മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ വൻ പ്രതിഷേധം. ഫ്രീഡം പാർക്കിൽ നടന്ന മെഗാ പ്രതിഷേധത്തിൽ സിജെപി നേതാക്കളായ അഭിജീത് ഡിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കൊപ്പം പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയും എസ്എഫ്ഐ നേതാവ് ഐഷി ഘോഷും നടൻ പ്രകാശ് രാജും പങ്കെടുത്തു.
രാവിലെ മുതൽ തന്നെ നിരവധി പ്രവർത്തകരും പൗരസമൂഹ സംഘടനകളും ഫ്രീഡം പാർക്കിലേക്ക് ഒഴുകിയെത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ നേതാക്കൾ വേദിയിലെത്തിയപ്പോൾ എസ്ഐആർ പിൻവലിക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾക്കൊപ്പം മോദി വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി.
ധ്രുവ് റാഠിയുടെ ഓരോ വാക്കും ഹർഷാരവത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്. താൻ ഇവിടെ എത്തിയത് സർക്കാരിനെ മാറ്റാനല്ലെന്ന് ധ്രുവ് റാഠി പറഞ്ഞു. അങ്ങനെയുള്ള പ്രചാരണം ചിലർ നടത്തുന്നുണ്ട്. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ എന്റെ പക്കലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും അവർ മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരു സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്ന് ധ്രുവ് റാഠി ആരോപിച്ചു. കർണാടകയിലെ നൂറ് പോളിങ് സ്റ്റേഷനുകളിലെ എസ്ഐആർ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന ഒരു പ്രത്യേക റിപ്പോർട്ടും അദ്ദേഹം വേദിയിൽ പുറത്തുവിട്ടു.
അറസ്റ്റ് ചെയ്ത് തോൽപ്പിക്കാമെന്ന് കരുതേണ്ടെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. ഇത് രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്നതിന് എതിരായ പോരാട്ടമാണ്. ഞങ്ങൾ എല്ലാവരും അഭിജിത്തിനൊപ്പം ഉണ്ടാകുമെന്നും ഐഷി പറഞ്ഞു.
എസ്ഐആർ നടപടികൾ വഴി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ മുഴുവൻ അപമാനിച്ചിരിക്കുകയാണെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടൻ പ്രകാശ് രാജ് കുറ്റപ്പെടുത്തി. ''മുൻപ് ജനങ്ങളായിരുന്നു ആര് ഭരിക്കണമെന്ന് തീരുമാനിച്ചിരുന്നത്. ഇന്ന് ആരാണ് വോട്ട് ചെയ്യേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കുന്നത്'' - പ്രകാശ് രാജ് പറഞ്ഞു. ഇരുപത് സംസ്ഥാനങ്ങളിലായി 13 കോടിയോളം ആളുകളെയാണ് ഈ പ്രക്രിയയിലൂടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുക മാത്രമല്ല, എസ്ഐആർ പൂർണ്ണമായും റദ്ദാക്കുകയാണ് ഈ പ്രതിഷേധത്തിന്റെ പ്രധാന ലക്ഷ്യമെന്നും പൗരന്മാരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാനാണ് ഈ സമരമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണിത്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കുന്നതിനായി സിജെപി വേദിയിൽ ഒരു ജനകീയ ട്രൈബ്യൂണലും സംഘടിപ്പിച്ചിരുന്നു. വോട്ടർമാരെ ഒരേ സ്ഥലത്ത് തന്നെ കാലങ്ങളായി താമസിപ്പിക്കുന്നുണ്ടെങ്കിലും അവർ താമസം മാറി എന്നോ സ്ഥലത്തില്ല എന്നോ രേഖപ്പെടുത്തിയിട്ടാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് സിജെപി ആരോപിച്ചു.
ജീവിച്ചിരിക്കുന്നവരെ മരിച്ചതായി പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. ഭരണകൂടം തങ്ങളെ പാറ്റകൾ എന്ന് വിളിക്കുന്നത് അങ്ങനെ ജീവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും എന്നാൽ ഒരു പാറ്റയെപ്പോലെ ശക്തമായി അതിജീവിക്കാൻ നമുക്ക് കഴിയണമെന്നും അഭിജീത് കൂട്ടിച്ചേർത്തു.
The Cockroach Janta Party staged a massive protest at Bengaluru’s Freedom Park demanding the resignation of Chief Election Commissioner Gyanesh Kumar and the immediate scrapping of the Special Intensive Revision (SIR) exercise, which allegedly purged over 13 crore voters across 20 states and union territories. Actor-activist Prakash Raj accused the poll panel of acting at the behest of the central government, stating that authorities are now deciding who gets to vote. YouTuber Dhruv Rathee alleged zero transparency and accountability within the Election Commission while presenting a report on voter roll irregularities across 100 polling stations in Karnataka, clarifying that his participation was focused on defending democracy rather than regime change.