കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേന്ത്യന്‍ മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹൈദരാബാദിലാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ജൂണ്‍ 30 ന് പുറത്തിറക്കിയ 'ലേബര്‍ മാര്‍ക്കറ്റ് ഡൈനാമിക്‌സ് ഇന്‍ മില്യണ്‍-പ്ലസ് സിറ്റീസ്' (Labour Market Dynamics in Million-plus Cities) എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2025-ലെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയെ (പിഎല്‍എഫ്എസ്) അടിസ്ഥാനമാക്കി, 2011-ലെ സെന്‍സസ് പ്രകാരം പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 46 നഗരങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളാണ് കേന്ദ്ര മന്ത്രാലയം വിലയിരുത്തിയത്.
തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ പട്നയില്‍
ഹൈദരാബാദിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമാണ്. ഇത് ബെംഗളൂരു (2.8 ശതമാനം), ചെന്നൈ (4.4 ശതമാനം) എന്നീ നഗരങ്ങളേക്കാള്‍ വളരെ കൂടുതലാണ്. കോയമ്പത്തൂര്‍, മധുരൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, വിജയവാഡ എന്നീ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏഴ് പ്രധാന നഗരങ്ങളെയാണ് ഈ പഠനത്തിനായി പരിഗണിച്ചിരുന്നത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ മൊത്തത്തില്‍ നോക്കിയാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് തമിഴ്നാട്ടിലെ മധുരൈയിലാണ് (11.6 ശതമാനം). ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ നിരക്ക് ഹൈദരാബാദിന് സമാനമായി 6.9 ശതമാനമാണ്. അതേസമയം, ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ബിഹാറിലെ പട്‌നയിലാണ് (20.9 ശതമാനം). ഡല്‍ഹി 5.3 ശതമാനം, മുംബൈ 3.6 ശതമാനം, കൊല്‍ക്കത്ത 1.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 46 പ്രധാന നഗരങ്ങളിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമാണ്.
ജോലി സമയവും ശമ്പളവും
തൊഴിലില്ലായ്മ നിരക്ക് കൂടുതലാണെങ്കിലും ആഴ്ചയിലെ ശരാശരി ജോലി സമയത്തിന്റെ കാര്യത്തില്‍ ഹൈദരാബാദ് മുന്നിലാണ്. ഹൈദരാബാദില്‍ ഒരാള്‍ ആഴ്ചയില്‍ ശരാശരി 49 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍, ബെംഗളൂരുവിലും ചെന്നൈയിലും ഇത് കുറവാണ്. വിജയവാഡയിലാണ് ഏറ്റവും ഉയര്‍ന്ന ജോലി സമയം രേഖപ്പെടുത്തിയത്, ആഴ്ചയില്‍ 50.1 മണിക്കൂര്‍. ശമ്പളത്തിന്റെ കാര്യം പരിശോധിച്ചാല്‍, ഹൈദരാബാദിലെ ജീവനക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 31,153 രൂപയാണ്. രാജ്യത്തെ 46 നഗരങ്ങളുടെ പൊതുവായ ശരാശരിയേക്കാള്‍ 28,808 രൂപ കൂടുതലാണ് ഇത്. എങ്കിലും ബെംഗളൂരു (34,323 രൂപ), മുംബൈ (36,267 രൂപ), ഡല്‍ഹി (34,807 രൂപ) എന്നീ നഗരങ്ങളേക്കാള്‍ കുറവാണ് ഹൈദരാബാദിലെ ശരാശരി ശമ്പളം.
സ്ത്രീ-പുരുഷ പങ്കാളിത്തം
46 നഗരങ്ങളിലെ പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 75.9 ശതമാനവും സ്ത്രീകളുടേത് 27.2 ശതമാനവുമാണ്. തൊഴില്‍ മേഖലയില്‍ സജീവമല്ലാത്ത പുരുഷന്മാരില്‍ 53.5 ശതമാനം പേരും അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് 'തുടര്‍പഠനത്തിനുള്ള താല്‍പര്യ'മാണ്. എന്നാല്‍, 68.7 ശതമാനം സ്ത്രീകളും തൊഴില്‍രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ കാരണമായി പറയുന്നത് 'കുട്ടികളുടെ പരിചരണവും വീട്ടുപാലനവുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഉത്തരവാദിത്തങ്ങളു'മാണ്.
According to the latest report released by the Central Government, Hyderabad has the highest unemployment rate among South India's major metro cities, with an unemployment rate of 6.8%. The findings are part of the National Statistical Office's (NSO) Labour Market Dynamics in Million-plus Cities report, based on the 2025 Periodic Labour Force Survey (PLFS), which assessed employment trends across 46 Indian cities with populations exceeding one million.