2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം രാജ്യത്ത് മുസ്ലിം എംഎൽഎമാരുടെ എണ്ണം കുത്തനെ താഴോട്ടാണെന്ന് റിപ്പാേർട്ട്. 2013ൽ 339 ആയിരുന്ന മുസ്ലിം എംഎൽഎമാരുടെ എണ്ണം നിലവിൽ 282 ആയി കുറഞ്ഞിട്ടുണ്ട്. 57 എംഎൽഎമാരുടെ കുറവാണ് കഴിഞ്ഞ 12 വർഷത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്.
രാജ്യത്താകമാനമുള്ള സംഘ്പരിവാർ കടന്നുകയറ്റവും ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിച്ചെടുത്തതുമാണ് മുസ്ലിം പ്രാധിനിത്യം കുത്തനെ താഴേക്ക് പതിക്കാൻ ഇടയാക്കിയത്. ഇന്ത്യയിലാകെ ബിജെപിക്ക് രണ്ട് മുസ്ലീം എംഎൽഎമാർ മാത്രമാണുള്ളത്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ് മുസ്ലീം എംഎൽഎമാരുടെ എണ്ണത്തിൽ കൂടുതൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. യാേഗിക്കുമുമ്പ് 63 മുസ്ലിം എംഎൽഎമാരുണ്ടായിരുന്നത് പകുതിയോളം കുറഞ്ഞ് 31 ആയി. പശ്ചിമ ബംഗാൾ ബിജെപി പിടിച്ചെടുത്തതോടെ മുസ്ലിം സാമാജികരുടെ എണ്ണം 59ൽനിന്ന് 37 ആയി. ഏറ്റവും കൂടുതൽ മുസ്ലിം എംഎൽഎമാരുണ്ടായിരുന്ന ജമ്മു കശ്മീരിൽ 58ൽ നിന്ന് 51 ആയി മുസ്ലിം പ്രാധിനിത്യം കുറഞ്ഞിട്ടുണ്ട്. ബിഹാറിൽ 19ൽനിന്ന് 11 ആയും രാജസ്ഥാനിൽ 11ൽനിന്ന് ആറായും കുറഞ്ഞു.
മുസ്ലീം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് എംഎൽഎ പ്രാതിനിധ്യത്തിൽ വലിയ കുറവ് ദൃശ്യമാകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. പശ്ചിമ ബംഗാളിൽ 27 ശതമാനം മുസ്ലിം ജനസംഖ്യയുണ്ടെങ്കിലും എംഎൽഎമാരുടെ പങ്കാളിത്തം 12.6ശതമാനം മാത്രമാണ്. അസമിൽ ജനസംഖ്യയുടെ മൂന്നിലൊന്നും മുസ്ലം സമൂഹമാണെങ്കിൽ പ്രാതിനിധ്യം 17 ശതമാനം മാത്രമാണ്. ഉത്തർപ്രദേശിൽ 19 ശതമാനം മുസ്ലിംകളുണ്ടെങ്കിലും 8 ശതമാനത്തിൽ താഴെ മാത്രമാണ് മുസ്ലിം സാമാജികർ. ബിഹാറിൽ 17 ശതാമാനത്തിനടുത്താണ് മുസ്ലിംകൾ. നിമസസഭാ പ്രാതിനിധ്യം 4.5 ശതമാനം മാത്രം.
മഹാരാഷ്ട്രയിലും കർണാടകയിലും ജനസംഖ്യ 10 ശതമാനത്തിൽ കൂടുതലാണെങ്കിലും മുസ്ലീം എംഎൽഎമാരുടെ ശതമാനം 3-4 ശതാമാനം മാത്രമാണ്. കേരളത്തിലും മുസ്ലീം എംഎൽഎമാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 36 മുസ്ലിം എംഎൽഎമാരുണ്ടായിരുന്നത് 32 ആയി കുറഞ്ഞിട്ടുണ്ട്. കർണാടകയിൽ 11ൽനിന്ന് ഒൻപതിലേക്കും ഗുജറാത്തിൽ രണ്ട് എംഎൽഎമാരിൽ നിന്ന് ഒന്നിലുേക്കും മുസ്ലിം എംഎൽഎമാരുടെ എണ്ണം ചുരുങ്ങി.
അരുണാചൽ പ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ഛത്തീസ്ഗഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിലവിൽ മുസ്ലീം എംഎൽഎമാർ ആരുമില്ല. അതേസമയം തമിഴ്‌നാട്ടിൽ മുസ്ലീം എംഎൽഎമാരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. എട്ട് എൽഎമാരുണ്ടായിരുന്നത് ഒൻപതായി ഉയർത്താൻ തമിഴ്നാടിന് സാധിച്ചു.
മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ചെറിയ വർദ്ധനവ് രേഖപ്പെടുത്തി. രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിൽ നിലവിൽ കോൺഗ്രസ് 61 മുസ്ലിം എംഎൽഎമാരുണ്ട്. നാഷണൽ കോൺഫറൻസിന് 39 ഉം തൃണമൂൽ കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും 34 എംഎൽഎമാർ വീതവുമുണ്ട്. മണിപ്പൂരിൽ നിന്നുള്ള ആചാബ് ഉദ്ദിൻ, ത്രിപുരയിൽ നിന്നുള്ള തഫജ്ജൽ ഹൊസൈൻ എന്നിവരുമായി ബിജെപിക്ക് നിലവിൽ രണ്ട് മുസ്ലീം എംഎൽഎമാരാണുള്ളത്.
English Summary: The BJP’s rise to dominance in the country since 2014—reinforced by its recent electoral successes in West Bengal and Assam – has reshaped India’s political landscape, with one visible outcome being a sharp decline in Muslim representation in state assemblies. The number of Muslim MLAs has dropped from around 339 in 2013 to about 282 now.