KERALA NIYAMASABHA ELECTION 
India

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടിങ്, ഫലപ്രഖ്യാപനം മെയ് നാലിന്

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷൻ സന്ദർശനം നടത്തിയതായും മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു

Madism Desk

ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ഒമ്പതിന് നിയമസഭാ തെ‍‍രഞ്ഞെടുപ്പ് വോട്ടിങ്. മെയ് നാലിനായിരിക്കും വോട്ടെണ്ണൽ. കേരളത്തെ കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷൻ സന്ദർശനം നടത്തിയതായും മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശന സമയത്ത് എല്ലാ രാഷ്ട്രീയപാർട്ടികളുമായും കൂടിക്കാഴ്ച നടത്തിയതിന്റെ ഭാഗമായി ഉയർന്നു വന്ന നിർദേശങ്ങൾ പരിഗണിച്ചുവെന്നും ജില്ലാ ഇലക്ടറൽ ഓഫീസർമാർ, എസ്പിമാർ, ഐജിമാർ, ഡിഐജിമാർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിലും കേരളത്തിലും ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 29-നാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23-നും രണ്ടാംഘട്ടം ഏപ്രിൽ 29-നുമായി രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് നാലിനായിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാർച്ച് 16-നായിരിക്കും. മാർച്ച് 23 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാന തിയതി.

സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കുന്നത് മാർച്ച് 24-നായിരിക്കും. മാർച്ച് 26 സ്ഥാനാർത്ഥിത്വം പിൻവലിക്കാനുളള അവസാന തിയതി. മെയ് ആറിനുളളിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരിക്കണം. വിഷു, വേനൾ എന്നിവ പരിഗണിച്ചാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ബംഗാളിൽ സമയബന്ധിതമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സംബന്ധിച്ച പ്രക്രിയകൾ പൂർത്തിയാക്കാൻ സാധിക്കാതിരുന്നതിനാലാണ് പ്രഖ്യാപനം നീണ്ടുപോകാൻ കാരണം.

English Summary: The Election Commission of India has announced that voting for the Kerala Legislative Assembly election will be held on April 9, with vote counting on May 4. Elections in Tamil Nadu, Assam, and West Bengal were also announced. While Kerala, Assam, and Tamil Nadu will have single-phase polling, West Bengal will vote in two phases.