അലയടിക്കുന്ന മുദ്രാവാക്യങ്ങൾ, വരിവരിയായി ഉയർന്നുനിൽക്കുന്ന ഇരുമ്പ് ബാരിക്കേഡുകൾ, കാതടിപ്പിക്കുന്ന സൈറണുകൾ മുഴക്കി നീങ്ങുന്ന പൊലീസ് വാഹനങ്ങൾ, ഡൽഹിയിലെ ജന്തർ മന്തർ ഇപ്പോൾ കനൽ പെയ്യുന്ന ഒരു സമരഭൂമിയാണ്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും തങ്ങളുടെ സുരക്ഷിതമായ ഭാവിക്കായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ രാപ്പകൽ ഭേദമില്ലാതെ സമരത്തിലാണ്.
കനത്ത ചൂടും അപ്രതീക്ഷിതമായി പെയ്യുന്ന മഴയും പൊലീസ് നടപടികളുമെല്ലാം ഈ സമരവീര്യത്തെ തളർത്താൻ ശ്രമിക്കുമ്പോഴും, അവിടെ ആരുമറിയാതെ ഒഴുകുന്ന മറ്റൊരു അടിയൊഴുക്കുണ്ട്, സ്നേഹത്തിന്റെയും മനുഷ്യപ്പറ്റിന്റെയും നനവുള്ള ഒഴുക്ക്. തെരുവിൽ പോരാടുന്ന മക്കൾക്ക് വിശപ്പിന്റെ വേവറിയാതെ കാക്കാൻ രാജ്യം മുഴുവൻ കൈകോർക്കുന്ന കാഴ്ചയാണ് ഇന്ന് ജന്തർ മന്തറിലെ ഏറ്റവും മനോഹരമായ ചിത്രം. 'മാനുഷികത ഇനിയും മരിച്ചിട്ടില്ല' എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അവിടേക്ക് അതിരുകൾ താണ്ടിയെത്തുന്ന ഓരോ സ്നേഹപ്പൊതികളും.
അയച്ചയാളുടെ പേരുവിവരങ്ങൾ രഹസ്യമാണ്. അവിടെ ചെന്ന് അവർക്കത് വിതരണം ചെയ്യാൻ മാത്രമാണ് എന്നോട് പറഞ്ഞത്. ആരുടേതാണ് ഈ ഓർഡറെന്നോ ഇതിൽ എന്താണെന്നോ എനിക്കറിയില്ല. ഇത് വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ്ഡെലിവറി ഏജന്റ്
നേരിട്ട് സമരവേദിയിലെത്താൻ സാധിക്കാത്ത ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഈ പ്രക്ഷോഭത്തിന്റെ ജീവനാഡിയായി മാറിയിരിക്കുന്നത്. മുംബൈയിലോ ബംഗളൂരുവിലോ കൊച്ചിയിലോ ഉള്ള തങ്ങളുടെ വീടുകളിലിരുന്ന്, സമരരംഗങ്ങൾ കാണുന്നവർ വെറുമൊരു കാഴ്ചക്കാരായി ഇരിക്കാൻ തയ്യാറല്ല. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളാണ് ഇവിടെ അവരുടെ ആയുധം.
