ജാതി വിവേചനത്തിനെതിരെയും രാജ്യത്തെ നിയമ സംവിധാനത്തിലെ അഴിമതികള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തിയ ന്യായാധിപതി, ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന് കര്ണന് എന്ന സി എസ് കര്ണന് (71) അന്തരിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്ജി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജ. കര്ണന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിക്കുകയും തടവിലാക്കുകയും ചെയ്തതിലൂടെ ദേശീയ ശ്രദ്ധ നേടിയ ജസ്റ്റിസ് കര്ണന് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുന്‍ ഹൈക്കോടതി ജഡ്ജിയാണ്.
2017 ജനുവരിയിലാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലെയും അന്ന് സര്‍വീസില്‍ ഉണ്ടായിരുന്നതും വിരമിച്ചതുമായ ഇരുപത് ജഡ്ജിമാര്‍ അഴിമതിക്കാരാണ് എന്ന ജ. കര്‍ണന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ തുറന്ന കത്തിലായിരുന്നു കര്‍ണന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതി തന്നെ രംഗത്തെത്തി. കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ജസ്റ്റിസ് കര്‍ണനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറ് മാസം തടവിന് ശിക്ഷിച്ചു.
ഈ നടപടികള്‍ക്കിടയില്‍, സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്ണ്ണന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും, അവര്‍ക്ക് തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തിരുന്നു. 2017 മേയ് 9-ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ഏഴംഗ സുപ്രീംകോടതി ബെഞ്ചിന്റെയിരുന്നു നടപടി.
ഹൈക്കോടതിയില്‍ സേവനത്തിലിരിക്കെ കോടതിയലക്ഷ്യക്കുറ്റത്തിന് തടവുശിക്ഷ ലഭിച്ച ആദ്യ ജഡ്ജിയായി അദ്ദേഹം മാറി. വിരമിച്ചതിന് എട്ട് ദിവസത്തിനുശേഷം, ജൂണ്‍ 20-ന് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റിലായി. 2017 ഡിസംബര്‍ 20-ന് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ജയില്‍മോചിതനായി. എന്നാല്‍, 'ജുഡീഷ്യറിയെ സംരക്ഷിക്കാന്‍ ' കര്‍ണനെ ഉദാഹരണമാക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാട് എടുത്തതും ചരിത്രം.
വ്യവസ്ഥാപിതമായി ജുഡീഷ്യറി സംവിധാനങ്ങളോട് എന്നും കലഹിച്ച വ്യക്തിയായിരുന്നു ജ. കര്ണന്. മദ്രാസ് ഹൈക്കോടതിയില്‍ സഹജഡ്ജിമാരില്നിന്ന് ജാതിവിവേചനം നേരിടുന്നുവെന്ന് കര്ണന് തുറന്നുപറഞ്ഞിരുന്നു. ഈ വിഷയത്തില്‍ 2011-ല്‍ ദേശീയ പട്ടികജാതി കമ്മീഷനെയും സമീപിച്ചു. ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 2016-ല്‍ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ സുപ്രീംകോടതി കൊളീജിയത്തിന്റെ നടപടിയെയും കര്ണന് ചോദ്യം ചെയ്തു. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്വമേധയാ സ്റ്റേ പുറപ്പെടുവിച്ചതും വിവാദമായി. മറ്റൊരു ഒമ്പതംഗ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനു അദ്ദേഹം സ്റ്റേ വാങ്ങിയെടുക്കുകയും ചെയ്തു.
1955 ജൂണ്‍ 12 ന് തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലെ കര്നാതം എന്ന ഗ്രാമത്തിലാണ് ചിന്നസ്വാമി സ്വാമിനാഥന് കര്ണന് ജനിക്കുന്നത്. അധ്യാപകനായിരുന്നു പിതാവ് സി. സ്വാമിനാഥന് അദ്ധ്യാപന മികവിനു പ്രസിഡന്റിന്റെ പക്കല്‍ നിന്നും അവാര്‍ഡ് നേടിയ ആളാണ്. സി. സ്വാമിനാഥന് - കമലം അമ്മാള്‍ ദമ്പതികളുടെ എട്ട് മക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
കൂഡല്ലൂരിലെ തന്നെ മംഗലംപേട്ട് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും വിരുന്ധാചലം ആര്‍ട്സ് കോളേജില്‍ പ്രീ ഡിഗ്രി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ കര്ണന് ചെന്നൈയില്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ സ്കൂളില്‍ നിന്നും 1983ല്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തമിഴ്നാട് ബാര്‍ കൗണ്‍സിലിന് കീഴില്‍ സിവില്‍ പ്രാക്റ്റീസും ആരംഭിക്കുകയായിരുന്നു.
മെട്രോ വാട്ടര്‍ സംഘടനയുടെ നിയമോപദേഷ്ടാവായും സിവില്‍ സ്യൂറ്റുകളിലെ സര്‍ക്കാര്‍ അഭിഭാഷ്കനായും ഭാരതസര്‍ക്കാരിന്റെ കൗണ്‍സല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ ഉന്നത വിദ്യാഭ്യാസവും നേടി. 2009 മുതല്‍ മദ്രാസ് ഹൈകോടതിയില്‍ ജഡിജിയായി പ്രവര്‍ത്തിച്ചു. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലിയാണ് ആ സ്ഥാനത്തേക്ക് ജസ്റ്റിസ് കര്‍ണന്റെ പേര് നിര്‍ദ്ദേശിച്ചത്.
നിയമ രംഗത്ത് നിന്നും വിരമിച്ച് ജയില്‍ വാസം സ്വീകരിച്ച ജ. കര്ണന് പിന്നീടും പൊതു രംഗത്ത് സജീവമായി. 2018 മെയിയില് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അക്കാലത്തും ജുഡീഷ്യറിക്ക് എതിരെ അദ്ദേഹം പ്രചാരണം തുടര്‍ന്നു. ജഡ്ജിമാര്‍ക്കും വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് 2020 ഡിസംബറില്‍ ചെന്നൈ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തന്റെ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും, ബോധപൂര്‍വ്വമാണ് അദ്ദേഹം അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി പലതവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി. 2021 മാര്‍ച്ചിലാണ് അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം ലഭിച്ചത്.