കൊൽക്കത്ത: ബിജെപിയെ അതിരൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘എസ്.ഐ.ആർ’ വലിയ തട്ടിപ്പാണെന്നും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങളെ തൃണമൂൽ കോൺഗ്രസ് അതിശക്തമായി എതിർക്കുമെന്നും മമത ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പാർലമെൻ്റിൽ മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരുന്നതിനെയും മമത ചോദ്യം ചെയ്തു. വിഷയത്തിൽ യാതൊരു തരത്തിലുള്ള വിശാലമായ ചർച്ചയും നടന്നിട്ടില്ല, ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ്. സംസ്ഥാനത്തെ വിഭജിച്ച് എൻആർസി നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിൽ പേരുകൾ ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മമത ആരോപിച്ചു.
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ഭേദഗതികൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16 മുതൽ 18 വരെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചതായും, അതിനൊപ്പം മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രതിപക്ഷത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും മമത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മമത വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് പശ്ചിമ ബംഗാൾ സന്ദർശിക്കുന്നതെന്നും, ദുരന്തസാഹചര്യങ്ങളിൽ മോദിയുടെ സാന്നിധ്യം കാണാറില്ലെന്നും മമത ആരോപിച്ചു.
ബിജെപി മുന്നോട്ടുവെക്കുന്ന ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കുമെന്ന് മമത ആവർത്തിച്ചു. നിലവിൽ ഭൂരിപക്ഷം ഉപയോഗിച്ച് ബിൽ പാസാക്കാമെങ്കിലും, ഭാവിയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയാൽ അത് റദ്ദാക്കുമെന്നും വ്യക്തമാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെടും. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ആദിവാസി സമൂഹങ്ങൾക്കും ബംഗാളി സംസാരിക്കുന്നവർക്കും നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മറുപടി നല്‍കേണ്ടത് കേന്ദ്ര സർക്കാരാണ്, മമത പറഞ്ഞു.
English Summary: Mamata Banerjee strongly criticized the BJP, calling ‘SIR’ a major scam and opposing the Uniform Civil Code. She also questioned the Delimitation Bill and alleged political motives behind voter list changes and NRC plans.