India

ഉപമുഖ്യമന്ത്രി പദവും ടിവികെയ്ക്ക് 80 സീറ്റും; വിജയ്ക്ക് മുന്നിൽ വമ്പൻ ഓഫറുകളുമായി ബിജെപി

വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി സംസ്ഥാന ഘടകം

Madism Desk

ചെന്നൈ: നടൻ വിജയ് സ്ഥാപകനായ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് മുന്നിൽ വമ്പൻ ഓഫറുകളുമായി തമിഴ്നാട് ബിജെപി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സഖ്യത്തിനു തയ്യാറാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാൻ 80 സീറ്റുകളുമടക്കം വലിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാനഘട്ടത്തിലെത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

അതേസമയം, വിജയ്ക്ക് മുഖ്യമന്ത്രി പദം നൽകണമെന്നായിരുന്നു ടിവികെയുടെ നിബന്ധന. വിജയ്‌യുടെ ആരാധക വോട്ടുകളെ ലക്ഷ്യം വെക്കുന്ന ബിജെപി ഏത് സാഹചര്യത്തിലും സൂപ്പർ താരത്തെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ തുടർന്നേക്കും. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി സംസ്ഥാന ഘടകം. വോട്ടിങ്ങിൽ രണ്ട് ശതമാനം വർദ്ധനവ് സംഭവിച്ചാൽ പോലും അത് വലിയ മാറ്റമാണെന്നാണ് ബിജെപി അനുമാനം.

എന്നാൽ ബിജെപി-ടിവികെ സഖ്യ വാർത്തകളെ ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആശയപരമായി ബിജെപി തങ്ങളുടെ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അത്തരത്തിൽ സഖ്യമുണ്ടാക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ അംഗീകരിക്കാൻ ബിജെപിക്ക് സാധിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചിരുന്നു.

English Summary: The Bharatiya Janata Party in Tamil Nadu has reportedly offered a major alliance proposal to Tamilaga Vettri Kazhagam, the party founded by actor Vijay. Reports say the BJP proposed the Deputy Chief Minister post and 80 assembly seats if TVK agrees to an alliance in the upcoming state elections. However, TVK leaders have denied any such alliance talks and reiterated that the BJP is ideologically opposed to their party.