India

എസ്‌ഐആര്‍ നടപടിക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വ്യാപക സ്ഥലംമാറ്റം; 20 മാസത്തിനിടെ ഗ്യാനേഷ് കുമാര്‍ സ്ഥലം മാറ്റിയത് 18 ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരെ

എസ്ഐആര്‍ നടപടികള്‍ക്ക് മുന്നോടിയായി 2025 ഏപ്രിലില്‍ ബിഹാറിലാണ് സ്ഥലംമാറ്റങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നാഗാലാന്‍ഡ്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥലംമാറ്റങ്ങള്‍ നടന്നു.

Madism Desk

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപ്പരിശോധനാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ തന്നെ, 2025-നും 2026-നും ഇടയില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 18-ഓളം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) മാര്‍ക്ക് സ്ഥലംമാറ്റമെന്ന് റിപ്പോര്‍ട്ട്. 2025 ഫെബ്രുവരിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റ ശേഷമാണ് ഈ വന്‍ അഴിച്ചുപണി നടന്നത്. സിഇഒമാര്‍ക്ക് പുറമെ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ (ഡിഇസി) ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാറ്റിനിയമിച്ചിട്ടുണ്ട്. സമാനമായ കാലയളവുകളില്‍ നടന്നിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലംമാറ്റമാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് വര്‍ഷത്തെ കാലാവധി വെട്ടിച്ചുരുക്കി

സാധാരണയായി കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സിഇഒമാരെ ഒരേ പദവിയില്‍ നിലനിര്‍ത്താറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പതിവ്. എന്നാല്‍, നിലവില്‍ സ്ഥലം മാറ്റപ്പെട്ടവരില്‍ കുറഞ്ഞത് ഏഴ് ഉദ്യോഗസ്ഥരെങ്കിലും രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം സേവനമനുഷ്ഠിച്ചവരാണ്. 2025-ല്‍ മാത്രം ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സിഇഒമാരെ മാറ്റിയിരുന്നു. തുടര്‍ന്ന് 2026-ല്‍ കുറഞ്ഞത് 10 സ്ഥലംമാറ്റങ്ങള്‍കൂടി നടന്നു.

എസ്ഐആര്‍ നടപടികള്‍ക്ക് മുന്നോടിയായി 2025 ഏപ്രിലില്‍ ബിഹാറിലാണ് സ്ഥലംമാറ്റങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നാഗാലാന്‍ഡ്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥലംമാറ്റങ്ങള്‍ നടന്നു. 2026-ല്‍ പഞ്ചാബ്, ഡല്‍ഹി, ഗുജറാത്ത്, സിക്കിം, ചണ്ഡീഗഡ് എന്നിവിടങ്ങളിലും പുതിയ നിയമനങ്ങള്‍ നടന്നു. 2025 നവംബറിനും 2026 ഒക്ടോബറിനും ഇടയില്‍ ലക്ഷദ്വീപില്‍ മൂന്ന് സിഇഒമാരാണ് ചുമതലയേറ്റത്. പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, ചുമതലയിലുണ്ടായിരുന്ന സിഇഒമാരെ ഉയര്‍ന്ന സര്‍ക്കാര്‍ പദവികളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു.

ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തലത്തിലും അഴിച്ചുപണി

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തലത്തിലും സുപ്രധാന മാറ്റങ്ങള്‍ നടന്നു. ഓഗസ്റ്റില്‍ സഞ്ജയ് കുമാറിനെ സ്വന്തം കേഡറിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന്, 2025 മേയില്‍ ഭാനു പ്രകാശ് യെതുരു, 2025 സെപ്റ്റംബറില്‍ പവന്‍ കുമാര്‍ ശര്‍മ്മ, 2026 ഒക്ടോബറില്‍ പ്രകാശ് രാജ്പുരോഹിത് എന്നിവരെ പുതിയ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചു. അതേസമയം, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ സ്ഥലംമാറ്റങ്ങളുടെ തോത് വളരെ കൂടുതലാണ്.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ 2022 മേയ് മുതല്‍ 2025 ഫെബ്രുവരി വരെയുള്ള 33 മാസത്തെ ഭരണകാലയളവില്‍ (2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ) ഏകദേശം 23 സിഇഒ സ്ഥലംമാറ്റങ്ങളാണ് നടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായിരുന്ന സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവരുടെ 41 മാസത്തെ കാലയളവില്‍ പൊതുതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ആകെ 29 സ്ഥലംമാറ്റങ്ങളാണ് നടന്നതെന്നും ഇക്കണോമിക് ടൈംസ് വ്യക്തമാക്കുന്നു.

The Election Commission of India has reportedly transferred around 18 Chief Electoral Officers (CEOs) across states and Union Territories between 2025 and 2026, even as the Special Intensive Revision (SIR) of electoral rolls is underway. The reshuffle followed Gyanesh Kumar’s appointment as Chief Election Commissioner in February 2025 and also involved senior officials, including Deputy Election Commissioners. According to a report by The Economic Times, at least seven of the transferred CEOs had served in their posts for less than two years, despite the Election Commission’s usual practice of retaining CEOs for at least three years. Nine states and Union Territories saw CEO transfers in 2025, followed by at least 10 more in 2026. Lakshadweep reportedly had three CEOs between November 2025 and October 2026.