India

'മുഹമ്മദ്' ദീപക്കിന് സ്നേഹാദരവുമായി പ്രതിപക്ഷ എംപി ജോണ്‍ ബ്രിട്ടാസ്

30 വർഷം പഴക്കമുള്ള 'ബാബ സ്കൂൾ ഡ്രസ്' എന്ന കടയുടെ പേരിലെ ‘ബാബ’ എന്ന ഭാഗം മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ബജ്‌രംഗ്‌ദൾ സംഘം കടയുടമയെ ആക്രമിച്ചത്

Madism Desk

ഉത്തരാഖണ്ഡിലെ കോട്‌ദ്വാറിൽ സ്ഥാപനത്തിന്‍റെ പേര് സംബന്ധിച്ച തർക്കത്തിനിടയിൽ വയോധികനായ കടയുടമയെ ബജ്‌രംഗ്‌ദൾ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ദീപക് കുമാർ കശ്യപിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. ബോഡി ബില്‍ഡിങ് ട്രെയിനർ കൂടിയായ ദീപക്കിനെ അദ്ദേഹത്തിന്‍റെ ജിമ്മില്‍ നേരിട്ടെത്തി സന്ദർശിച്ച എംപി ഒരു വർഷത്തേക്കുള്ള ജിം അംഗത്വവുമെടുത്തു. സംഭവത്തിനുശേഷം ആദ്യമായാണ് ഒരു എം.പി. തന്നെ കാണാനെത്തിയത് എന്ന് ദീപക് പറഞ്ഞു.

ദീപക്കിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ജോൺ ബ്രിട്ടാസ് കേരളത്തിൽ നിലനിൽക്കുന്ന മതമൈത്രിയെക്കുറിച്ച് സംസാരിക്കുകയും സുഗന്ധദ്രവ്യങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. മുഹമ്മദിന്റെ ബാബ കളക്‌ഷൻസിൽ നിന്ന് തന്റെ ഭാര്യയ്ക്കുള്ള സാരിയും വാങ്ങിയാണ് ബ്രിട്ടാസ് മടങ്ങിയത്. കോട്ദ്വാർ പോലീസ് സ്റ്റേഷനിലെത്തിയ ജോൺ ബ്രിട്ടാസ് മുഹമ്മദിനും ദീപക്കിനും നേരേ നടന്ന ബജ്‌രംഗ്‌ദൾ ആക്രമണത്തിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

30 വർഷം പഴക്കമുള്ള 'ബാബ സ്കൂൾ ഡ്രസ്' എന്ന കടയുടെ പേരിലെ ‘ബാബ’ എന്ന ഭാഗം മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ബജ്‌രംഗ്‌ദൾ സംഘം കടയുടമയെ ആക്രമിച്ചത്. കോട്‌ദ്വാറിലെ സിദ്ധ്ബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ഈ വാക്ക് എന്നാരോപിച്ചുകൊണ്ടായിരുന്നു ബജ്‌രംഗ്‌ദളിന്റെ ഗുണ്ടായിസം. കടയുടമ മുഹമ്മദിന് നേരെയെത്തിയ സംഘത്തോട്, നിങ്ങൾക്ക് പേരാണ് പ്രശ്നമെങ്കിൽ ‘മേരാ നാം മുഹമ്മദ് ദീപക്’ എന്നു പറഞ്ഞ ദീപക്ക് പ്രതിഷേധകരില്‍ നിന്ന് വയോധികനെ സംരക്ഷിച്ചു. സംഭവം ദേശീയ മാധ്യമങ്ങളില്‍ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

English Summary: John Brittas MP visited Deepak Kumar Kashyap in Kotdwar, Uttarakhand, honoring his courage in protecting an elderly Muslim shopkeeper from a Bajrang Dal attack over a shop name dispute.