India

കരതൊടാനൊരുങ്ങി 'അര്‍ണബ്': ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ജാഗ്രത, സ്‌കൂളുകള്‍ക്ക് അവധി

ഒക്ടോബര്‍ 28-ന് രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

Madism Desk

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രത. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഒക്ടോബര്‍ 28-ന് രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി കരതൊടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ പരമാവധി 140 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിച്ചേക്കും. ബംഗ്ലാദേശ് നിര്‍ദേശിച്ച 'അര്‍ണബ്' എന്ന പേരായിരിക്കും ഈ പുതിയ ചുഴലിക്കാറ്റിന് നല്‍കുക. ബംഗാളി ഭാഷയില്‍ 'സമുദ്രം' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

ഒഡീഷയില്‍ അതീവ ജാഗ്രത

ചുഴലിക്കാറ്റ് ആന്ധ്രാ തീരത്താണ് കരതൊടുന്നതെങ്കിലും ഒഡീഷയുടെ തെക്കന്‍, തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ദുരന്തസാധ്യത മുന്‍നിര്‍ത്തി ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മല്‍ക്കാന്‍ഗിരി എന്നീ അഞ്ച് ജില്ലകളില്‍ ഐ.എം.ഡി ഒക്ടോബര്‍ 28-ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 20 സെന്റീമീറ്ററില്‍ കൂടുതല്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്‌തേക്കും. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും 'സീറോ കാഷ്വാലിറ്റി' ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യക്തമാക്കി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്ക് ഒക്ടോബര്‍ 28, 29 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. ഗഞ്ചം ജില്ലയില്‍ മാത്രം 100 ചുഴലിക്കാറ്റ് ദുരിതാശ്വാസ ക്യാമ്പുകളും 1,000 താല്‍ക്കാലിക കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും പാമ്പുകടിക്കെതിരെയുള്ള ആന്റി-വെനം ഇന്‍ജക്ഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, മറ്റ് പ്രധാന ഓഫീസുകളിലെ ജീവനക്കാര്‍ എന്നിവരുടെ അവധികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി.

തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി പുതുച്ചേരിയില്‍ കഴിഞ്ഞ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. തമിഴ്നാട്ടിലെ സ്ഥിതിഗതികളും ജാഗ്രതയിലാണ്. ചെന്നൈ, നാഗപട്ടണം, കടലൂര്‍ എന്നിവയുള്‍പ്പെടെ തമിഴ്നാട്ടിലെ 9 പ്രധാന തുറമുഖങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സിഗ്‌നലുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ആഴക്കടലിലുള്ളവര്‍ ഉടനടി തീരത്ത് തിരിച്ചെത്തണമെന്നും കാലാവസ്ഥാ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാടശേഖരങ്ങളിലെ വിളകള്‍ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കര്‍ഷകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

India’s eastern coastal states are on high alert as a severe cyclonic storm developing over the Bay of Bengal is expected to move towards the Andhra Pradesh coast. The India Meteorological Department (IMD) has forecast that the storm could make landfall between Bapatla and Visakhapatnam on the morning of October 28, with sustained wind speeds of 115–125 kmph and gusts reaching up to 140 kmph. The cyclone is expected to be named ‘Arnab’, a name proposed by Bangladesh that means ‘ocean’ in Bengali. Odisha has issued red alerts for five districts — Ganjam, Gajapati, Rayagada, Koraput and Malkangiri — for October 28, warning of extremely heavy rainfall exceeding 20 cm in isolated areas. Schools, colleges and anganwadis in these districts will remain closed on October 28 and 29. Authorities have identified cyclone shelters and temporary relief centres, stocked hospitals with essential medicines and anti-venom injections, and cancelled leave for key officials to ensure emergency preparedness. Chief Minister Mohan Charan Majhi said the government’s priority was to protect lives and achieve zero casualties.