India

'ബിജെപിയ്ക്ക് കേരളത്തോടുള്ള വെറുപ്പും വൈരാ​ഗ്യവുമാണ് കേന്ദ്ര ബജറ്റ്'; ബിനോയ് വിശ്വം

'കേന്ദ്രത്തിന് താല്പര്യമില്ലാത്ത സംസ്ഥാനങ്ങൾ ബജറ്റിലെ വിവേചനത്തിന് ഇരകളായി' - ബിനോയ് വിശ്വം

Madism Desk

കേരളത്തിന്റെ ആവശ്യങ്ങൾ തഴഞ്ഞ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി സർക്കാറിന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾക്ക് മുൻപിൽ തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. 'യുവശക്തി' എന്ന വിശേഷണം നൽകിയാണ് കേന്ദ്ര സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുവാനുള്ള യാതൊരു പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെന്നും, ഇതൊരു അദാനി-അംബാനി ബജറ്റാണെന്നും ബിനോയ് വിശ്വം ചൂണ്ടികാണിച്ചു.

'കേന്ദ്രത്തിന് താല്പര്യമില്ലാത്ത സംസ്ഥാനങ്ങൾ ബജറ്റിലെ വിവേചനത്തിന് ഇരകളായി. കേരളത്തിലെ തീർത്ഥാടകരേയും തീർത്ഥാടന കേന്ദ്രങ്ങളെയും അവഗണിച്ചു. ഭരിക്കുന്നത് ഇടതുപക്ഷം ആയതുകൊണ്ട് മാത്രം കേരളം വികസിക്കരുത് എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റേത്. അതുകൊണ്ടാണ് കേരളത്തിന് അതിവേഗ പാത പ്രഖ്യാപിക്കാതിരുന്നത്. ആമ സംരക്ഷണമൊക്കെ വെറും കൊള്ളത്തരം മാത്രമാണ്,' ബിനോയ് വിശ്വം വിമർശിച്ചു

'കാലങ്ങളായുള്ള കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തെ വീണ്ടും തള്ളി കളഞ്ഞിരിക്കുകയാണ്. എയിംസ് ഇന്ന് വരും, നാളെ വരും, എന്ന് ഒരു കേന്ദ്ര മന്ത്രി കേരളത്തെ പറഞ്ഞു കബളിപ്പിക്കുന്നു. കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ എവിടെയെങ്കിലും എയിംസ് വരുമെന്ന് വാദിച്ചിരുന്ന കേന്ദ്ര മന്ത്രിക്ക് ഇപ്പോൾ ഈ വിഷയത്തിൽ വ്യക്തതയില്ല,' കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ച് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയ്ക്ക് കേരളത്തോടുള്ള രാഷ്ട്രീയപരമായ വെറുപ്പും വൈരാ​ഗ്യവുമാണ് കേന്ദ്ര ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ ജനങ്ങൾക്ക് കടുത്ത എതിർപ്പാണുള്ളത്. മോദി നേരിട്ട് വന്നു നിന്നാലും, ജനങ്ങളുടെ കോടതിയിൽ ബിജെപിയുടെ വാദങ്ങൾ പൊളിഞ്ഞു വീഴുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥയിൽ സങ്കടമുണ്ടെന്ന് പരിഹസിച്ച ബിനോയ് വിശ്വം, ഒരിക്കലും ജയിക്കാൻ സാധ്യതയില്ലാത്ത ഒരു കേസ് വാദിക്കുന്ന വക്കീലിന്റെതിനു സമാനമായ അവസ്ഥയാണ് രാജീവ് ചന്ദ്രശേഖറിന്റേത് എന്ന് കൂട്ടിച്ചേർത്തു. എന്നാൽ ആർആർടിഎസ് പദ്ധതി കേരളത്തിന് ഉപകാരപ്പെടുമെന്നും, ഈ വിഷയത്തിൽ ഇ ശ്രീധരൻ സംസ്ഥാന സർക്കാറുമായി സഹകരിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

English Summary: CPI state secretary Binoy Viswam strongly criticised the Union Budget, accusing the Modi government of sidelining Kerala, ignoring unemployment issues, and favouring corporate interests over public welfare.