നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് ഹൈക്കോടതി. ബാബറി മസ്ജിദ്-രാമജന്മഭൂമി കേസിൽ സുപ്രീം കോടതി ഉന്നയിച്ച അതേ വാദങ്ങൾ പ്രതിധ്വനിപ്പിക്കുന്ന വിധി, സമാനമായ അത്തരം തർക്കങ്ങളിൽ ഇത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.
ഈ വിധിയെ, ചരിത്രപരവും മതപരവുമായ തർക്കങ്ങൾ വീണ്ടും തുറന്ന് വർഗീയ വിഭജനങ്ങൾ വർധിപ്പിക്കുന്ന തരത്തിൽ വിധി പ്രസ്താവിക്കുന്ന പ്രവണതയിൽനിന്ന് മാറ്റിനിർത്തി കാണാൻ കഴിയില്ല. ജനങ്ങൾ നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനും ഭിന്നിപ്പിക്കുന്ന മതപരമായ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും നിരന്തരം ശ്രമിക്കുന്ന ബിജെപി-ആർഎസ്‌എസ് പോലുള്ള വർഗീയ ശക്തികളെ മാത്രമേ ഈ വിധി സഹായിക്കൂ.
English Summary: Bhojshala-Kamal Maula complex declared as temple by Madhya Pradesh High Court- What you need to know !