ഇന്ധനത്തിൽ 25 ശതമാനം എഥനോൾ കലർത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ ത്വരിതപ്പെടുത്തുന്നതോടെ രാജ്യത്ത് വീണ്ടും എഥനോൾ ചർച്ച ശക്തമായിരിക്കുകയാണ്. നേരത്തെ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം രാജ്യവ്യാപകമായി നടപ്പിലാക്കിയതിന്റെ ദോഷവശങ്ങളാണ് ദേശീയ മാധ്യമങ്ങളും വാഹന മേഖലയിലുള്ളവരും വിമർശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നത്. ഹരിത ഇന്ധന നയം എന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ 2013 മുതൽ രാജ്യത്ത് ഇന്ധനത്തിൽ എഥനോൾ കലർത്തി വിൽപന നടത്താൻ തുടങ്ങിയത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, അസംസ്കൃത എണ്ണയുടെ ഇറക്കുമതി നിയന്ത്രിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ എണ്ണിപ്പറഞ്ഞാണ് 2013-14ൽ 1.5 ശതമാനം എഥനോൾ ഇന്ധനത്തിൽ കലർത്താൻ തുടങ്ങിയത്. ഇതാണ് ഇന്ന് 20 ശതമാനിത്തിൽ എത്തിനിൽക്കുന്നത്. ഇനിയിത് രാജ്യത്ത് 25 ശതമാനത്തിലേക്ക് ഉയർത്തും. നിലവിൽ വരും ദിവസങ്ങളിൽ പുതിയ അളവ് പ്രാബല്യത്തിൽ ആക്കാനിരിക്കെ, രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വെക്കാനാണ് സർക്കാർ തീരുമാനം.
വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്നും എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായി പരാതികൾ ഉയരുമ്പോഴും, ഈ ആരോപണങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. പുതിയ വാഹനങ്ങൾക്ക് E25 ഇന്ധനം പ്രശ്നമാകില്ലെന്ന് വാഹന നിർമാതാക്കളും പറയുന്നുണ്ട്. എന്നാൽ 2023 ഏപ്രിലിന് മുമ്പ് പുറത്തിറങ്ങിയ വാഹനങ്ങളിൽ മൈലേജ് കുറയുന്നു, എഞ്ചിൻ ശബ്ദം കൂടുന്നു, വാഹനഭാഗങ്ങളുടെ ആയുസ്സ് കുറയുന്നു തുടങ്ങിയ പരാതികൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മറ്റൊരു പ്രശ്നം വാഹനങ്ങളുടെ ആയുസ്സാണ്. മുമ്പത്തെ അപേക്ഷിച്ച് വാഹനങ്ങളുടെ നിലനിൽപിനെതന്നെ ബാധിക്കുന്ന ഗുരുതരമായ ദോഷങ്ങളാണ് E20 ഇന്ധനംമൂലം ഉണ്ടാകുന്നതെന്നാണ് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എഥനോളിന് അന്തരീക്ഷത്തിലെ ഈർപ്പം വളരെ പെട്ടെന്ന് വലിച്ചെടുക്കാനുള്ള കഴിവുണ്ട്. ഇത് ഇന്ധന ടാങ്കിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുന്നതിനും ടാങ്ക് തുരുമ്പെടുക്കുന്നതിനും കാരണമാകുന്നു. കൂടാതെ കാർബ്യുറേറ്റർ, ഫ്യുവൽ ഇൻജെക്ടറുകൾ, ഫ്യുവൽ പമ്പ് എന്നിവയിലെ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾ വളരെ വേഗത്തിൽ ദ്രവിച്ചു പോകാനും ഇത് ഇടയാക്കുന്നു.
പഴയ വാഹനങ്ങളിൽ ഈ ഇന്ധനം നിരന്തരമായി ഉപയോഗിക്കുന്നത് എൻജിൻ പൂർണമായും പണിമുടക്കുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാമെന്നാണ് വാഹന ഉടമകളുടെ ആശങ്ക. ഹരിത ഇന്ധന നയങ്ങളുമായി മുന്നോട്ട് പോകുമ്പോൾതന്നെ സാധാരണക്കാരായ ജനങ്ങളുടെ സ്വത്തിന് കേടുപാടുകൾ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകേണ്ടതുണ്ട്. എല്ലാ ഇന്ധന പമ്പുകളിലും സാധാരണ പെട്രോളും അതോടൊപ്പം E20 പെട്രോളും വെവ്വേറെ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിനൊരു പരിഹാരമെന്നാണ് നിരീക്ഷകർ പറയുന്നത്.
ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനത്തിന് അനുയോജ്യമായ ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ. സാങ്കേതിക വശങ്ങൾ ഒരു വാഹനത്തിൻ്റെ എൻജിൻ രൂപകൽപന ചെയ്തിരിക്കുന്നത് അതിൽ ഉപയോഗിക്കേണ്ട ഇന്ധനത്തിൻ്റെ സ്വഭാവം അനുസരിച്ചാണ്. E20 ഇന്ധനം പൂർണമായും പ്രയോജനപ്പെടുത്തണമെങ്കിൽ എൻജിനിലെ കംപ്രഷൻ അനുപാതത്തിലും ഫ്യുവൽ മാപ്പിങ്ങിലും വ്യത്യാസം വരുത്തേണ്ടതുണ്ട്. നിലവിലുള്ള പഴയ വാഹനങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുക എന്നത് പ്രായോഗികമായി അസാധ്യമാണ്.
ഇന്ധനത്തിലെ ഈർപ്പം കാരണം എൻജിൻ സിലിണ്ടറിനുള്ളിൽ കൃത്യമായ ജ്വലനം നടക്കാതെ വരികയും ഇത് വാഹനങ്ങൾ പെട്ടെന്ന് നിന്നുപോകുന്നതിനും സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടാക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നതിൽ തർക്കമില്ലെങ്കിലും അത് ജനങ്ങളുടെ ചെലവിലാകരുത് എന്ന നിലപാടാണ് പൊതുവെ ഉയരുന്നത്. എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ് നൽകി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, E20 ഇന്ധനത്തിനെതിരെ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്ര സർക്കാരും ചില വാഹന കമ്പനികളും പറയുന്നത്. അമേരിക്ക, കാനഡ, ബ്രസീൽ, ജർമനി തുടങ്ങിയ രാജ്യങ്ങൾ വർഷങ്ങളായി ഉയർന്ന അളവിൽ എഥനോൾ കലർത്തിയ ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. എഥനോൾ ഉൽപാദനത്തിന് അമിതമായി വെള്ളം ആവശ്യമായി വരുന്നുണ്ടെന്ന വാദവും, ഇത് വാഹനങ്ങളുടെ ഇൻഷുറൻസ്, വാറന്റി അസാധുവാക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പെട്രോളിയം മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്.
India's plan to increase ethanol blending in petrol to 25% has reignited debate over the impact of ethanol-based fuel on vehicles. While the government says higher ethanol blends reduce oil imports, cut emissions and support farmers, many motorists and experts have raised concerns over reduced mileage and possible long-term damage to older vehicles. The Centre and automakers insist there is no scientific evidence of widespread engine failures, citing international experience, while critics demand more consumer choice and safeguards before expanding the programme.