India

ഇ-20 പെട്രോളിൽ പരിധിയിലധികം എത്തനോൾ; എണ്ണക്കമ്പനികൾക്കെതിരെ കർശന നടപടി വേണമെന്ന് കർണാടക

ഇത്തരം സാമ്പിളുകൾ ഔദ്യോഗികമായി പരിശോധനയ്ക്ക് വിധേയമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

Madism Desk

സംസ്ഥാനത്ത് വിൽക്കുന്ന ഇ20 പെട്രോളിൽ നിശ്ചയിക്കപ്പെട്ടതിലും ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കർണാടക സർക്കാർ. പെട്രോളിൽ പരമാവധി 20 ശതമാനം എത്തനോൾ കലർത്താനാണ് അനുമതിയുള്ളതെങ്കിലും സ്വതന്ത്ര ലാബുകളിൽ നടത്തിയ പരിശോധനകളിൽ ഇത് 31.2 ശതമാനം വരെയാണെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇത്തരം സാമ്പിളുകൾ ഔദ്യോഗികമായി പരിശോധനയ്ക്ക് വിധേയമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി റിസ്‍വാൻ അർഷാദാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടക ലീ​ഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ബെം​ഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിന്നായി 63 പെട്രോൾ സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഷെൽ, നയാര എനർജി തുടങ്ങിയ പ്രമുഖ എണ്ണ വിപണന കമ്പനികളുടെ ഇന്ധന ഔട്ട്‍ലെറ്റുകളിൽ നിന്നാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്.

ശേഖരിച്ച സാമ്പിളുകൾ ആദ്യം എണ്ണ വിപണന കമ്പനികൾക്ക് തന്നെയാണ് പരിശോധനയ്ക്കായി നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, അവരിൽ നിന്ന് സർക്കാരിന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. "ആകെ ശേഖരിച്ച 63 സാമ്പിളുകളെക്കുറിച്ചോ, അവയിൽ എത്രത്തോളം എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന കാര്യത്തിലോ ഒരു എണ്ണക്കമ്പനിയും വ്യക്തമായ മറുപടി നൽകിയില്ല. പരിശോധിച്ച അഞ്ചിൽ നാല് സാമ്പിളുകളിലും എത്തനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തി," മന്ത്രി പറഞ്ഞു. എണ്ണക്കമ്പനികളുടെ ഈ ഒളിച്ചുകളിയെത്തുടർന്നാണ്, സ്വതന്ത്ര പരിശോധനയ്ക്കായി സാമ്പിളുകൾ സ്വകാര്യ ലാബുകളിലേക്ക് അയക്കാൻ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ എണ്ണക്കമ്പനികളുടെയെല്ലാം സാമ്പിളുകളിൽ പരിധിയിൽ കൂടുതൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്നാണ് ഈ സ്വതന്ത്ര പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഐഒസിഎൽ പമ്പിൽ നിന്നുള്ള ഒരു സാമ്പിളിലാണ് ഏറ്റവും ഉയർന്ന നിരക്ക് കണ്ടെത്തിയത് - 31.2 ശതമാനം. എച്ച്പിസിഎൽ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇത് 30.5 ശതമാനവും 27 ശതമാനവുമാണ്. ബിപിസിഎൽ 26.5%, നയാര എനർജി 26.1%, ഷെൽ 25.5% എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പെട്രോളിലെ എത്തനോൾ സാന്നിധ്യം.

ഉപഭോക്താക്കളുടെ എതിർപ്പുകൾക്കിടയിലും, 20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും ചേർന്ന കൃത്യമായ മിശ്രിതമാണിതെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഇ-20 പെട്രോൾ നടപ്പിലാക്കാൻ മുൻകൈ എടുത്തത്. എന്നാൽ നിശ്ചയിച്ച അളവിൽ കൂടുതൽ എത്തനോൾ ചേർക്കുന്നത് വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ചും ഉപഭോക്താക്കൾക്കുണ്ടാകുന്ന അധിക ചെലവിനെക്കുറിച്ചുമുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ്.

