India

'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ'; ഗ്യാനേഷ് കുമാറിന് എതിരെ ഇന്ത്യാ സഖ്യത്തിന്റെ ചലോ ഡൽഹി മാർച്ച് ഇന്ന്

ഇന്ത്യ സഖ്യത്തിന്റെ ചാലോ ഡൽഹി റാലിയിൽ സിജെപി പങ്കെടുക്കില്ല

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡൽഹിയിൽ നടക്കും. 10 ലക്ഷം പേരെ അണിനിരത്തി മാർച്ച് സംഘടിപ്പിക്കും എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപനം.  'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന മുദ്രാവാക്യമുയർത്തി ഉച്ചയ്ക്ക് മിന്റോ റോഡ്-കൊണാട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കുള്ള മാർച്ചോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് മാർച്ച് ആരംഭിക്കുന്ന സ്ഥലത്തേക്ക് ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ തുറന്ന ബസുകളിൽ ഒരുമിച്ച് എത്തും.

പത്ത് ലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, 50,000 പേർ പങ്കെടുക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇരുപതിനായിരത്തിലധികം പ്രവർത്തകർ തങ്ങളുടെ ഭാഗത്തുനിന്ന് അണിനിരക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ ചാലോ ഡൽഹി റാലിയിൽ സിജെപി പങ്കെടുക്കില്ല. സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് വിശദീകരണം.

റാലിയോടനുബന്ധിച്ച് ഡൽഹിയിൽ ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 4,000 പൊലീസ് ഉദ്യോ​ഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനയെയും റാലി കടന്നുപോകുന്ന വഴികളിലും വേദിയിലുമായി വിന്യസിച്ചിട്ടുണ്ട്. രാംലീല മൈതാനത്തെ 14 സുരക്ഷാ മേഖലകളായി തിരിച്ച് അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ 200-ലധികം സിസിടിവി ക്യാമറകൾ, ഡ്രോണുകൾ, ബോഡി ക്യാമറകൾ എന്നിവ ഉപയോഗിക്കും. ഇതിനുപുറമെ, മൈതാനത്തിനുള്ളിൽ പ്രത്യേകം കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

റാലിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാനും, സ്ത്രീകൾക്കായി പ്രത്യേക ശൗചാലയങ്ങൾ ഒരുക്കാനും, വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ വളണ്ടിയർമാരെ സജ്ജമാക്കാനും സംഘാടകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ, ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ റാലി മാറ്റിവെക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഗതാഗത നിയന്ത്രണങ്ങൾ ഡൽഹിയിലെ വിപണികളിലെ കോടിക്കണക്കിന് രൂപയുടെ വ്യാപാരത്തെ ബാധിക്കുമെന്നായിരുന്നു ഇവരുടെ ആശങ്ക.

എന്നാൽ, റാലിക്കായി ഡൽഹിയിൽ എത്തുന്ന ലക്ഷക്കണക്കിന് ആളുകൾ ഇവിടുത്തെ പ്രാദേശിക കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങണമെന്നും ഉത്സവ സീസണിൽ വ്യാപാരികളെ സഹായിക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. റാലി ഒരിക്കലും വ്യാപാരികളെ ദോഷകരമായി ബാധിക്കില്ലെന്നും, ഭയം മൂലമാണ് ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

റാലിയോടനുബന്ധിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഐടിഒ, ഡൽഹി ഗേറ്റ്, രാജ്ഘട്ട്, അജ്മേരി ഗേറ്റ്, തുർക്ക്മാൻ ഗേറ്റ് എന്നീ ഭാഗങ്ങളിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.

പ്രതിഷേധ വേദിയിലെ മാറ്റവും പുതിയ വെല്ലുവിളികളും

കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി പൊലീസ് ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം പുതിയ പ്രതിഷേധ വേദിയായി പ്രഖ്യാപിക്കപ്പെട്ട രാംലീല മൈതാനത്ത് നടക്കുന്ന ആദ്യത്തെ വലിയ പ്രതിഷേധ പരിപാടിയാണ് ഈ റാലി. മുൻപ് പാർലമെൻ്റിൽ നിന്ന് കേവലം 2 കിലോമീറ്റർ മാത്രം അകലെയായിരുന്നു ജന്തർ മന്തർ എങ്കിൽ, പുതിയ വേദിയായ രാംലീല മൈതാനം രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ്.

പുതുതായി പ്രഖ്യാപിച്ച മറ്റ് രണ്ട് പ്രതിഷേധ വേദികൾ ഇതിലും ദൂരെയാണ്. ഷഹ്ദാരയിലെ സിബിഡി ഗ്രൗണ്ട് പാർലമെൻ്റിൽ നിന്ന് 14 കിലോമീറ്ററും ബുരാരിയിലെ ഗ്രൗണ്ട് ഏകദേശം 23 കിലോമീറ്ററും അകലെയാണ്. കൂടാതെ, പ്രതിഷേധങ്ങൾക്കായി രാംലീല മൈതാനം ബുക്ക് ചെയ്യുന്നതിന് പ്രതിദിനം 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ചിലവാകും എന്നത് സംഘാടകർക്ക് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.

The INDIA bloc is holding a mega rally today at Delhi's Ramlila Maidan under the banner "Vote Bachao, Desh Bachao". The protest is against alleged electoral irregularities, the Special Intensive Revision (SIR) of voter rolls, and demands the resignation of CEC Gyanesh Kumar. This marks the first major political demonstration at Ramlila Maidan since Jantar Mantar was denotified as a protest site. While heavy security is deployed and traffic restrictions are in place, Rahul Gandhi has urged the lakhs of expected participants to shop locally to support traders concerned about festive season disruptions.