India

മുപ്പതു വര്‍ഷം, മുന്നൂറിലധികം പഞ്ചനക്ഷത്ര ഹോട്ടലുകള്‍: ഒരിക്കലും 'ചെക്ക് ഔട്ട്' ചെയ്യാത്ത ആ അതിഥി!

എണ്‍പതുകളില്‍ ഡല്‍ഹിയില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മാനേജ്മെന്റ് ഇദ്ദേഹത്തെ അപമാനിച്ചു. അന്ന് തുടങ്ങിയതാണ് ഈ 'പക വീട്ടല്‍'.

Madism Desk

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആഡംബരങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാല്‍, ആഡംബര ഹോട്ടലുകളില്‍ രാജാവിനെപ്പോലെ താമസിക്കുകയും ബില്ല് നല്‍കാതെ നിശബ്ദനായി കടന്നുകളയുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതും മുപ്പതു വര്‍ഷത്തോളമായി ഒരേ പരിപാടി തുടരുന്ന ഒരാള്‍! വിന്‍സെന്റ് ജോണ്‍ എന്ന അറുപത്തിയൊന്‍പതുകാരന്‍, തമിഴ്നാട്ടുകാരനായ ഈ 'ക്യാഷ്ലെസ്' അതിഥിയുടെ കഥ ഇപ്പോള്‍ നാടാകെ ചര്‍ച്ചയാവുകയാണ്.

മാന്യനായ ആ 'പെര്‍ഫെക്റ്റ് ഗസ്റ്റ്'

റായ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ അറുപത്തിയൊന്‍പതുകാരനായ ഒരു വയോധികന്‍ വന്നു കയറി. നരച്ച മുടി, ഇംഗ്ലീഷ് ഭാഷയിലുള്ള ഒഴുക്കുള്ള സംസാരം, സൗമ്യമായ പെരുമാറ്റം. അദ്ദേഹം ഒരു വലിയ ബിസിനസ്സുകാരനോ അല്ലെങ്കില്‍ പ്രമുഖനോ ആയിരിക്കുമെന്ന് കണ്ടാല്‍ ആരും വിശ്വസിച്ചുപോകും. ജൂണ്‍ 27ന് കൈയ്യില്‍ രണ്ട് വലിയ ബാഗുകളുമായി അദ്ദേഹം ഹോട്ടലില്‍ നിന്ന് പുറത്തേക്ക് നടന്നു. ആരും സംശയിച്ചില്ല, കാരണം അത്രയും മാന്യമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. എന്നാല്‍, ഹോട്ടല്‍ ജീവനക്കാര്‍ക്ക് വൈകി മാത്രം മനസ്സിലായി, തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന്.

30 വര്‍ഷത്തെ 'ഓപ്പറേഷന്‍'

വിന്‍സെന്റ് ജോണിന്റെ രീതി വളരെ ലളിതമാണ്. എന്‍ജിനീയര്‍, ടൂറിസ്റ്റ് ഗൈഡ്, യോഗാ ഇന്‍സ്ട്രക്ടര്‍ അങ്ങനെ ഓരോ തവണയും ഓരോ വേഷം. ഹോട്ടലില്‍ കയറിയാല്‍ പിന്നെ അവിടത്തെ ആഡംബരങ്ങളെല്ലാം അദ്ദേഹത്തിന്റേതാണ്. വലിയ രണ്ട് ബാഗുകളുമായാണ് അദ്ദേഹം ഹോട്ടലില്‍ എത്തുക. എന്നാല്‍, ഒരെണ്ണത്തില്‍ മുഴുവന്‍ പത്രക്കടലാസുകളോ തലയിണകളോ ആയിരിക്കും. ഹോട്ടല്‍ ജീവനക്കാരെക്കൊണ്ട് ബാഗ് ചുമപ്പിക്കാന്‍ അദ്ദേഹം സമ്മതിക്കില്ല. താന്‍ ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാന്‍, പത്രക്കടലാസുള്ള ബാഗ് മുറിയില്‍ വെച്ചിട്ടാണ് പണം നല്‍കാതെ ചെക്ക് ഔട്ട് ചെയ്യാറ്. ബാഗ് ഹോട്ടലില്‍ ഇരിക്കുന്നത് കൊണ്ട് പുറത്ത് പോയതാണെന്ന് മാത്രമേ ഹോട്ടല്‍ ജീവനക്കാര്‍ കരുതു.

പകരം വീട്ടല്‍, അതോ ഒരു ജീവിതശൈലിയോ?

എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്? അന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട്, എണ്‍പതുകളില്‍ ഡല്‍ഹിയില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മാനേജ്മെന്റ് ഇദ്ദേഹത്തെ അപമാനിച്ചു. അന്ന് തുടങ്ങിയതാണ് ഈ 'പക വീട്ടല്‍'. അന്ന് മുതല്‍ ആഡംബര ഹോട്ടലുകള്‍ അദ്ദേഹത്തിന്റെ ലക്ഷ്യമായി. എന്നാല്‍ പൊലീസ് പറയുന്നത് വേറൊരു കഥയാണ്. ചാള്‍സ് ശോഭരാജിനെപ്പോലുള്ള കുറ്റവാളികളുടെ കഥകള്‍ കേട്ട് വളര്‍ന്ന അദ്ദേഹം, ഇത്തരം തട്ടിപ്പുകളില്‍ ഒരുതരം ആനന്ദം കണ്ടെത്തുകയായിരുന്നു. തന്റെ പ്രായത്തെയും മാന്യമായ വേഷത്തെയും അദ്ദേഹം തട്ടിപ്പിനായി ഉപയോഗിച്ചു. പലതവണ അറസ്റ്റിലായെങ്കിലും കരഞ്ഞ് അഭിനയിച്ച് അദ്ദേഹം രക്ഷപ്പെടും. തനിക്ക് ധാരാളം ഭൂമിയുണ്ടെന്നും, ഗോവയിലെ ഒരു വൃദ്ധസദനത്തില്‍ വിശ്രമജീവിതം നയിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പൊലീസിനോട് കള്ളം പറയും.

ഒടുവില്‍ ഒരു ക്ലൈമാക്സ്

ആഡംബര യാത്ര തുടരവേയാണ് റായ്പൂരിലെ 63,755 രൂപയുടെ ബില്ല് നല്‍കാതെ കടന്നുകളഞ്ഞ ജോണിനെ ഒടുവില്‍ ഭുവനേശ്വറില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ആ യാത്രയ്ക്ക് ഒടുവില്‍ വിരാമമിട്ടു. ആഡംബര ഹോട്ടലുകളില്‍ നിന്ന് എപ്പോഴും ഒരു 'ചെക്ക് ഔട്ട്' ഉണ്ടാകുമെങ്കിലും വിന്‍സെന്റ് ജോണിന്റെ ജീവിതത്തിലെ ഈ അവസാന 'ചെക്ക് ഔട്ട്' അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

A 69-year-old man, identified as Vincent John from Tamil Nadu, has been arrested after allegedly spending nearly three decades staying in luxury hotels without paying the bills. According to police, he posed as an engineer, tourist guide or yoga instructor and earned the trust of hotel staff with his polite demeanor. His alleged trick involved leaving behind a bag filled with newspapers or pillows to create the impression that he would return, while quietly leaving the hotel without settling the bill. Investigators say he had been using this method for years before being caught in Bhubaneswar after allegedly skipping a 63,755 bill at a five-star hotel in Raipur. Authorities are now probing similar incidents linked to him across India.