ഇരുപത് ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ ഉപയോ​ഗിക്കുമ്പോൾ വാഹനത്തിന്റെ വിഭാ​ഗവും പഴക്കവും അനുസരിച്ച് ഇന്ധനക്ഷമതയിൽ രണ്ട് മുതൽ ആറ് ശതമാനം വരെ കുറവുണ്ടാകാണെന്ന് കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി കഴി‍ഞ്ഞ ജൂലൈയിൽ ലോക്സഭയെ അറിയിച്ചിരുന്നു. ഇതിനുപുറമെ, 2005 ഏപ്രിൽ 1-നും 2016-നും ഇടയിൽ നിർമ്മിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ-20 പെട്രോൾ ഉപയോഗിക്കുമ്പോൾ റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇ-20 ഇന്ധനത്തിലെ മാലിന്യങ്ങളെക്കുറിച്ചും അത് വാഹനങ്ങളുടെ ഭാഗങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നതിനെക്കുറിച്ചും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് സ്വകാര്യമായി ആശങ്കകൾ ഉന്നയിച്ചിരുന്നതായി ഓഗസ്റ്റ് മാസത്തിൽ റോയിട്ടേഴ്‌സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

ഇ20 പെട്രോൾ നടപ്പിലാക്കുന്നതിന് എതിരെ പ്രതിപക്ഷ പാർട്ടികളും ഉപഭോക്തൃ സംഘടനകളും ഇതിനകം ശക്തമായി രം​ഗത്തെത്തിയിട്ടുണ്ട്. പഴയ വാഹനങ്ങൾക്ക് ഈ ഇന്ധനം അനുയോജ്യമല്ലെന്നും, ഇന്ധനക്ഷമത കുറയ്ക്കുന്നതിനൊപ്പം വാഹന പരിപാലനച്ചെലവ് വർധിപ്പിക്കുമെന്നുമാണ് പ്രധാന വിമർശനം. 10 ശതമാനം എത്തനോൾ ചേർത്ത പഴയ പെട്രോളിന് നൽകിയിരുന്ന അതേ വില തന്നെയാണ് പുതിയ ഇ-20 പെട്രോളിനും ഈടാക്കുന്നത് എന്നത് വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പുതിയ നയത്തിന്റെ പേരിൽ മന്ത്രി നിതിൻ ഗഡ്കരിക്ക് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇ-20 ജനതാ പാർട്ടി എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയ ഒരു ഓൺലൈൻ കൂട്ടായ്മ, എത്തനോൾ കലർത്തിയ ഇന്ധന നയത്തെയും രാജ്യത്തെ റോഡുകളുടെ ശോചനീയാവസ്ഥയെയും രൂക്ഷമായി പരിഹസിച്ചിരുന്നു.

"വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ ഇ-20 ഇന്ധനത്തിന് അനുയോജ്യമായവ ആയിട്ടുള്ളൂ. ഈ വാഹനങ്ങളിൽ പോലും എത്തനോളിന്റെ അളവ് 20 ശതമാനത്തിൽ കൂടുതലായാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാം," എന്ന് മന്ത്രി റിസ്‌വാൻ അർഷാദ് പറഞ്ഞു. ഈ മിശ്രിത ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുകയും, അതേസമയം ഇന്ധനത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ, ഇ-20 ഇന്ധനത്തിലേക്ക് നിർബന്ധിതമായി മാറുന്നതിന് മുൻപ് ഉപയോഗിച്ചിരുന്ന ഇ-10 പെട്രോൾ പമ്പുകളിൽ വീണ്ടും ലഭ്യമാക്കണമെന്നും എണ്ണ വിപണന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എണ്ണ വിപണന കമ്പനികൾ ഇക്കാര്യത്തിൽ സുതാര്യത പാലിക്കണമെന്ന് കർശനമായി ആവശ്യപ്പെട്ട കർണാടക സർക്കാർ, തങ്ങളുടെ ഈ കണ്ടെത്തലുകൾ കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. "വോട്ട് ചോർച്ചയെക്കുറിച്ച് ഇവിടെ വലിയ ചർച്ചകൾ നടക്കുന്നുണ്ട്; എന്നാൽ പെട്രോൾ കൊള്ളയെക്കുറിച്ചും സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും എന്താണ് പറയാനുള്ളത്? സുതാര്യതയും ഉത്തരവാദിത്തവും ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണവുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്"- മന്ത്രി പറഞ്ഞു.

The Karnataka government has alleged that E20 petrol sold in the state contains up to 31.2% ethanol, blatantly exceeding the stipulated 20% limit. Following independent tests where 80% of samples failed, Food and Civil Supplies Minister Rizwan Arshad demanded strict action against Oil Marketing Companies (OMCs), a compensation fund for vehicle owners facing reduced mileage and engine damage, and the reintroduction of E10 petrol.