India

'കുറ്റക്കാർ നിയമത്തിന് മുന്നിൽ വരും'; രാജിയല്ലാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഇന്ത്യ സഖ്യം, നേതാക്കൾ രാജ്ഘട്ടിൽ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ പരാതി നൽകാൻ ഇന്ത്യ സഖ്യം എംപിമാർ വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും

Madism Desk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധം മൂന്നാം ദിവസവും ശക്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് കണാട്ട് പ്ലേസിൽ യോഗം ചേർന്നതിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം സമാധാനപരമായ പ്രതിഷേധത്തിനായി രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തി.

കഴിഞ്ഞ രണ്ട് ദിവസമായി മുന്നൂറോളം പ്രതിപക്ഷ എംപിമാർ സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതിന് അനുവദിക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അത് തങ്ങളുടെ ഉറപ്പാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മഹാത്മാ ​ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ നേതാക്കൾ പൊരുതി നേടിയ സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രാർഥിക്കാൻ കൂടിയാണ് എംപിമാർ രാജ്ഘട്ടിൽ എത്തിയതെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ജനങ്ങളുടെ വോട്ടവകാശം പോലും ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് പിന്മാറാൻ സർക്കാരിന് വിവേകം ലഭിക്കാനാണ് തങ്ങൾ ഗാന്ധി സ്മൃതിയിൽ പ്രാർഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ പരാതി നൽകാൻ ഇന്ത്യ സഖ്യം എംപിമാർ വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. 15 എംപിമാരുടെ സംഘത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും 10 പേർക്ക് മാത്രമാണ് രാഷ്ട്രപതി ഭവൻ അനുമതി നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി, ഖാർഗെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി തുടങ്ങിയവർ പ്രതിനിധി സംഘത്തിലുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലും രാജ്ഘട്ട് പരിസരത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ​ഗ്യാനേഷ് കുമാറിന്റെ വസതിക്ക് ചുറ്റും 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാക്കൾക്ക് പുറമെ പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റ് പാർട്ടി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

The INDIA bloc continued its protests for the third consecutive day, demanding the resignation of Chief Election Commissioner Gyanesh Kumar over alleged voter list irregularities. Following a lunch meeting hosted by Mallikarjun Kharge, opposition MPs, including Rahul Gandhi, marched to Rajghat for a peaceful sit-in. Rahul Gandhi stated that those undermining the democratic process would be brought to justice. Meanwhile, Delhi Police has heightened security in the capital and filed an FIR against Rahul Gandhi and Priyanka Gandhi Vadra regarding Wednesday's protests.