ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അര്‍ണബ്' ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചു. ആന്ധ്രാപ്രദേശിലെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍, യാനത്തിന് തെക്കുഭാഗത്തായി പുലര്‍ച്ചെ 01:20-ഓടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മുന്‍പ് കണക്കാക്കിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിച്ചതിനാലാണ് പ്രതീക്ഷിച്ചതിലും നേരത്തെ കാറ്റ് കരയിലെത്തിയത്. കരയില്‍ പ്രവേശിച്ച ശേഷവും ചുഴലിക്കാറ്റിന്റെ ആഘാതം തുടരുകയാണെന്നും ഏകദേശം മൂന്ന് മണിക്കൂറോളം കരതൊടുന്ന പ്രക്രിയ നീണ്ടുനില്‍ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ തീരദേശ മേഖലകളില്‍ അതിശക്തമായ മഴയും കനത്ത കാറ്റുമാണ് അനുഭവപ്പെടുന്നത്.
സുരക്ഷാ മുന്‍കരുതലുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും
ദുരന്തസാധ്യത മുന്‍നിര്‍ത്തി ഇരു സംസ്ഥാനങ്ങളും അതിതീവ്ര ജാഗ്രതയിലാണ്. ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും 2,199 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. 84,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അറിയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് ഒഴിപ്പിക്കലില്‍ മുന്‍ഗണന നല്‍കിയത്. കൂടാതെ ഒഡീഷയിലും 48,000 പേരെ ഒഴുപ്പിക്കാനുള്ള നടപടികള്‍ നടക്കുകയാണ്. ഇവിടെ 16 ജില്ലകളില്‍ മുന്‍കരുതല്‍ പ്രഖ്യാപിക്കുകയും എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആന്ധ്ര സര്‍ക്കാര്‍ 27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്‍.ഡി.ആര്.എഫ്, ഒഡ്രാഫ് സംഘങ്ങള്‍ക്ക് പുറമേ കര-നാവിക-വ്യോമസേനകളെയും തീരസംരക്ഷണ സേനയെയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനാഡ, കോനസീമ, പശ്ചിമ ഗോദാവരി ജില്ലകളിലാണ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കനത്ത മഴ പെയ്തത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതിബന്ധം നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒഡീഷയ്ക്ക് പുറമേ പശ്ചിമബംഗാളിലേയും തീരപ്രദേശങ്ങളില്‍ മഴ പെയ്യുകയാണ്.
യാത്രാ തടസ്സവും പ്രകൃതിക്ഷോഭ മുന്നറിയിപ്പും
ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി താറുമാറായി. സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ 95 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും 14 ട്രെയിനുകളുടെ റൂട്ടും സമയവും പുനക്രമീകരിക്കുകയും ചെയ്തു. വിശാഖപട്ടണം, വിജയവാഡ, രാജമുദ്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് 44 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളെല്ലാം നേരത്തെ തന്നെ കരയ്ക്കെത്തിച്ചിരുന്നു.
കൊടുങ്കാറ്റിന്റെ സ്വാധീനത്താല്‍ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം ത തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ബംഗാള്‍, ഡാര്‍ജിലിംഗ് തുടങ്ങിയ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് നേപ്പാള്‍ ഭരണകൂടം മുന്നറിയിപ്പ് നല്കി. കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.
Cyclone Arnab, which formed over the Bay of Bengal, made landfall between Bapatla and Visakhapatnam in Andhra Pradesh, south of Yanam, at around 1:20 am. The cyclone arrived earlier than expected due to its higher-than-predicted speed, bringing heavy rainfall and strong winds to coastal areas of Andhra Pradesh and Odisha. More than 84,000 people have been evacuated in Andhra Pradesh, while Odisha is preparing to evacuate around 48,000 people. The cyclone has caused widespread damage, uprooted trees and disrupted power supply. Railways cancelled 95 train services and rescheduled 14 others, while 44 flight services were cancelled following the temporary closure of three airports. Authorities have deployed disaster response teams and armed forces for rescue and relief operations. Heavy rainfall warnings have also been issued for parts of West Bengal, Bihar and eastern Uttar Pradesh.