ആപ്പുകളിൽ ലൊക്കേഷൻ 'ജന്തർ മന്തർ, സിജെപി പ്രൊട്ടസ്റ്റ് സൈറ്റ്' എന്ന് രേഖപ്പെടുത്തി രാജ്യത്തിന്റെ നാനാകോണുകളിൽ നിന്നും, എന്തിന് ഇന്ത്യയ്ക്ക് പുറത്തുനിന്നും വരെ ഓർഡറുകൾ പ്രവഹിക്കുകയാണ്. ബിരിയാണിപ്പൊതികളും സാൻഡ്‌വിച്ചുകളും മുതൽ ഫ്രഷ് ജ്യൂസുകളും ഒട്ടനവധി കുടിവെള്ളക്കുപ്പികളും അടങ്ങുന്ന ആയിരക്കണക്കിന് ഓർഡറുകളാണ് ദിവസവും ഈ വിലാസത്തിലേക്ക് എത്തുന്നത്. ശ്രദ്ധേയമായ കാര്യം, ഈ ഓർഡറുകളിലൊന്നും അത് കൈപ്പറ്റേണ്ട വ്യക്തിയുടെ പേരുണ്ടാകില്ല എന്നതാണ്. ഡെലിവറി ആപ്പുകളിലെ 'ഡെലിവറി ഇൻസ്ട്രക്ഷൻസ്' കോളത്തിൽ "സമരക്കാർക്ക് നൽകുക" അല്ലെങ്കിൽ "വിദ്യാർഥികൾക്ക് വീതിച്ചു നൽകുക" എന്നാകും കുറിച്ചിട്ടുണ്ടാവുക. തങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, പേരോ നാടോ അറിയാത്ത ഏതോ ഒരു മനുഷ്യന്റെ വിശപ്പകറ്റാൻ അതിർത്തികൾക്കപ്പുറത്തിരുന്ന് അജ്ഞാതരായ മനുഷ്യർ പുലർത്തുന്ന ഈ കരുതൽ നമ്മെ അത്ഭുതപ്പെടുത്തും.
ഈ സ്നേഹ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികൾ ഫുഡ് ഡെലിവറി ഏഡന്റുമാരാണ്. സ്വിഗ്ഗി ഡെലിവറി പാർട്ണറായ അജയ് താക്കൂറിന്റെ ഫോണിലെ ഡെലിവറി നിർദ്ദേശം ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. "ലൗ ഫ്രം കേരള" (Love from Kerala) എന്നായിരുന്നു അതിൽ കുറിച്ചിരുന്നത്. ഡൽഹിയിലെ തെരുവിലിരിക്കുന്ന ഏതോ ഒരു വിദ്യാർഥിക്കായി കേരളത്തിന്റെ ഒരറ്റത്തു നിന്നും ഒരു അജ്ഞാതൻ കൊടുത്തയച്ച സ്നേഹപ്പൊതിയായിരുന്നു അത്. "ഞാൻ കൊണ്ടുവന്ന ഈ ഓർഡർ ഇന്ത്യയ്ക്ക് പുറത്തുനിന്നും വന്നതാണ്. ജന്തർ മന്തറിൽ പോയി അവിടെയുള്ള സഹോദരങ്ങൾക്ക് ഈ ചായ നൽകുക എന്ന് മാത്രമായിരുന്നു നിർദ്ദേശം. ആരാണ് ഇത് ഓർഡർ ചെയ്തതെന്ന് എനിക്കറിയില്ല,"- മറ്റൊരു സ്വിഗ്ഗി ഡെലിവറി പാർട്ണറായ പ്രദീപ് കുമാർ സിങ് പറയുന്നു.
സൊമാറ്റോയിലൂടെയും സെപ്റ്റോയിലൂടെയും ഓർഡറുകൾ എത്തിക്കുന്ന മറ്റൊരു ഡെലിവറി ഏജന്റ് ഇതിനെ വിശേഷിപ്പിച്ചത് "വിദ്യാർഥികൾക്കായുള്ള സേവനം" (Student Service) എന്നാണ്. "അയച്ചയാളുടെ പേരുവിവരങ്ങൾ രഹസ്യമാണ്. അവിടെ ചെന്ന് അവർക്കത് വിതരണം ചെയ്യാൻ മാത്രമാണ് എന്നോട് പറഞ്ഞത്. ആരുടേതാണ് ഈ ഓർഡറെന്നോ ഇതിൽ എന്താണെന്നോ എനിക്കറിയില്ല. ഇത് വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ്," ആ ഡെലിവറി ഏജന്റ് കൂട്ടിച്ചേർത്തു.
