മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ഇന്ന്. സിജെപിയും ഇടത് യുവജന വിദ്യാർഥി സംഘടനകളും സംയുക്ത പ്രതിഷേധത്തിന് ഇന്ന് ജന്തർ മന്തറിൽ എത്തും. രാവിലെ പത്ത് മണിക്ക് ജന്തർ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രതിഷേധത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യതലസ്ഥാനം അക്ഷരാർത്ഥത്തിൽ ഒരു കോട്ടയായി മാറിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണങ്ങൾക്കും ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിനും പുറമെ സമാനതകളില്ലാത്ത പൊലീസ് സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്.
ഡൽഹി പൊലീസും കേന്ദ്ര സായുധ സേനയും ഉൾപ്പെടെ നാൽപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ജന്തർ മന്തർ, ജൻപഥ്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് തുടങ്ങിയവ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ പ്രദേശം അതിതീവ്ര സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്ക് പ്രവേശിക്കുന്നതിന് ഏഴ് പാളികളുള്ള ബാരിക്കേഡുകൾ സ്ഥാപിച്ച് റോഡുകൾ പൂർണ്ണമായും അടച്ചു.
ഓഡിയോ റെക്കോർഡിങ് സൗകര്യമുള്ള മുന്നൂറോളം സിസിടിവി ക്യാമറകൾക്ക് പുറമെ, സ്ഥിതിഗതികൾ തത്സമയം പകർത്താൻ നൂറോളം ഫോട്ടോഗ്രാഫർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി ബോഡി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കേണ്ടി വന്നാൽ പാർപ്പിക്കാനായി പന്ത്രണ്ട് പ്രത്യേക തടങ്കൽ കേന്ദ്രങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ഡൽഹിയിലെ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, എയർബിഎൻബി ഉൾപ്പെടെയുള്ള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ കർശന പരിശോധനയാണ് നടത്തിയത്.
പൊതുജന ജീവിതത്തെയും സുരക്ഷാ ക്രമീകരണങ്ങൾ സാരമായി ബാധിച്ചു. നഗരത്തിൽ 45 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 75 മെയിൽ-എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ 254 ട്രെയിനുകളാണ് റെയിൽവേ ഇന്ന് റദ്ദാക്കിയിട്ടുള്ളത്. കൂടാതെ ഡൽഹിയിലെ മുപ്പതോളം പ്രധാന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി കൊണാട്ട് പ്ലേസ്, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ഡൽഹിയിലെ മുഴുവൻ മദ്യശാലകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രകടനങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വാർത്താവിനിമയ സംവിധാനങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ട്. ജൻപഥ്- കർത്തവ്യ പഥ് ക്രോസിങിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്നലെ രാത്രി പത്ത് മണി മുതൽ ഇന്ന് രാത്രി പത്ത് മണി വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഉത്തർപ്രദേശിലെ അതിർത്തി ജില്ലകളായ മീററ്റ്, ബറേലി എന്നിവിടങ്ങളിലും നോയിഡയിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Delhi has been turned into a fortress ahead of the Cockroach Janta Party (CJP) protest at Jantar Mantar over alleged electoral roll irregularities. Despite police denying permission for the gathering, over 40,000 security personnel have been deployed across the capital. To maintain law and order, authorities have set up multi-layered barricades, suspended mobile internet in a 4-km radius of central Delhi, closed 45 metro stations, and cancelled 254 trains. Twelve detention centres have been established, and neighboring states are on high alert to prevent protesters from entering the city.