ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുന്നു. ഇന്നു രാത്രി ഡൽഹിയിലെത്തുന്ന അണ്ണാമലൈ നാളെ പാർട്ടി അധ്യക്ഷൻ നിതിൻ നബിനെ കണ്ട് തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് മുതിർന്ന ബിജെപി മുതിർന്ന വൃത്തങ്ങൾ നൽകുന്ന വിവരം.ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയ മുഖങ്ങളിലൊന്നായ അണ്ണാമലൈ പാർട്ടി നേതൃത്വമായി ഏറെക്കാലമായി ഭിന്നതയിലാണ്.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. മാധ്യമപ്രവർത്തരുടെ ചോദ്യത്തിനു മറുപടിയായി ‘ദയവായി കാത്തിരിക്കുക, രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്ന് അദ്ദേഹം പ്രതികരിച്ചത് പുതിയ പാർട്ടി പ്രഖ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി വിടുന്ന കാര്യത്തിൽ അണ്ണാമലൈ ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന വിവരം. ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാമലൈ ബിജെപി നിരയിൽ സജീവമായിരുന്നില്ല. അതുമുതൽ അണ്ണാമലൈ ഉടൻ പാർട്ടി വിട്ടേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതേസമയം, പ്രചരിക്കുന്നത് കിംവദന്തികൾ മാത്രമാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം പറയുന്നത്.
കോയമ്പത്തൂരിൽ അണ്ണാമലൈയുടെ കൂറ്റൻ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനത്തിനു മുന്നോടിയായാണ് കോയമ്പത്തൂർ നഗരത്തിലെ പ്രധാന റോഡുകളിലും തെരുവുകളിലും പോസ്റ്റർ നിറഞ്ഞിരിക്കുന്നത്. ''നമ്മുടെ നേതാവേ, വന്ന് ഞങ്ങളെ നയിക്കൂ,'’ എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഇതിനു പിന്നാലെയാണ് അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന സൂചന ശക്തമായത്. ചുവടുമാറ്റം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
തമിഴ്നാട്ടിൽ മറ്റൊരു രാഷ്ട്രീയപാർട്ടി കൂടി വരുന്നെന്ന കോൺഗ്രസ് കോൺഗ്രസ് നേതാവും എംപിയും കാർത്തി ചിദംബരത്തിന്റെ എക്സ് പോസ്റ്റും അണ്ണാമലൈയുടെ ചുവടുമാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമാക്കി. ‘മക്കൾ ശക്തി പ്രസ്ഥാനം’ എന്നായിരിക്കും പുതിയ പാർട്ടിയുടെ പേരെന്നാണ് കാർത്തി എക്സിൽ കുറിച്ചത്. അണ്ണാലൈ കഴിഞ്ഞദിവസം രജിനി കാന്തിനെ സന്ദർശിച്ചതും പുതിയ നീക്കം സംബന്ധിച്ച് അഭ്യൂഹത്തിനു കാരണമായി.
തമിഴ്നാട്ടിലെ യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള അണ്ണാമലൈ, ഐപിഎസ് ഉപേക്ഷിച്ച് 2020ലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് 2021 മുതൽ 2025 വരെ ബിജെപി തമിഴ്നാട് അധ്യക്ഷനായി പ്രവർത്തിച്ചു. ഒടുവിൽ അദ്ദേഹത്തെ മാറ്റി നൈനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചതോടെ അണ്ണാമലൈ പിൻനിരയിലേക്കു വലിയുന്ന ചിത്രമാണ് തമിഴകം കണ്ടത്.
വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴം വളരെ പെട്ടെന്ന് തമിഴ്നാട്ടിൽ സ്വാധീനം ചെലുത്തുകയും സംസ്ഥാനത്തിന്റെ അധികാരം പിടിക്കുകയും ചെയ്തതതാണ് അണ്ണാമലൈയുടെ ഇപ്പോഴത്തെ നീക്കത്തിന്റെ പ്രധാന ചാലകശക്തി. കടുത്ത ശൈലിയിലുള്ള പ്രസംഗങ്ങളിലൂടെ വളരെ പെട്ടെന്ന് ഒരു വിഭാഗം തമിഴരുടെ മനസിൽ ഇടംനേടിയ അണ്ണാമലൈ, തമിഴ് സ്വത്വം, സദ് ഭരണം, അഴിമതി, വികസനം, ഭരണ പരിഷ്കരണം എന്നിവയിലാണ് എപ്പോഴും ഊന്നിയത്. ക്ലാസിക്കൽ ഹിന്ദുത്വത്തേക്കാൾ ദ്രാവിഡ രാഷ്ട്രീയത്തോട് അടുത്തുനിൽക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റെതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
English Summary: Former Tamil Nadu BJP president K. Annamalai is reportedly set to quit the party and may formally convey his decision to the national leadership in Delhi soon. Sources suggest the former IPS officer could launch a new political party, with recent remarks and growing public speculation fueling the rumors. Annamalai has been at odds with BJP leadership for some time and has remained relatively inactive since the Tamil Nadu Assembly elections. His possible move has sparked intense political discussion, with reports indicating that the proposed party could be named “Makkal Sakthi Iyakkam.”