India

തമിഴ്‌നാട്ടിൽ കേരള മോഡൽ വിലപ്പോവില്ല; വിജയ്‌യുമായി ദേശീയ തലത്തിൽ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ഡിഎംകെ

ഡിഎംകെയെ തന്റെ പ്രധാന രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച വിജയ്‌യെ ആദ്യം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ വി സികെയോട് ഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടു

Madism Desk

ദേശീയ തലത്തിൽ ബിജെപിക്കെതിരെ പോരാടാൻ മുഖ്യമന്ത്രി വിജയ്‌യുടെ തമിഴക വെട്രി കഴകവും ഡിഎംകെയും ഒന്നിക്കണമെന്ന വിസികെയുടെ ഒത്തുതീർപ്പ് ഫോർമുല തള്ളി എം കെ സ്റ്റാലിന്റെ ഡിഎംകെ. സംസ്ഥാനത്ത് പരസ്പരം പോരടിക്കുകയും കേന്ദ്രത്തിൽ മിത്രങ്ങളാവുകയും ചെയ്യുന്ന 'കേരള-ബംഗാൾ രാഷ്ട്രീയ മോഡൽ' തമിഴ്‌നാട്ടിൽ പ്രായോഗികമല്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി. ഇതോടെ 'ഇന്ത്യ' മുന്നണിയിലെ പ്രതിപക്ഷ ഐക്യം സംബന്ധിച്ച കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും കണക്കുകൂട്ടലുകൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം വിട്ട് ടിവികെയ്ക്കൊപ്പം പോയ വി സി കെയുടെ നേതാവ് തോൽ തിരുമാവളവൻ ആണ് ഇരുപാർട്ടികളെയും ഒന്നിപ്പിക്കാനുള്ള പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്. ബിജെപിയെ നേരിടാൻ ഇന്ത്യ മുന്നണിയിൽ ഇരു പാർട്ടികളും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, ഈ നിർദ്ദേശം ഡിഎംകെ പൂർണ്ണമായും തള്ളിക്കളഞ്ഞു.

ഡിഎംകെയെ തന്റെ പ്രധാന രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച വിജയ്‌യെ ആദ്യം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ വി സികെയോട് ഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടു. "അദ്ദേഹം ഞങ്ങളെ രാഷ്ട്രീയ ശത്രുവെന്നാണ് വിളിക്കുന്നത്, പിന്നെ എങ്ങനെ ഞങ്ങൾ ആ മുന്നണിയിലുണ്ടാകും?" എന്ന് ഡിഎംകെ നേതാവ് ഇളങ്കോവൻ ചോദിച്ചു. പാർലമെന്റിൽ ഒരു എംപി പോലുമില്ലാത്ത പാർട്ടിയെ എങ്ങനെ ഇന്ത്യ മുന്നണിയിൽ ഉൾപ്പെടുത്തുമെന്നും ഡിഎംകെ എംപി ഗണപതി പി രാജ്‌കുമാർ പരിഹസിക്കുന്നു.

സഖ്യത്തിൽ വിള്ളൽ വീഴ്ത്തിയ കോൺഗ്രസ് നീക്കം

ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിനെ താഴെയിറക്കിയാണ് നടൻ വിജയ് അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷമില്ലാതിരുന്ന വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. ഒൻപത് വർഷം നീണ്ട ഡിഎംകെ-കോൺഗ്രസ് സഖ്യമാണ് കോൺഗ്രസ് അന്ന് ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ വിസികെ, സിപിഐ, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ മുൻ ഡിഎംകെ സഖ്യകക്ഷികളും വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.

തങ്ങളെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ഇതിൽ പ്രതിഷേധിച്ച് ജൂൺ 8-ന് ഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. വിജയ്‌ ആകട്ടെ, കോൺഗ്രസിന്റെ ഡാറ്റാ വിങ് തലവൻ പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭാ സീറ്റ് നൽകി ഈ പിന്തുണയ്ക്ക് പ്രത്യുപകാരം ചെയ്യുകയും ചെയ്തു.

രൂക്ഷമാകുന്ന വാക്‌പോര്

ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള ശത്രുത അനുദിനം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ മുൻ ഡിഎംകെ സർക്കാരിന്റെ പൊലീസിനെ വിജയ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വിജയ്‌യുടെ 'ഓവർ ആക്ടിങ്' ആണെന്നും, അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണമാണെന്നുമായിരുന്നു ഡിഎംകെയുടെ തിരിച്ചടി.

ഇന്ത്യ മുന്നണിക്ക് മുന്നിലെ പ്രതിസന്ധി

സംസ്ഥാനത്ത് തങ്ങളുടെ പരാജയത്തിന് കാരണമായ പാർട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ തലത്തിൽ ഒരു സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസിന്റെയും വിസികെയുടെയും നീക്കം അങ്ങേയറ്റം സങ്കീർണ്ണമാണ്. നിലവിൽ എംഡിഎംകെ നേതാവ് വൈക്കോ ഉൾപ്പെടെയുള്ളവർ വിസികെയുടെ ഈ ഇരട്ടത്താപ്പ് സഖ്യ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, കേവലം ദേശീയ അജണ്ടയുടെ പേരിൽ പരസ്പരം ശത്രുക്കളായ ഡിഎംകെയെയും ടിവികെയെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമം പ്രതിപക്ഷ നിരയിലെ ആശയക്കുഴപ്പങ്ങളെയാണ് തുറന്നുകാട്ടുന്നത്. ദേശീയ തലത്തിൽ ബിജെപിയെ മുഖ്യശത്രുവായി കാണുമ്പോഴും, സ്വന്തം തട്ടകത്തിലെ അധികാരം നഷ്ടപ്പെടുത്തിയവരുമായി കൈകോർക്കാൻ ഡിഎംകെ ഇപ്പോൾ തയ്യാറല്ല എന്ന് വ്യക്തം.

The DMK has firmly rejected a mediation attempt by its former ally, the VCK, to unite M.K. Stalin's DMK and Chief Minister C. Joseph Vijay's TVK under the INDIA bloc at the national level to oppose the BJP. VCK chief Thol Thirumavalavan proposed a "Kerala or Bengal model," where the DMK and TVK would remain rivals in Tamil Nadu but unite nationally against the BJP.The DMK dismissed this idea. DMK leaders argued this model wouldn't work in Tamil Nadu and pointed out that Vijay considers the DMK his primary political rival. They told the VCK to secure Vijay's endorsement first. Furthermore, a DMK MP questioned giving INDIA bloc membership to a party with zero Members of Parliament.