ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ പൈപ്പ് വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുഞ്ഞിന്റെ മരണം പ്രദേശത്ത് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഇൻഡോറിലെ ഭാഗീരഥ്പുരയിൽ താമസിക്കുന്ന സുനിൽ സാഹു–കിഞ്ചൽ ദമ്പതികളുടെ മകനായ അവ്യാനാണ് മരണപ്പെട്ടത്. അമ്മയുടെ മുലപ്പാൽ മതിയായ തോതിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം ചേർത്ത് കുഞ്ഞിന് നൽകിയതിനെ തുടർന്നുണ്ടായ പനിയും വയറിളക്കവും ബാധിച്ചാണ് കുഞ്ഞ് മരണപ്പെട്ടത്.
ഇൻഡോറിൽ കുടിവെള്ളത്തിലൂടെ ശുചിമുറി മാലിന്യം കലർന്നതാണ് വ്യാപകമായ രോഗബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളിൽ മലിനജലം ഉപയോഗിച്ചവർ ഗുരുതരാവസ്ഥയിൽ ചികിത്സ തേടുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി മോഹൻ യാദവ് ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും രോഗബാധിതർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ സംഭവത്തിൽ പ്രാഥമിക ഉത്തരവാദിത്വമുണ്ടെന്ന് കണ്ടെത്തിയ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മൂന്ന് അംഗ അന്വേഷണ സമിതിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഒക്ടോബർ മുതൽ തന്നെ പൈപ്പ് ലൈനുകളിലെ തകരാറിനെ കുറിച്ച് പരാതി ഉയർന്നിരുന്നെങ്കിലും സമയബന്ധിതമായി പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതാണ് ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതുവരെ മലിനജലം ഉപയോഗിച്ചതിനെ തുടർന്ന് എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ 29നാണ് ഇത്തരത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കുടിവെള്ള പൈപ്പ് ലൈനിന് മുകളിലൂടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ശുചിമുറി നിർമ്മിച്ചതാണ് വെള്ളം മലിനമാകാൻ ഇടയായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ 212 പേരാണ് ചികിത്സയിലുള്ളത്. മരണങ്ങൾ കൂടുതലും ഭാഗീരഥ്പുര മേഖലയിലാണ്. 2025ൽ മാത്രം കുടിവെള്ളവുമായി ബന്ധപ്പെട്ട് ഇൻഡോറിൽ 266 പരാതികൾ ലഭിച്ചതായും ഇതിൽ 23 എണ്ണം ഭാഗീരഥ്പുരയിലേതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എൻജിനീയർമാർക്ക് കൈമാറിയ 16 കേസുകളിൽ അഞ്ച് പരാതികൾ മാത്രമാണ് ഇതുവരെ പരിഹരിച്ചത്. സസ്പെൻഷൻ നേരിടുന്നവരിൽ അസിസ്റ്റന്റ് എൻജിനീയറും ഉൾപ്പെടുന്നുണ്ട്.
അതേസമയം, മരണസംഖ്യയെക്കുറിച്ചുള്ള വ്യത്യസ്ത കണക്കുകളാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്. നാല് പേർ മാത്രമാണ് മരിച്ചതെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച കണക്കുകൾക്ക് വിരുദ്ധമായി, പ്രദേശവാസികൾ 13 മരണങ്ങൾ സംഭവിച്ചതായി ആരോപിക്കുന്നു. അതേസമയം, ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഏഴ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
English Summary: In Indore, Madhya Pradesh, sewage-contaminated tap water caused an outbreak, killing a 6-month-old infant after it was mixed in his milk.