India

അതിശൈത്യവും, വായു മലിനീകരണവും; ശ്വാസം കിട്ടാതെ ഡൽഹി

കനത്ത മൂടൽമഞ്ഞ് കാരണം എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള നിരവധി എയർലൈനുകൾ സർവീസുകൾക്ക് തടസ്സം നേരിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Madism Desk

കാഴ്ചയെ പൂർണമായും മറക്കുന്ന കഠിന ശൈത്യവും, വായു മലിനീകരണവും, ഡൽഹിയേയും സമീപ പ്രദേശങ്ങളേയും ആശങ്കപ്പെടുത്തുന്നു. ശനിയാഴ്ച 4.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഈ സീസണിലെ ശരാശരിയേക്കാൾ 3.2 ഡിഗ്രി താഴെയായിരുന്നു താപനില. കൂടാതെ, അതിരൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിലും ഡൽഹി തന്നെയാണ് മുൻപിൽ. രാവിലെ ഏഴ് മണിക്ക് എയർ ക്വാളിറ്റി ഇൻഡെക്സ് (AQI) 439 ൽ എത്തി. വായുവിന്റെ ഗുണനിലവാരം വഷളായതിനെ തുടർന്ന്, കർശനമായ മലിനീകരണ വിരുദ്ധ നടപടികളായ GRAP-IV പ്രകാരം ശനിയാഴ്ച മുതൽ ഡൽഹിയിൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.

സഫ്ദർജംഗിൽ കാഴ്ച പൂർണമായി തടസ്സപ്പെട്ടതായാണ് കാലാവസ്ഥാവകുപ്പ് (IMD) റിപ്പോർട്ട് ചെയ്യുന്നത്. പാലം മേഖലയിൽ കാഴ്ചപരിധി 100 മീറ്റർ മാത്രമായിരുന്നു. കനത്ത മൂടൽമഞ്ഞ് കാരണം എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള നിരവധി എയർലൈനുകൾ സർവീസുകൾക്ക് തടസ്സം നേരിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ 'ഫ്ലൈറ്റ് റഡാർ 24'ന്റെ റിപ്പോർട്ട് പ്രകാരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും കടുത്ത ശൈത്യം ബാധിച്ചിട്ടുണ്ട്. അവിടെ നിന്നും പുറപ്പെടുന്ന വിമാനങ്ങളിൽ 35 ശതമാനവും ഏറെ വൈകിയാണ് ടേക്ക് ഓഫ് ചെയ്യുന്നത്. എത്തിച്ചേരുന്ന വിമാനങ്ങളിൽ 27 ശതമാനം വിമാനങ്ങളുടെയും ലാൻഡിങ് വൈകാനും സാധ്യതയുണ്ട്. എന്നാൽ, കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് രാവിലെ 8 മണിക്ക് ഡൽഹി വിമാനത്താവളം ട്വീറ്റ് ചെയ്തു.

ഡൽഹി-എൻസിആർ കൂടാതെ, ബറേലി, ലക്നൗ, കുഷിനഗർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിൽ കാഴ്ച പൂർണമായും മറഞ്ഞിരിക്കുകയാണ്. അമൃത്സറിലും ഗോരഖ്പൂരിലും 100 മീറ്ററും പ്രയാഗ് രാജിൽ 200 മീറ്ററും ആയിരുന്നു കാഴ്ചപരിധി. മൂടൽമഞ്ഞ് ഫ്ലൈറ്റുകളെ മാത്രമല്ല, ഡസൻ കണക്കിന് ട്രെയിനുകളെയും ബാധിച്ചു. രാജധാനി, ദുരന്തോ, ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ പ്രമുഖ ട്രെയിനുകളുടെ കാലതാമസം 12 മണിക്കൂർ വരെ നീണ്ടിരിക്കുകയാണ്.

ഡൽഹിയിൽ ശനിയാഴ്ച 4.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ്. സീസണിലെ ശരാശരിയേക്കാൾ 3.2 ഡിഗ്രി താഴെയായിരുന്നു താപനില. ജനുവരി 17 മുതൽ 20 വരെ ഏറ്റവും കുറഞ്ഞ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളിൽ നേരിയ ശൈത്യകാല മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ പറഞ്ഞു.

English Summary: Delhi is experiencing severe cold and hazardous air pollution, with temperatures dropping to a record low of 4.4°C and AQI levels reaching 439.