India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'; ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഖാർഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താല്പര്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിച്ചു.

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മകമായി പബ്ലിക് ഇംപീച്ച്മെന്റ് സംഘടിപ്പിച്ച് ഇന്ത്യ സഖ്യം. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് മോക്ക് പാര്‍ലമെന്റ് സജ്ജീകരിച്ചത്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറാണ് പരിപാടിയിൽ അധ്യക്ഷത വഹിച്ചത്. രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയാവതരണം നടത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം എ ബേബി, ഡി രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളും പങ്കെടുത്തു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും 13.2 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആറ് പ്രധാന ആരോപണങ്ങളാണ് ഖാർഗെ ഉന്നയിച്ചത്.

  • തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി.

  • 13.2 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു.

  • ഫോം 6 (വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ) തിരുത്തിയെഴുതി.

  • ഇസിഐനെറ്റ് (ECINET) സംവിധാനത്തിലൂടെ വോട്ടർപട്ടികകളുടെ നിയന്ത്രണം ഏറ്റെടുത്തു.

  • മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുത്തില്ല.

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താല്പര്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിച്ചു.

"ജനങ്ങളുടെ വോട്ടുകൾ അന്യായമായി നീക്കം ചെയ്യപ്പെടുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ചോദ്യങ്ങൾ ഉയരുമ്പോഴെല്ലാം, ലഭിക്കുന്ന മറുപടികളിൽ യാതൊരു സുതാര്യതയുമില്ല. അതുകൊണ്ടാണ് ​ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാൻ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത്," പ്രതീകാത്മക സിറ്റിങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മീരാ കുമാർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആശങ്കാജനകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഏഴ് മാസം മുൻപ് 193 പ്രതിപക്ഷ എംപിമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകിയിരുന്നെങ്കിലും അത് തള്ളിക്കളയുകയാണുണ്ടായതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് സംരക്ഷിക്കാനാണ് ഇപ്പോൾ ഇത്തരമൊരു പ്രമേയം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ലോകരാജ്യങ്ങൾ നമ്മെ ഉറ്റുനോക്കുകയും നമ്മുടെ ജനാധിപത്യ മാതൃക പിന്തുടരുകയും ചെയ്യുന്നുണ്ട്," മീരാ കുമാർ കൂട്ടിച്ചേർത്തു. തുടർനടപടികളെക്കുറിച്ച് വിശദീകരിച്ച അവർ, വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് ഇന്ന് സംസാരിക്കാൻ അവസരമുണ്ടാകും. ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾ, രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാർ, പൗരസമൂഹത്തിന്റെ പ്രതിനിധികൾ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട സാധാരണ പൗരന്മാർ എന്നിവരെല്ലാം തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്നും വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ഈ മാതൃകാ സിറ്റിങിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. ഡൽഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലിക്ക് ഒരു ദിവസം മുൻപാണ് ഈ പരിപാടി നടന്നത്. പ്രതിപക്ഷ കക്ഷികൾക്കും, കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിയവർക്കും പുറമെ മറ്റു സംഘടനകളും നടത്തിവരുന്ന പ്രതിഷേധ പരമ്പരകളുടെ ഭാഗമായാണ് ഈ റാലി. നവംബർ ഒന്നിന് നടക്കുന്ന റാലിയിലെ ഇന്ത്യ സഖ്യത്തിന്റെ വിഷയങ്ങൾക്ക് മറ്റ് പല സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ആം ആദ്മി പാർട്ടിയെ പോലുള്ള ചില കക്ഷികൾ ഇതിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.

The INDIA bloc held a mock public impeachment of Chief Election Commissioner Gyanesh Kumar at Mallikarjun Kharge's residence in Delhi. Chaired by former Lok Sabha Speaker Meira Kumar, the opposition leveled six primary charges against the CEC, including the alleged deletion of 13.2 crore voters and conspiring to manipulate elections. Kharge demanded the CEC's immediate removal from office and a trial for treason.