India

അഭിഭാഷക കുപ്പായമണിഞ്ഞ് മമതാ ബാനർജി; സ്വന്തം കേസ് വ്യക്തിപരമായി വാദിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി

ഇന്ത്യൻ ചരിത്രത്തിൽ, സുപ്രീം കോടതിയിൽ സ്വന്തം കേസ് വ്യക്തിപരമായി വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയാണ് മമതാ ബാനർജി.

Madism Desk

സമഗ്ര വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം (SIR) ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് രാവിലെ പത്തേകാലോടെയാണ് മമതാ ബാനർജി സുപ്രീം കോടതിയിൽ എത്തിയത്. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ SIR പരിഷ്കരണം വരുന്നത് തടയണമെന്നും, നിലവിലുള്ള 2025-ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്നതായിരുന്നു മമതയുടെ ഹർജി.

നിയമ ബിരുദധാരിയാണ് മമതാ. 2003-വരെ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് അവർ നിയമ പഠനം പൂർത്തിയാക്കിയത്. ഇതോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വ്യക്തിപരമായി വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് മമതാ ബാനർജി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്. വിഷയം ഇന്ന് പരിഗണിക്കുകയാണെങ്കിൽ, വാദിക്കാനുള്ള അനുമതിക്കായി മമത കോടതിക്ക് നേരത്തെ അപേക്ഷ നൽകിയിരുന്നു. മമതാ സുപ്രീം കോടതിയിൽ എത്തിയത് കണക്കിലെടുത്ത് വൻ സുരക്ഷാ വിന്യാസമായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

നേരിട്ട് വാദിക്കവേ, വോട്ടർമാർ നേരിടുന്ന പ്രതിന്ധികളെ സംബന്ധിച്ച വിഷയങ്ങൾ മമതാ ചൂണ്ടിക്കാട്ടി. ഹർജി പാർട്ടിക്കല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണെന്നും, ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യം വെക്കുന്നുണ്ടെന്നും മമതാ പറഞ്ഞു. എന്നാൽ, എസ്ഐആർ സാധുതയെക്കുറിച്ച് വാദം കേൾക്കാനാവില്ലെന്നും, സംസ്ഥാനം സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കമ്മീഷന്റെ വാദം പച്ചക്കള്ളമാണെന്നായിരുന്നു മമത ബാനർ‌ജി മറുപടി നൽകിയത്.

2025 ജൂൺ 24-നും 2025 ഒക്ടോബർ 27-നും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കണമെന്നാണ് മമത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ഐആർ പ്രക്രിയയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തന്നെ ഇതിനകം സമർപ്പിച്ച നിരവധി ഹർജികൾക്കിടയിലാണ് മമതയുടെ ഹർജി. കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. തിങ്കളാഴ്ച വിശദവാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

English Summary: Mamata Banerjee is now the first sitting Chief Minister in Indian history to personally argue her own case in the Supreme Court.