യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ കാരണമായതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. എങ്കിലും ആഗോളതലത്തില്‍ പ്രതിഫലിച്ച ഈ ഊര്‍ജ്ജ ആഘാതം ഇന്ത്യയിലെ വള ലഭ്യതയെ, പ്രത്യേകിച്ച് യൂറിയ വിതരണത്തെ കാര്യമായി ബാധിച്ചില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനത്തിലും ഇറക്കുമതിയിലും കൈക്കൊണ്ട മുന്‍കരുതലുകളാണ് രാജ്യത്തെ വലിയൊരു വളക്ഷാമത്തില്‍ നിന്ന് കരകയറ്റിയത്.
എല്‍എന്‍ജി വൈവിധ്യവല്‍ക്കരണവും യൂറിയ ഉല്‍പ്പാദനവും
ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം മാര്‍ച്ചിലെ യൂറിയ ഉല്‍പ്പാദനം 17.5 ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ഉല്‍പ്പാദനം 24.7 ലക്ഷം ടണ്‍ ആയിരുന്നു. യൂറിയ ഉല്‍പ്പാദനത്തിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) വിതരണത്തിലുണ്ടായ തടസ്സമായിരുന്നു ഇതിന് കാരണം. യുദ്ധത്തിന് മുമ്പ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന എല്‍എന്‍ജിയുടെ 53-54 ശതമാനവും ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഷിപ്പിങ് തടസ്സങ്ങളും ഇറാന്റെ ആക്രമണങ്ങളില്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തകര്‍ന്നതും വിതരണം തടസ്സപ്പെടാന്‍ കാരണമായി.
എന്നാല്‍ തൊട്ടടുത്ത മാസങ്ങളില്‍ യുഎസ്, ഒമാന്‍, നൈജീരിയ, അംഗോള, റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ട്രിനിഡാഡ്, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്ത് ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പൊതുമേഖലാ കമ്പനികള്‍ക്കും സാധിച്ചു. എല്‍എന്‍ജി എത്തിയതോടെ ഏപ്രില്‍ മാസത്തെ ഉല്‍പ്പാദനം 21 ലക്ഷം ടണ്ണായി ഉയര്‍ന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ ഉല്‍പ്പാദനം യഥാക്രമം 25.2 ലക്ഷം ടണ്ണും 25.4 ലക്ഷം ടണ്ണുമായി വര്‍ദ്ധിച്ചു.
ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്, ആര്‍സിഎഫ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയാണ് യൂറിയ ഇറക്കുമതി ഉറപ്പാക്കിയത്. എന്നാല്‍ യൂറിയയുടെ കാര്യത്തില്‍ രാജ്യം സുരക്ഷിതമാണെങ്കിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ വളങ്ങളുടേയും ഡൈ-അമോണിയം ഫോസ്‌ഫേറ്റിന്റെയും ലഭ്യതയിലെ ഇടിവ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇവയുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ ഫോസ്‌ഫോറിക് ആസിഡ്, സള്‍ഫര്‍, അമോണിയ എന്നിവയുടെ വില ആഗോളതലത്തില്‍ കുത്തനെ ഉയര്‍ന്നതും വിതരണത്തിലെ തടസ്സങ്ങളുമാണ് ഇതിന് കാരണം. റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ഉക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ സള്‍ഫര്‍ ഉല്‍പ്പാദനത്തെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെ പശ്ചിമേഷ്യന്‍ യുദ്ധം കൂടി വന്നതോടെ ടണ്ണിന് 150-250 ഡോളര്‍ നിരക്കിലുണ്ടായിരുന്ന സള്‍ഫറിന് ഇപ്പോള്‍ 1,100 ഡോളര്‍ വരെയെത്തി.
ഖത്തര്‍, സൗദി അറേബ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമോണിയ വിതരണം ഹോര്‍മുസ് കടലിടുക്കിലെ ഉപരോദം കാരണം തടസ്സപ്പെട്ടു കിടക്കുകയാണ്. റൊക്ക് ഫോസ്‌ഫേറ്റിനെ ഫോസ്‌ഫോറിക് ആസിഡ് ആക്കി മാറ്റാന്‍ സള്‍ഫ്യൂരിക് ആസിഡ് വേണം. ഇതിന് സള്‍ഫര്‍ അത്യാവശ്യമാണ്. സള്‍ഫറിന്റെയും ഫോസ്‌ഫോറിക് ആസിഡിന്റെയും ലഭ്യതക്കുറവ് ഡൈഅമോണിയം ഫോസ്‌ഫേറ്റ്, സിംഗിള്‍ സൂപ്പര്‍ഫോസ്‌ഫേറ്റ് എന്നിവയുടെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സഹായിച്ച് എല്‍ നിനോയും
എല്‍ നിനോ പ്രതിഭാസം കാരണം ഇത്തവണ രാജ്യത്ത് മഴക്കുറവ് അനുഭവപ്പെടുകയും ഖരീഫ് സീസണിലെ കൃഷി കുറയുകയും ചെയ്തിരുന്നു. ഇത് മൂലം വളത്തിനായുള്ള ആവശ്യകത സ്വാഭാവികമായി കുറഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് ശരാശരിയെക്കാള്‍ 12.6% കുറവ് മഴയാണ് ലഭിച്ചത്. ഇത് ഖരീഫ് വിളവിറക്കലില്‍ 4.7% കുറവുവരുത്തി. എങ്കിലും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി വരുന്ന റബി സീസണിലും വളക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സബ്സിഡി അനുവദിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
Despite the global energy crisis triggered by the US-Israel-Iran conflict and disruptions in the Strait of Hormuz, India has largely avoided a major urea shortage through timely diversification of LNG imports and proactive fertilizer procurement. Although urea production dropped sharply in March due to LNG supply disruptions, imports from countries including the US, Oman, Nigeria, Norway, Indonesia, and Trinidad helped restore production in the following months.