കനത്ത സുരക്ഷാ പരിശോധനകളും ബാരിക്കേഡുകളും ട്രാഫിക്കും മറികടന്ന കൃത്യസമയത്ത് ഈ ഭക്ഷണപ്പൊതികൾ സമരക്കാരുടെ കൈകളിൽ എത്തിക്കാൻ അവർ കാണിക്കുന്ന ആത്മാർത്ഥത എടുത്തുപറയേണ്ടതാണ്. പലപ്പോഴും പൊലീസ് നിയന്ത്രണങ്ങൾ കാരണം പ്രധാന റോഡുകളും അടയ്ക്കുമ്പോൾ, കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായി ഭക്ഷണപ്പൊതികൾ സമരവേദിയിൽ എത്തിക്കാൻ ഇവർ മടിക്കാറില്ല.
ഓൺലൈൻ വഴി എത്തുന്ന ഭക്ഷണത്തിന് പുറമെ, പല ഡെലിവറി തൊഴിലാളികളും സ്വന്തം തുച്ഛമായ വരുമാനത്തിൽ നിന്നും പണം മുടക്കി സമരക്കാർക്ക് കുടിവെള്ളവും ബിസ്ക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. "ഞങ്ങളുടെ കൂടി കുട്ടികളുടെ ഭാവിക്കായി പോരാടുന്ന വിദ്യാർഥികൾക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ സഹായം," എന്നാണ് ഡെലിവറി ഏജന്റുമാർ ഇതിനെക്കുറിച്ച് പറയുന്നത്. സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ഈ തൊഴിലാളികളുടെ വലിയ മനസ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തെരുവിനെ കാക്കുന്ന സമൂഹ അടുക്കളകൾ
ഓൺലൈൻ ഓർഡറുകൾക്ക് പുറമെ, പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ സംഘടനകളും ജന്തർ മന്തറിന് ചുറ്റും സജീവമാണ്. ഡൽഹിയിലെ വിവിധ ഗുരുദ്വാരകളുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ലംഗാറുകൾ' (സമൂഹ അടുക്കളകൾ) ഇവിടെ താൽക്കാലികമായി ഉയർന്നിട്ടുണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വരുന്നവർക്കെല്ലാം ചൂടുള്ള ചപ്പാത്തിയും ദാലും ഇവിടെ വിളമ്പുന്നു. ഡൽഹിയിലെ സാധാരണക്കാരായ വീട്ടമ്മമാർ തങ്ങളുടെ വീടുകളിൽ നിന്നും വലിയ പാത്രങ്ങളിൽ ആഹാരം പാകം ചെയ്ത് സമരവേദിയിലെത്തിക്കുന്നു.
ഭക്ഷണം വിതരണം ചെയ്യാനും, അവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്ത് സമരവേദി വൃത്തിയായി സൂക്ഷിക്കാനും വിദ്യാർഥികൾ തന്നെ വോളന്റിയർമാരായി മാറിയിട്ടുണ്ട്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും കോലാഹലങ്ങൾക്കുമപ്പുറം, ഒരു വലിയ ലക്ഷ്യത്തിനായി തെരുവിലിറങ്ങിയവർ ഒറ്റയ്ക്കല്ലെന്നും, അവരെ ഊട്ടാൻ ഒരു രാജ്യം മുഴുവൻ ഒപ്പമുണ്ടെന്നുമുള്ള വലിയ സന്ദേശമാണ് അതിരുകൾ താണ്ടിയെത്തുന്ന ഈ സ്നേഹപ്പൊതികൾ നൽകുന്നത്.
The ongoing protests at Jantar Mantar by students demanding accountability for exam leaks have transformed into a powerful display of humanity and solidarity. While thousands brave the scorching heat and police barricades, they are not fighting alone. People from across India, and even abroad, are showing their support by ordering food and water through delivery apps like Swiggy, Zomato, and Zepto, directly to the protest site.