India

നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി; സമാധാന ബോണ്ട് ഒപ്പിട്ടു നല്‍കാന്‍ നിര്‍ദേശം

ഹര്‍ജി തള്ളിയെങ്കിലും അന്വേഷണ നടപടികളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്

Madism Desk

ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) പ്രസിഡന്റ് നേഹ ബോറയുടെ പീസ്ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് തള്ളിയത്. സമാധാന ബോണ്ട് ഒപ്പിട്ടു നല്‍കാനും കോടതി നിര്‍ദേശിച്ചു. സമരത്തിനിറങ്ങിയതിന് നേരത്തെ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സംഭവത്തിന്റ പശ്ചാത്തലം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 16-ന് ന്യൂഡല്‍ഹിയിലെ മണ്ഡി ഹൗസിന് സമീപം പ്രതിഷേധിച്ച നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 12 മണിക്കൂറോളം തടങ്കലില്‍ വെച്ച നേഹയെ തൊട്ടടുത്ത ദിവസം രാവിലെയാണ് വിട്ടയച്ചത്. തുടര്‍ന്ന്, നിരോധനാജ്ഞ ലംഘിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചെന്നാരോപിച്ച് ഒരു വര്‍ഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ഉറപ്പുനല്‍കുന്ന 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കാന്‍ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസ് നല്‍കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 126, 130, 135(3) എന്നിവ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.

ഈ നടപടി അവ്യക്തവും സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ബോറ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി ആഹ്വാനം ചെയ്ത പ്രത്യേക പരിപാടിയുമായി തനിക്ക് ബന്ധമില്ലെന്നും ദേശീയ പതാക ഉയര്‍ത്താന്‍ പൗരന്മാര്‍ക്ക് ഔദ്യോഗിക അനുമതി ആവശ്യമില്ലെന്നും ബോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍

നേഹ ബോറയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഹാജരായത്. പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ജനാധിപത്യത്തില്‍ ഭരണമാറ്റം ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം വാദിച്ചു. മറുവശത്ത്, നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധങ്ങളും മുദ്രാവാക്യം വിളികളും കണക്കിലെടുത്താണ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ മുന്‍കരുതല്‍ നടപടിയെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ ചൂണ്ടിക്കാട്ടി. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുമ്പകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ആളാണെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

കോടതിയുടെ നിര്‍ദേശങ്ങള്‍

ഹര്‍ജി തള്ളിയെങ്കിലും അന്വേഷണ നടപടികളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി, അന്വേഷണ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് നേഹ ബോറയ്ക്ക് ആവശ്യമായ എല്ലാ രേഖകളും കൈമാറാനും മതിയായ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനും നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കണമെന്നും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കി.

The Delhi High Court has dismissed a petition filed by Neha Bora, president of the All India Students’ Association (AISA), challenging a police notice requiring her to furnish a personal bond of ₹10,000 and one surety to maintain peace. A bench led by Justice Subramonium Prasad directed her to execute the peace bond. Bora was detained by Delhi Police on October 16 after protesting near Mandi House in New Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. She was reportedly held for around 12 hours and released the following morning. Subsequently, a Special Executive Magistrate issued a notice requiring her to furnish the bond for a period of one year, alleging that she had instigated people to violate prohibitory orders. The action was taken under Sections 126, 130 and 135(3) of the Bharatiya Nagarik Suraksha Sanhita (BNSS).