India

യാത്രക്കാർ ശ്രദ്ധിക്കണം! റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ, ലിസ്റ്റിൽ പാലക്കാടും

വെള്ളത്തിൽ വിസർജ്യ വസ്തുക്കളുടെ സാന്നിധ്യം ഉണ്ടാകാം എന്നതിന്റെ പ്രധാന സൂചകമാണ് ഇ കോളൈ ബാക്ടീരിയ

Madism Desk

മണിക്കൂറുകളും ദിവസങ്ങളും നീളുന്ന ട്രെയിൻ യാത്രകളിൽ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ള ടാപ്പുകളാണ് ഭൂരിഭാഗം പേർക്കും ആശ്രയം. നല്ല വെള്ളമാണോ എന്ന പേടിയുണ്ടെങ്കിലും നിവൃത്തിയില്ലാതെ ഈ വെള്ളം കുടിക്കുന്നവരുമുണ്ട്. എന്നാൽ ഈ വെള്ളത്തിൽ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) അടുത്തിടെ നടത്തിയ ഒരു ഓഡിറ്റിലാണ്, രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 512 സ്റ്റേഷനുകളിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ കോയമ്പത്തൂർ, പാലക്കാട്, ഹൈദരാബാദ്, ഛത്രപതി ശിവാജി ടെർമിനസ്, ഭീവണ്ഡി റോഡ്, കല്യാൺ, ലോനവാല, മധുപൂർ എന്നിങ്ങനെ 8 റെയിൽവേ സ്റ്റേഷനുകളിലാണ് ഇ-കോളിയുടെ സാന്നിധ്യം കണ്ടെത്തിയത്.

വെള്ളത്തിൽ വിസർജ്യ വസ്തുക്കളുടെ സാന്നിധ്യം ഉണ്ടാകാം എന്നതിന്റെ പ്രധാന സൂചകമാണ് ഇ കോളൈ ബാക്ടീരിയ. അതായത്, ഈ വെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നിട്ടുണ്ടാകാം എന്നർഥം. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, കുടിക്കാനെടുക്കുന്ന 100 മില്ലിലിറ്റർ വെള്ളത്തിന്റെ സാമ്പിളിൽ ഇ-കോളിയുടെ സാന്നിധ്യം തീർത്തും ഉണ്ടാകാൻ പാടില്ല. വെള്ളത്തിൽ ഇവയെ കണ്ടെത്തിയാൽ ഉടൻ തന്നെ അതിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണം.

പരിശോധന നടത്തിയ സ്റ്റേഷനുകളിൽ 458 സ്റ്റേഷനുകളിലും അടിസ്ഥാന സൌകര്യങ്ങളില്ല എന്നും കണ്ടെത്തിയിരുന്നു. വാട്ടർ കൂളറുകൾ കൂടാതെ, പ്ലാറ്റ്ഫോമുകളിലെ സാധാരണ കുടിവെള്ള പൈപ്പുകളിലൂടെ എത്തുന്ന വെള്ളത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2022-23 കാലയളവിൽ 8 സോണുകളിലെ 49 സ്റ്റേഷനുകളിൽ നിന്നും, 2023-24 കാലയളവിൽ 9 സോണുകളിലെ 56 സ്റ്റേഷനുകളിൽ നിന്നും ശേഖരിച്ച പൈപ്പ് വെള്ളത്തിന്റെ സാംപിളുകളിൽ ടോട്ടൽ കോളിഫോം ബാക്ടീരിയകളുടെയും ഇ-കോളി ബാക്ടീരിയയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

1. എന്താണ് ഇ കോളി ബാക്ടീരിയ?

സാധാരണയായി മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളിൽ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ഇ. കോളി

ഇവയിലെ മിക്ക വകഭേദങ്ങളും (Strains) ഉപദ്രവകാരികളല്ല. അവ മനുഷ്യന്റെ ദഹനവ്യവസ്ഥയുടെ ഭാഗമായി സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

2. കുടിവെള്ളത്തിൽ ഇ കോളി കണ്ടെത്തിയാലുള്ള അപകടങ്ങൾ

ഇ കോളി ബാക്ടീരിയ എവിടെ കാണപ്പെടുന്നു എന്നതാണ് പ്രധാനം. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നത് ഗുരുതരമായ പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.

കുടിവെള്ളത്തിൽ ഇ കോളി കാണപ്പെടുന്നത് വെള്ളത്തിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്യ അവശിഷ്ടങ്ങൾ കലർന്നിട്ടുണ്ട് എന്നതിന്റെ നേരിട്ടുള്ള തെളിവാണ്. വിസർജ്യ മലിനീകരണം നടന്നിട്ടുണ്ടെങ്കിൽ ഇ കോളിക്ക് പുറമെ രോഗമുണ്ടാക്കുന്ന മറ്റ് ഗുരുതരമായ വൈറസുകളും ബാക്ടീരിയകളും വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്.

സിഎജി നിർദേശങ്ങൾ

എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം

ജലവിതരണ സംവിധാനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ നിലവിലുള്ള ഔദ്യോഗിക പ്രോട്ടക്കോളുകൾ കർശനമായി പാലിക്കണം

റെയിൽവേ ബോർഡ് നിർദേശിച്ച അടിസ്ഥാനാവശ്യങ്ങൾ എല്ലാ സ്റ്റേഷനുകളിലും മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കണം

സ്റ്റേഷനുകളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം

For passengers on train journeys lasting hours or even days, drinking-water taps at railway stations are a major source of water. Although many worry about its safety, they often have little choice but to drink it. However, the detection of E. coli bacteria, which can cause serious health problems, in this water has raised major concerns.

A recent audit by the Comptroller and Auditor General (CAG) found the presence of E. coli in drinking water at railway stations across the country. Water from 512 railway stations was tested, with E. coli detected at eight stations — Coimbatore, Palakkad, Hyderabad, Chhatrapati Shivaji Terminus, Bhiwandi Road, Kalyan, Lonavala and Madhupur.