India

ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം, നാവികന്‍ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെയും ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഗാന്ധാര്‍ നഹീം അസീസ് മരണപ്പെടുകയായിരുന്നു

Madism Desk

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ ഗാന്ധാര്‍ നഹീം അസീസ് ആണ് കൊല്ലപ്പെട്ടത്. ഹോര്‍മുസ് കടലിടുക്കില്‍ ലിമയ്ക്ക് സമീപം സഞ്ചരിക്കുകയായിരുന്ന 'എംഎസ്‌വി അല്‍ യൂസുഫി' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. തിരിച്ചറിയാത്ത കേന്ദ്രത്തില്‍നിന്നു വ്യോമാക്രമണം ഉണ്ടാവുകയായിരുന്നു എന്ന് കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെയും ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഗാന്ധാര്‍ നഹീം അസീസ് മരണപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനും ഇവരെയും മരണപ്പെട്ട നാവികന്റെ മൃതദേഹവും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുമായി ഒമാനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര മന്ത്രാലയവും പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.

ശക്തമായ നിലപാടുമായി ഇന്ത്യ

ചരക്കുകപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം, പശ്ചിമേഷ്യയില്‍ ഉടനടി സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉടനടി രാജ്യങ്ങള്‍ സൈനിക നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും ചര്‍ച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ വാണിജ്യ-നാവിക ഗതാഗതം പുനസ്ഥാപിക്കണമെന്നും വാണിജ്യ കപ്പലുകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതരുമായി ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു

അടുത്തിടെ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റിലെ ഇത്തരം അക്രമങ്ങള്‍ ഇന്ധനം, ഭഷ്യധാന്യങ്ങള്‍, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവര്‍ധനവിനും ലഭ്യതക്കുറവിനും കാരണമാകുന്നുണ്ടെന്നും ഇത് വികസ്വര രാജ്യങ്ങളെയും സാധാരണക്കാരെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനുശേഷം കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 22 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 23 ആയി ഉയര്‍ന്നു.

An Indian sailor was killed in an attack on an Indian cargo vessel near the coast of Oman amid escalating tensions in West Asia. The deceased, identified as Gandhar Naheem Aziz from Gujarat, was aboard the cargo ship MSV Al Yousufi, which was travelling near Lima in the Strait of Hormuz when it came under an aerial attack from an unidentified source, Union Minister for Ports, Shipping and Waterways Sarbananda Sonowal said. Of the 14 Indian crew members on board, 13 were safely rescued by the Oman Coast Guard. However, Aziz, who sustained critical injuries, succumbed to them. The Indian Embassy in Oman and the Union Ministry are coordinating with local authorities to provide emergency assistance to the rescued sailors and arrange for their repatriation, along with the deceased sailor's body.