India

അർഹർക്കും വോട്ടവകാശം നഷ്ടമായി; ഗോവയിൽ 97 പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സംവിധാനത്തിലെ നിയന്ത്രണങ്ങളാണ് ഇവരുടെ വോട്ടവകാശം ഇല്ലാതാക്കിയത്.

Madism Desk

90 കോടിയിലധികം വോട്ടർമാരുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് 97 വോട്ടർമാർ എന്നത് ഒരുപക്ഷേ നിസ്സാരമായി തോന്നാം. എന്നാൽ ​തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, കമ്മീഷന്റെ കേന്ദ്രീകൃത ഐടി സംവിധാനത്തിലെ വീഴ്ചകൾ കാരണം ഗോവയിൽ 97 പേർക്ക് വോട്ടവകാശം നഷ്ടപ്പെട്ട സംഭവവും വലിയ ചർച്ചയാകുകയാണ്.

സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനകൾ നടത്തി അർഹരെന്ന് കണ്ടെത്തിയിട്ടും ഗോവയിൽ 97 പേരെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സംവിധാനത്തിലെ നിയന്ത്രണങ്ങളാണ് ഇവരുടെ വോട്ടവകാശം ഇല്ലാതാക്കിയത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികളിൽ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണ ഔദ്യോ​ഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. വിവരങ്ങൾ മറച്ചുവെക്കുന്നത് മുതൽ പുതിയ വോട്ടർമാരെ ചേർക്കുന്നതും പേരുകൾ നീക്കം ചെയ്യുന്നതും വരെയുള്ള കാര്യങ്ങളിലായിരുന്നു ഈ വിയോജിപ്പ്.

വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള കമ്മീഷന്റെ ഇസിഐനെറ്റ്, ഇആർഒനെറ്റ് എന്നീ സോഫ്റ്റ്‍വെയറുകളുടെ നിയന്ത്രണം പൂർണ്ണമായി ഡൽഹിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെയും, സംസ്ഥാനതല ഉദ്യോ​ഗസ്ഥരുടെ അധികാരം കവർന്നെടുക്കുന്നതിനെയുമാണ് ഇവർ പ്രധാനമായും എതിർത്തത്. വോട്ടർ പട്ടികയുടെ ഡാറ്റാബേസ് പൂർണ്ണമായും കേന്ദ്രീകൃത നിയന്ത്രണത്തിലേക്ക് മാറുന്നതിനെക്കുറിച്ച് മെയ് മാസത്തിൽ വിവേക് ജോഷി മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ തിരുത്താനുള്ള പൂർണ്ണമായ പ്രവേശനാവകാശം ലഭിക്കുന്നില്ലെന്നും, നിയമപരമായി പ്രവർത്തിക്കേണ്ട ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തന സ്വാതന്ത്ര്യം തടയാൻ ഡൽഹിയിലെ ഐടി ഡയറക്ടർ ജനറലിന് യാതൊരു നിയമപരമായ അധികാരവുമില്ലെന്നും ഓഗസ്റ്റിൽ സന്ധുവും ചൂണ്ടിക്കാട്ടി. ഈ ആശങ്കകൾ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ഗോവയിലെ സംഭവം.

ലോജിക്കൽ ഡിസ്ക്രിപൻസി അഥവാ യുക്തിപരമായ പൊരുത്തക്കേടുകൾ എന്ന കാരണത്താലാണ് ഈ വോട്ടർമാരെ സോഫ്റ്റ്‍വെയർ പട്ടികയിൽ നിന്ന് മാറ്റിനിർത്തിയത്. മുൻകാല പട്ടികയിലെ വിവരങ്ങളുമായി പുതിയ വോട്ടറുടെ വിവരങ്ങൾ ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ സോഫ്റ്റ്‍വെയർ കണ്ടെത്തുന്ന പൊരുത്തക്കേടുകളാണിവ. മാതാപിതാക്കളുടെ പേരിൽ പൊരുത്തക്കേടുണ്ടാവുക, മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള പ്രായവ്യത്യാസം 15 വർഷത്തിൽ കുറവോ 50 വർഷത്തിൽ കൂടുതലോ ആകുക, പഴയ പട്ടികയിൽ നിന്ന് പുതിയതിലേക്ക് മാറുമ്പോൾ പ്രായം ശരിയായ രീതിയിൽ വർദ്ധിക്കാതിരിക്കുക, അല്ലെങ്കിൽ വോട്ടർ രേഖകളൊന്നും സമർപ്പിക്കാതിരിക്കുകയോ ആധാർ മാത്രം സമർപ്പിക്കുകയോ ചെയ്യുക തുടങ്ങിയവ ഇതിൽപ്പെടുന്നു.

