India

തലസ്ഥാനത്ത് പ്രതിഷേധാഗ്നി; ജന്തർ മന്തറിൽ നിരോധനാജ്ഞ, 700-ഓളം പേർ കസ്റ്റഡിയിൽ

കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്.

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ​ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥി, യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം. വോട്ടർപട്ടിക പുതുക്കന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എ തുടങ്ങിയ സംഘടനകളും ഇന്ത്യ മുന്നണി നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മുൻകൂർ അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് സമരക്കാരെ തടയാൻ ശ്രമിച്ചത് സ്ഥലത്ത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് പൊലീസ് ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമിച്ച മുൻ രാജ്യസഭാ എംപിയും മുതിർന്ന സിപിഎം നേതാവുമായ ബൃന്ദാ കാരാട്ട്, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, പ്രമുഖ സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, നേഹ ബോറ എന്നിവരുൾപ്പെടെ ഇതുവരെ ഏതാണ്ട് എഴുന്നൂറോളം പേരെയാണ് ഡൽഹി പൊലീസ് പലയിടങ്ങളിൽ നിന്നായി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്.

യുവാക്കളെയും വിദ്യാർഥി നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സിപിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ ഭരണകൂട ഭീകരത ഉപയോഗിച്ച് അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. 

5000 ത്തിലധികം പൊലീസുകാരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ജന്തർ മന്തറിനും പരിസര പ്രദേശങ്ങളിലും രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കി. കൂടാതെ, ബാരാഖംബ റോഡ് ഉൾപ്പെടെ സമരക്കാർ കൂട്ടമായി എത്താൻ സാധ്യതയുള്ള ഡൽഹിയിലെ പന്ത്രണ്ടോളം മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സമരത്തെ പൂര്‍ണ തോതില്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിമർശനം.

വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ 1.37 കോടിയിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ഇത് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നുമാണ് എഎപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ ചില തീരുമാനങ്ങൾക്കെതിരെ മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന വാർത്തകളും ഈ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സ്വന്തം വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എഎപി നേതാവ് അതിഷി ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

A massive protest erupted at Jantar Mantar in Delhi on Gandhi Jayanti, with student organizations and opposition leaders demanding the resignation of Chief Election Commissioner Gyanesh Kumar over alleged mass deletions in the electoral rolls. The Delhi Police cracked down heavily, detaining nearly 700 protesters, including CPI(M) leader Brinda Karat, AAP's Saurabh Bharadwaj, and activist Yogendra Yadav. Authorities imposed Section 163, shut down 12 metro stations, and suspended internet services in the area. The CPI(M) strongly condemned the police action, while the Congress announced a week-long nationwide 'Save Democracy' march.