ഛത്തീസ്ഗഡിലെ സിംഗിതറായ് പ്രദേശത്തെ വേദാന്ത വൈദ്യുത നിലയത്തിൽ സ്ഫോടനം. ഒൻപത് തൊഴിലാളികൾ മരിച്ചു, മുപ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ചു തന്നെ നാലുപേർ മരണപ്പെട്ടന്നാണ് വിവരം.
സ്ഫോടനത്തെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റു. ആദ്യം ബോയിലർ സ്ഫോടനമാണെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. രക്ഷാപ്രവർത്തനം പൂർത്തിയായതായും അപകടത്തിൽപ്പെട്ട എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് തൊഴിലാളികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൂടുതൽ ആളുകൾക്കും പരിക്കേറ്റത്. ബോയിലർ യൂണിറ്റുകളിൽ ഒന്നിലാണ് സ്ഫോടനം ഉണ്ടായതെന്നും, പ്ലാന്റിന്റെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ചുമതലയുള്ള സബ്കോൺട്രാക്ടർ എൻജിഎസ്എൽ ജീവനക്കാരാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നും വേദാന്ത വൈദ്യുത നിലയത്തിലെ അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ പരിക്കേറ്റവർക്കായി മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നാണ് കമ്പനി വ്യക്തമാക്കിയത്. ബാധിതരുടെ കുടുംബങ്ങളോട് അനുശോചനവും കമ്പനി രേഖപ്പെടുത്തി. അപകടത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
ജില്ലാ കളക്ടറും പോലീസും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ റായ്ഗഡിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎ റാംകുമാർ യാദവ് പ്ലാന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് ബാധിതർക്കുള്ള നഷ്ടപരിഹാരവും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
English Summary: A deadly explosion at Vedanta power plant in Singhitarai, Chhattisgarh has left 9 workers dead and over 30 injured. The incident, initially suspected as a boiler blast, is under investigation as authorities and rescue teams completed evacuation and shifted injured to hospitals.