ജനുവരി 29ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‍മാല്യ ബാ​ഗ്‍ചി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഇത്തരം വോട്ടർമാരുടെ വിവരങ്ങൾ ​ഗ്രാമപഞ്ചായത്തുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ കാരണസഹിതം പ്രദർശിപ്പിക്കണമെന്നും, ബാധിക്കപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയം അനുവദിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് തമിഴ്‌നാടിന്റെ കാര്യത്തിലായിരുന്നുവെങ്കിലും, വോട്ടർ പട്ടിക പുതുക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് പാലിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് ​ഗോവയിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും, 649 ആളുകൾ രേഖകളുമായി മുന്നോട്ടുവരികയും ചെയ്തു. ​ഗോവയിലെ പ്രാദേശിക ഉദ്യോ​ഗസ്ഥർ ഇത് പരിശോധിക്കുകയും അതിൽ 97 പേർ വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അർഹരാണെന്ന് കണ്ടെത്തുകയും ചെയ്തു. വോട്ടർമാരെ ഒഴിവാക്കിയ പഴയ നടപടി തിരുത്തേണ്ടതുണ്ട് എന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചു. എന്നാൽ ഇസിഐനെറ്റ് സോഫ്റ്റ്‌വെയർ വഴി ഇത് തിരുത്താൻ അവർക്ക് കഴിഞ്ഞില്ല. കാരണം, അതിനുള്ള അധികാരം ഡൽഹിയിൽ നിന്ന് പൂർണ്ണമായും നിയന്ത്രിച്ചിരിക്കുകയായിരുന്നു.

വോട്ടർമാരെ തിരികെ ഉൾപ്പെടുത്താൻ പഴയതിലേക്ക് മടങ്ങാനുള്ള റോൾബാക്ക് സൗകര്യം നൽകണമെന്നാവശ്യപ്പെട്ട് ​ഗോവയിലെ ഉദ്യോ​ഗസ്ഥർ നിരന്തരം ഡൽഹിയിലേക്ക് സന്ദേശങ്ങൾ അയച്ചു. ഫെബ്രുവരി 11ന് റോൾബാക്ക് സൗകര്യം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗോവ ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്മീഷന്റെ വെണ്ടറായ ടാറ്റ കൺസൾട്ടൻസി സർവീസസിനും സംസ്ഥാന സിഇഒ-യ്ക്കും കത്തയച്ചു. അന്നുതന്നെ സിഇഒ ഇത് ഗോവയുടെ ചുമതലയുള്ള സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് ഭാരതിക്കും, ഐടി വിഭാഗം മേധാവി സീമ ഖന്നയ്ക്കും കൈമാറി. തുടർന്ന് ഫെബ്രുവരി 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ഈ 97 ആളുകളുടെ കാര്യത്തിൽ റോൾബാക്ക് ഓപ്ഷൻ അടിയന്തരമായി ആവശ്യമുണ്ടെന്നും, അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും കാണിച്ച് ഗോവ സിഇഒ നിരന്തരം ഇമെയിലുകളും കത്തുകളും അയച്ചു.

അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നാല് ദിവസം മുൻപ്, അതായത് ഫെബ്രുവരി 17-ന് ഗോവ സിഇഒ അവസാനമായി 97 പേരുടെ പട്ടിക സഹിതം ഒരു ഇമെയിൽ കൂടി അയച്ചു. ഏഴ് ദിവസത്തിനിടയിൽ അദ്ദേഹം അയക്കുന്ന എട്ടാമത്തെ അപേക്ഷയായിരുന്നു അത്. തൊട്ടടുത്ത ദിവസം, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐടി ഡയറക്ടർ ജനറൽ സീമ ഖന്നയ്ക്ക് നേരിട്ട് കത്തയക്കുകയും, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള നടപടികൾ തടയാൻ ഐടി സംവിധാനത്തിന് കഴിയില്ലെന്നും, പ്രാദേശിക ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ഡൽഹിയിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഈ 97 പേരും അതിൽ ഉണ്ടായിരുന്നില്ല. ഈ 97 വോട്ടർമാരിലും 65 പേരും കഴിഞ്ഞ ജൂലൈയിൽ അന്തരിച്ച ബിജപി നേതാവ് ജെന്നിഫർ മൊൺസെറാറ്റ് പ്രതിനിധീകരിച്ചിരുന്ന തലെയ്ഗാവ് മണ്ഡലത്തിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ സാന്താക്രൂസ്, കുംബർജുവ, പ്രിയോൾ, മഡ്ഗാവ്, ബനൗലിം, വേലിം എന്നീ അസംബ്ലി മണ്ഡലങ്ങളിൽ നിന്നാണ്. ഗോവയിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തത് കേവലം വോട്ടവകാശം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ കാര്യമാണ്.

സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ വലിയ ചികിത്സകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഗോവ മെഡിക്ലെയിം സ്കീം സംസ്ഥാനത്തെ വോട്ടർമാർക്ക് മാത്രമുള്ളതാണ്. പട്ടികയിൽ നിന്ന് പുറത്തായതോടെ ഇവർക്ക് ഈ ആനുകൂല്യങ്ങളും നഷ്ടമാകും. ഒടുവിൽ, യാതൊരു തെറ്റും ചെയ്യാത്ത ഈ ആളുകളോട് പുതിയ വോട്ടർമാർ ഉപയോഗിക്കുന്ന ഫോം 6 വഴി വീണ്ടും അപേക്ഷിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരിക്കുകയാണ്.

വോട്ടർ പട്ടികയിൽ കൃത്രിമം നടക്കില്ലെന്നും ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് പ്രാദേശിക ഉദ്യോ​ഗസ്ഥരാണ് ഇത് തയ്യാറാക്കുന്നതെന്നുമുള്ള കമ്മീഷന്റെ സ്ഥിരം ന്യായീകരണമാണ് ​ഗോവയിലെ സംഭവത്തോടെ ഇല്ലാതായത്. അർഹരെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ഇത്രയും പേർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായത് എന്ന ചോദ്യത്തിന് ഗോവ സിഇഒ സഞ്ജയ് ഗോയൽ നൽകിയ മറുപടി, പൊരുത്തക്കേടുകൾ കാരണം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരം കമ്മീഷനെ അറിയിച്ചിരുന്നു എന്നും അവരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം അവരുടേതായിരുന്നു എന്നുമാണ്.

എങ്കിലും, പ്രാദേശിക തലത്തിൽ ഉദ്യോഗസ്ഥർക്ക് തന്നെ ഇത്തരം വോട്ടർമാരെ തിരികെ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു സംവിധാനം ഈ സോഫ്റ്റ്‌വെയറിൽ ഉണ്ടാകേണ്ടതുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗോവയിൽ എന്തുകൊണ്ട് റോൾബാക്ക് സൗകര്യം ഏർപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗം ഡയറക്ടർ ജനറലായ സീമ ഖന്ന ഇതുവരെയും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Amidst an ongoing rift within the Election Commission of India (ECI), 97 eligible voters in Goa were excluded from the final electoral roll due to the commission's highly centralized IT system. Despite local Electoral Registration Officers (EROs) verifying their eligibility as per Supreme Court guidelines, the EROs could not update the list because the 'ECINet' software is controlled from Delhi. State officials sent 8 emails in 7 days requesting a rollback, which were ignored by the Delhi IT division. This incident validates the warnings of two Election Commissioners who have recorded their dissent 14 times in 10 months against Chief Election Commissioner Gyanesh Kumar's unilateral decisions, specifically opposing the centralization of the voter portal that strips local officers of their statutory powers. The exclusion costs the Goa voters not just their franchise, but also vital state healthcare benefits.